കുട്ടികളിലും കൗമാരക്കാരിലും കാണുന്ന അമിത വണ്ണം നിയന്ത്രിക്കണം;

0
5

ഹൈദരാബാദ്: കുട്ടികളിലും കൗമാരക്കാരിലും വർധിച്ചുവരുന്ന അമിതവണ്ണത്തിന് പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടെ ആദ്യത്തെ ആഗോള മാർഗരേഖ പുറത്തിറക്കി ലോകാരോഗ്യ സംഘടന. സമയബന്ധിതവും ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതും വ്യക്തികേന്ദ്രീകൃതവുമായ പരിചരണം ആളുകൾക്ക് നൽകാൻ ആരോഗ്യ സംവിധാനങ്ങളേയും ആരോഗ്യ പ്രവർത്തകരേയും പിന്തുണയ്‌ക്കുകയാണ് ലക്ഷ്യം.

2024ൽ അഞ്ച് മുതൽ 19 വയസ് വരെ പ്രായമുള്ള 170 ദശലക്ഷം കുട്ടികളും കൗമാരക്കാരും അമിതവണ്ണമുള്ളവരാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്‌താവനയിൽ പറയുന്നത്. ഇതിൽ അഞ്ച് മുതൽ ഒമ്പത് വയസ് വരെ പ്രായമുള്ള 70 ദശലക്ഷം കുട്ടികളും 10 മുതൽ19 വയസ് വരെ പ്രായമുള്ള 100 ദശലക്ഷം കൗമാരക്കാരും ഉൾപ്പെടുന്നു. 1990 മുതൽ ഈ വിഭാഗത്തിലെ അമിതവണ്ണം ബാധിച്ച കുട്ടികളുടെ നിരക്ക് രണ്ട് ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി ഉയർന്നതായി കാണാം, അതായത് നാല് മടങ്ങ് വർധിച്ചു.

ഫലപ്രദമായ പരിചരണത്തിലൂടെ നിയന്ത്രിക്കാവുന്ന, ദീർഘകാലം നീണ്ടുനിൽക്കുന്നതും ഇടയ്ക്കിടെ തിരിച്ചുവരാൻ സാധ്യതയുള്ളതുമായ ഒരു രോഗമാണ് അമിതവണ്ണമെന്ന് സംഘടന വ്യക്തമാക്കുന്നു. കുട്ടിക്കാലത്തുതന്നെ ഇതിൻ്റെ പ്രത്യാഘാതങ്ങൾ കണ്ടുതുടങ്ങാമെന്നും ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പകർച്ചവ്യാധിയല്ലാത്ത രോഗങ്ങൾ (non-communicable diseases) ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

അമിതവണ്ണമുള്ള കുട്ടികളും കൗമാരക്കാരും സാമൂഹികമായ അവഗണന, വിവേചനം, പരിഹാസം അല്ലെങ്കിൽ ഉപദ്രവം എന്നിവയ്ക്ക് ഇരയാകാൻ സാധ്യതയുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെയും കൗമാരക്കാരുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനും അവരുടെ ആരോഗ്യകരമായ വളർച്ച, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, ജീവിതനിലവാരം എന്നിവ ഉറപ്പാക്കണമെന്നും അമിതവണ്ണം തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

അമിതവണ്ണമുള്ള കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടി ചിട്ടയായ ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ, പെരുമാറ്റത്തിൽ മാറ്റം വരുത്തുന്നതിനുള്ള ഇടപെടലുകൾ എന്നിവ നടത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന ശക്തമായി ശുപാർശ ചെയ്യുന്നു. ഇവ വ്യക്തിഗതമായോ അല്ലെങ്കിൽ വിവിധ രീതികൾ ഉൾക്കൊള്ളുന്ന സമഗ്രമായ പരിപാടിയുടെ ഭാഗമായോ നടപ്പിലാക്കാവുന്നതാണ്. മാതാപിതാക്കളുടെയോ പരിചരിക്കുന്നവരുടെയോ മേൽനോട്ടത്തിൽ ഡിജിറ്റൽ ആരോഗ്യ ഇടപെടലുകൾ നടത്തുന്നതും ഉപാധികളോടെ ശുപാർശ ചെയ്യുന്നുണ്ട്.

“ഒമ്പത് വയസുവരെയുള്ള കുട്ടികൾക്ക് മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ, ബാരിയാട്രിക് സർജറി (വയറിലോ ദഹനവ്യവസ്ഥയിലോ മാറ്റം വരുത്തി ഭാരം കുറയ്ക്കുന്ന ശസ്ത്രക്രിയ), അല്ലെങ്കിൽ ഭാരം കുറയ്ക്കാനുള്ള ഉപകരണങ്ങൾ എന്നിവ ശുപാർശ ചെയ്യുന്നില്ലെന്ന്” സംഘടന വ്യക്തമാക്കി. മേൽനോട്ടത്തിലുള്ളതും വിവിധ ഘടകങ്ങൾ ഉൾക്കൊള്ളുന്നതുമായ ജീവിതശൈലീ പരിപാടിയിലൂടെ ഉദ്ദേശിച്ച ഫലം ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമേ 10 മുതൽ 19 വയസുവരെയുള്ള കൗമാരക്കാരിൽ, അംഗീകൃത മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ പരിഗണിക്കാവൂ എന്ന് ആഗോള സംഘടന വ്യക്തമാക്കി.

