കൂട്ടുകാരുടെ മുന്നിൽ ആളാകാൻ വേണ്ടി ഒറ്റവലിക്ക് അവൻ കുടിച്ചുതീർത്തത് സ്വന്തം ജീവനായിരുന്നു. എനർജി ഡ്രിങ്കുകൾ കുട്ടികളുടെ ജീവനെടുക്കുന്ന കൊലയാളികളായി മാറുന്നുവെന്ന ഞെട്ടിക്കുന്ന യാഥാർഥ്യമാണ് അമേരിക്കയിലെ സൗത്ത് കരോലിനയിൽ നിന്നുള്ള ഡേവിസ് എന്ന പതിനാറുകാരൻ്റെ മരണം ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നത്. എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗത്തിനെതിരെ ഡോക്ടർമാരും ആരോഗ്യവിദഗ്ധരും ഇപ്പോൾ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഡേവിസിൻ്റെ മാതാപിതാക്കളായ ഷോൺ ക്രിപ്പും ഹെയ്‌ഡി ക്രിപ്പും ആ ദുരന്തദിവസം ഇന്നും നടുക്കത്തോടെയാണ് ഓർക്കുന്നത്. സ്കൂളിൽ നിന്ന് വന്ന ഫോൺ കോളിലൂടെയാണ് മകനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച വിവരം അവർ അറിയുന്നത്. കൂട്ടുകാരുടെ മുന്നിൽ കേമനാകാൻ വേണ്ടിയാണ് ഡേവിസ് എനർജി ഡ്രിങ്ക് ഒറ്റവലിക്ക് കുടിച്ചുതീർത്തതെന്ന് പിതാവ് ഷോൺ പറയുന്നു. ഇതിന് പിന്നാലെ ഹൃദയമിടിപ്പ് നിലച്ച് അവൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. 2017ൽ നടന്ന ഈ സംഭവം എനർജി ഡ്രിങ്കുകളുടെ അപകടസാധ്യതകളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിവച്ചത്.
അപകടക്കെണിയായി എനർജി ഡ്രിങ്കുകൾ
കുട്ടികളിലെ എനർജി ഡ്രിങ്ക് ഉപയോഗം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് രാജ്യത്തുടനീളമുള്ള ഡോക്ടർമാർ വർഷങ്ങളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ഹൃദയമിടിപ്പ് അസാധാരണമാക്കുക, ഉറക്കമില്ലായ്മ, നിർജലീകരണം, ഉയർന്ന രക്തസമ്മർദം, അപസ്മാരം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘടനകൾ കുട്ടികളും കൗമാരക്കാരും എനർജി ഡ്രിങ്കുകൾ പൂർണമായും ഒഴിവാക്കണമെന്ന് നിർദേശിക്കുന്നു. എന്നാൽ മിഷിഗൺ സർവകലാശാലയുടെ പുതിയ പഠന റിപ്പോർട്ട് പ്രകാരം പന്ത്രണ്ടാം ക്ലാസിലെ 23 ശതമാനം വിദ്യാർഥികളും പത്താം ക്ലാസിലെ 20 ശതമാനവും എട്ടാം ക്ലാസിലെ 18 ശതമാനവും ദിവസവും എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നവരാണ്.
കഫീൻ്റെ അളവും ആരോഗ്യപ്രശ്നങ്ങളും
ഓരോ ഉത്പന്നത്തിനും അനുസരിച്ച് 80 മുതൽ 300 മില്ലിഗ്രാം വരെ കഫീൻ എനർജി ഡ്രിങ്കുകളിൽ അടങ്ങിയിട്ടുണ്ട്. സാധാരണ ഒരു കാപ്പിയിൽ 80 മുതൽ 100 മില്ലിഗ്രാം വരെയും സോഡയിൽ 50 മില്ലിഗ്രാമിൽ താഴെയുമാണ് കഫീൻ ഉള്ളത്. 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾ പ്രതിദിനം 100 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗിക്കരുതെന്നാണ് പീഡിയാട്രിക്സ് അക്കാദമിയുടെ നിർദേശം. ചെറിയ കുട്ടികൾ ഇത് പൂർണമായും ഒഴിവാക്കണം. കഫീനും മറ്റ് ഉത്തേജക മരുന്നുകളും ഹൃദയമിടിപ്പും നാഡീവ്യൂഹത്തിൻ്റെ പ്രവർത്തനവും വേഗത്തിലാക്കുമെന്ന് ഇന്ത്യാനയിലെ ശിശുരോഗ വിദഗ്ധയായ ഡോ. താമര ഹാനൻ വ്യക്തമാക്കുന്നു. മിക്സിയുടെ മോട്ടോർ അമിതമായി ചൂടാകുന്നതുപോലെയാണ് ശരീരത്തിൽ ഉത്തേജകങ്ങൾ പ്രവർത്തിക്കുന്നതെന്നും ഇത് ഹൃദയത്തിൻ്റെ പ്രവർത്തനത്തെ താറുമാറാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ കഫീൻ കുട്ടികളുടെ വളർച്ചയെ മുരടിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഫീൻ കലർത്തുന്നത് അപകടകരം
ഉയർന്ന രക്തസമ്മർദം പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ വലിയ ഭീഷണിയാണ്. പൂർണ ആരോഗ്യവാന്മാരായ കുട്ടികളിൽ പോലും അമിതമായ ഉത്തേജകങ്ങൾ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. പലതരം കഫീൻ പാനീയങ്ങൾ ഒരുമിച്ച് കഴിക്കുന്നതും അപകടമാണ്. ഡേവിസിൻ്റെ കാര്യത്തിലും സംഭവിച്ചത് ഇതാണ്. മരണത്തിന് മുൻപ് അവന് യാതൊരുവിധ ഹൃദ്രോഗങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ അന്ന് രാവിലെ അവൻ മൗണ്ടൻ ഡ്യൂവും മക്ഡൊണാൾഡ്സിൽ നിന്നുള്ള ലാറ്റെയും കുടിച്ചിരുന്നു. ഇതിന് പിന്നാലെ എനർജി ഡ്രിങ്ക് കൂടി കുടിച്ചതോടെയാണ് ഹൃദയമിടിപ്പിൽ വ്യതിയാനം സംഭവിച്ചത്. എനർജി ഡ്രിങ്കുകൾ ആരോഗ്യത്തിന് നല്ലതല്ലെന്ന് മകനെ ഉപദേശിച്ചിരുന്നെങ്കിലും അത് ജീവനെടുക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പിതാവ് ഷോൺ പറയുന്നു.