കർശനമായ വ്യവസ്ഥകൾക്ക് വിധേയമായി തീവ്രമായ അമിതവണ്ണമുള്ള കൗമാരക്കാരിൽ ബാരിയാട്രിക് സർജറി (bariatric surgery) പരിഗണിക്കാമെന്നും സംഘടന കൂട്ടിച്ചേർത്തു. കുട്ടികൾക്കും കൗമാരക്കാർക്കും ബാധിച്ച അമിതവണ്ണത്തിനുള്ള ചികിത്സയുടെ അടിസ്ഥാനം മരുന്നോ ശസ്ത്രക്രിയയോ അല്ലെന്നും മറിച്ച് ആരോഗ്യകരമായ ഭക്ഷണം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ അവരെ മെച്ചപ്പെടുത്തിയെടുക്കുകയാണ് വേണ്ടതെന്നും അതിനുവേണ്ടി അവരെ പിന്തുണയ്‌ക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ (WHO) ന്യൂട്രീഷൻ ആൻഡ് ഫുഡ് സേഫ്റ്റി വിഭാഗം ഡയറക്ടർ ഡോ. ലൂസ് മരിയ ഡി റെജിൽ പറഞ്ഞു.

“ഓരോ കുട്ടിക്കും കൗമാരക്കാരനും ചെറുപ്പം മുതലേ ഗുണനിലവാരമുള്ള പരിചരണവും പിന്തുണയും നൽകുന്ന സാഹചര്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുക എന്നതാണ് നമ്മുടെ മുൻഗണന. ഇത് ആരോഗ്യകരമായ ഭാരം കൈവരിക്കാനും നിലനിർത്താനും അവരെ സഹായിക്കുകയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആരോഗ്യത്തിനും ക്ഷേമത്തിനും അടിത്തറയിടുകയും ചെയ്യും” അവർ പറഞ്ഞു. ഈ മാർഗനിർദ്ദേശങ്ങളുടെ പ്രധാന ലക്ഷ്യം ഇതല്ലെങ്കിലും അമിതവണ്ണത്തിനൊപ്പം മാനസികാരോഗ്യ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംഘടന ഊന്നിപ്പറയുന്നു.

“ഉത്കണ്ഠ, വിഷാദം, ആത്മവിശ്വാസക്കുറവ്, വികാരങ്ങളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും ശാരീരിക നിഷ്ക്രിയത്വത്തിനും സാമൂഹികമായ ഒറ്റപ്പെടലിനും കാരണമായേക്കാം. കൂടാതെ, അമിതവണ്ണമുള്ള കുട്ടികളും കൗമാരക്കാരും അവഹേളനവും പരിഹാസവും നേരിടേണ്ടി വന്നേക്കാം, ഇത് അവരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും. ആരോഗ്യപ്രവർത്തകർ എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രായത്തിനനുസൃതമായതും കുടുംബത്തെ പങ്കാളികളാക്കുന്നതുമായ രീതികൾ ഉപയോഗിച്ച് അമിതവണ്ണത്തെയും മാനസികാരോഗ്യ പ്രശ്‌നങ്ങളെയും ഒരേസമയം അഭിസംബോധന ചെയ്യണം” ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അമിതവണ്ണത്തിൻ്റെ ചികിത്സ എന്നത് കേവലം ശരീരഭാരം കുറയ്ക്കുന്നതിൽ മാത്രം ഒതുങ്ങാതെ ആരോഗ്യം, ശാരീരിക പ്രവർത്തനക്ഷമത, ക്ഷേമം എന്നിവ മെച്ചപ്പെടുത്തുന്നതിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. പരിചരണം വ്യക്തികേന്ദ്രീകൃതവും പ്രായത്തിനനുസൃതവും ഓരോ കുട്ടിയുടെയും കുടുംബത്തിൻ്റേയും ആവശ്യങ്ങൾക്കനുസൃതവുമായിരിക്കണം; ഒപ്പം ദീർഘകാലാടിസ്ഥാനത്തിലുള്ള തുടർനടപടികളും ചികിത്സയുടെ തുടർച്ചയും ഉറപ്പാക്കുകയും വേണം.

ചികിത്സ കൊണ്ട് മാത്രം അമിതവണ്ണം തടയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരിക പ്രവർത്തനങ്ങളും ഉൾപ്പടുന്ന പരിപാടികൾ നടത്തണമെന്നും സംഘടന ആഹ്വാനം ചെയ്യുന്നു. ഇതിൽ നിയന്ത്രണ-സാമ്പത്തിക നടപടികളും വിദ്യാഭ്യാസം, നഗരാസൂത്രണം, ഗതാഗതം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിലെ ഇടപെടലുകളും ഉൾപ്പെടുന്നു.

മുതിർന്നവർക്കായുള്ള ലോകാരോഗ്യ സംഘടനയുടെ നിലവിലുള്ള ശുപാർശകൾക്കൊപ്പം ഈ പുതിയ മാർഗനിർദ്ദേശങ്ങളും ജീവിതകാലം മുഴുവൻ നീളുന്ന അമിതവണ്ണ ചികിത്സയിടെ ഭാഗമാകുന്നു. “അമിതവണ്ണം തടയുന്നതിനുള്ള ‘ഡബ്ല്യു.എച്ച്.ഒ. ആക്‌സിലറേഷൻ പ്ലാൻ’ ഉൾപ്പെടെ, ആഗോളതലത്തിൽ പടർന്നുപിടിക്കുന്ന അമിതവണ്ണമെന്ന പ്രശ്‌നത്തെ നേരിടാൻ ലോകാരോഗ്യ സംഘടന (WHO) ആവിഷ്‌കരിച്ച വിപുലമായ നടപടികളുടെ ഭാഗമാണ് ഈ മാർഗനിർദ്ദേശങ്ങൾ” എന്ന് സംഘടന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here