സ്പോൺസർഷിപ്പുകൾക്കെതിരെ ഡോക്ടർമാർ
ബിഗ് 12 കോൺഫറൻസ് കോളജ് അത്‌ലറ്റിക് ഓർഗനൈസേഷനും മോൺസ്റ്റർ എനർജിയും തമ്മിലുള്ള പുതിയ സ്പോൺസർഷിപ്പ് കരാറിനെതിരെ ഡോക്ടർമാരുടെ കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്. ഡേവിസ് ഉൾപ്പെടെ മൂന്ന് കുട്ടികളുടെ മരണത്തെത്തുടർന്ന് ഈ കരാർ മരവിപ്പിക്കണമെന്നും യുവാക്കൾക്കിടയിലെ എനർജി ഡ്രിങ്ക് വിപണനം പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുട്ടികൾ ആരാധിക്കുന്ന കായികതാരങ്ങളും സർവകലാശാലകളും ഇത്തരം പാനീയങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഐഡഹോയിലെ കാർഡിയോളജിസ്റ്റ് ഡോ. മാത്യു നെൽസൺ പറഞ്ഞു. ഇത് സ്പോർട്സ് ഡ്രിങ്കുകളാണെന്ന് കുട്ടികൾ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.
കമ്പനികളുടെ വിശദീകരണവും പ്രതിരോധവും
കുട്ടികൾക്കും ഗർഭിണികൾക്കും കഫീൻ അലർജിയുള്ളവർക്കും എനർജി ഡ്രിങ്കുകൾ അനുയോജ്യമല്ലെന്ന് ലേബലുകളിൽ വ്യക്തമാക്കാറുണ്ടെന്ന് അമേരിക്കൻ ബെവറേജ് അസോസിയേഷൻ അറിയിച്ചു. സ്കൂളുകളിൽ ഇവ വിൽക്കാറില്ലെന്നും അവർ വ്യക്തമാക്കി. ലോകമെമ്പാടും 30 വർഷമായി സുരക്ഷിതമായി ഉപയോഗിക്കുന്നതാണ് തങ്ങളുടെ ഉത്പന്നങ്ങളെന്നാണ് മോൺസ്റ്റർ എനർജിയുടെ വിശദീകരണം.
കോളജ് കായികമേഖലയിൽ എനർജി ഡ്രിങ്കുകൾ പുതിയ കാര്യമല്ലെന്ന് ബിഗ് 12 കോൺഫറൻസും പ്രതികരിച്ചു. അതേസമയം, സ്പോൺസർഷിപ്പ് കരാറുകളിൽ ഇടപെടാൻ അധികാരമില്ലെന്നും എന്നാൽ വിദ്യാർഥികൾക്ക് ആവശ്യമായ ബോധവത്കരണം നൽകുന്നുണ്ടെന്നും എൻസിഎഎ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഡീന കാസിറോ വ്യക്തമാക്കി. എനർജി ഡ്രിങ്കുകളും സ്പോർട്സ് ഡ്രിങ്കുകളും തമ്മിലുള്ള വ്യത്യാസം കുട്ടികളെ പഠിപ്പിക്കണമെന്ന് യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസിപി) നിർദേശിക്കുന്നു. കുട്ടികളുടെ മുന്നിൽ വച്ച് ഇത്തരം പാനീയങ്ങൾ കുടിക്കാതിരിക്കാൻ മുതിർന്നവരും ശ്രദ്ധിക്കണം. തങ്ങളുടെ ദുരന്തം പാഠമുൾക്കൊണ്ട് മറ്റ് മാതാപിതാക്കൾ കുട്ടികളെ ബോധവത്കരിക്കണമെന്നാണ് ഡേവിസിൻ്റെ പിതാവ് ഷോൺ ക്രിപ്പിൻ്റെ അഭ്യർഥന.







