പാകിസ്താനിലെ മുസ്‌ലിംകളോട് ഇന്ത്യക്കാർക്കുള്ള സമീപനത്തെ ചോദ്യം ചെയ്ത് മിക സിങ്.

0
7

പാകിസ്താനിലെ മുസ്‌ലിംകളോട് ഇന്ത്യക്കാർക്കുള്ള സമീപനത്തെ ചോദ്യം ചെയ്ത് പ്രമുഖ ബോളിവുഡ് ഗായകനും റാപ്പറുമായ മിക സിങ്. ദുബൈയിലുള്ള മുസ്‌ലിംകളെ മികച്ചവരായി കാണുകയും പാകിസ്താനിലെ മുസ്‌ലിംകളെ സംശയത്തോടെയും വെറുപ്പോടെയും വീക്ഷിക്കുകയും ചെയ്യുന്നതിന്റെ ചേതോവികാരം തനിക്ക് ഇനിയും മനസിലായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനിലുള്ളവരെല്ലാം മോശക്കാരല്ലെന്നും അവിടെയുള്ള ഗുരുദ്വാരകൾ പരിപാലിക്കാൻ മുസ്‌ലിംകൾ നൽകുന്ന പിന്തുണ നേരിൽ കണ്ടിട്ടുണ്ടെന്നും താരം തുറന്നുപറഞ്ഞു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് മിക സിങ്ങിന്റെ തുറന്നുപറച്ചിൽ.

സിഖ് മതസ്ഥരെ സംബന്ധിച്ച് പാകിസ്താനിലെ തീർഥാടന കേന്ദ്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മിക സിങ് ഓർമിപ്പിച്ചു. നങ്കണ സാഹിബ്, പഞ്ചാ സാഹിബ് തുടങ്ങി മൂന്ന് പ്രധാന ഗുരുദ്വാരകൾ അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. അവിടേക്ക് യാത്ര ചെയ്യാൻ അവസരം ലഭിച്ചപ്പോൾ പ്രതിഫലത്തേക്കാൾ ഉപരി ഗുരുവിന്റെ സന്നിധിയിലേക്ക് എത്താൻ കഴിയുന്ന പുണ്യമായാണ് താൻ അതിനെ കണ്ടത്. ഗുരുദ്വാരകളിൽ ശുചീകരണത്തിനും മറ്റു സേവനങ്ങൾക്കും അവിടുത്തെ മുസ്‌ലിം സഹോദരങ്ങൾ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. അങ്ങനെയുള്ള ജനങ്ങളെ നാം എങ്ങനെയാണ് മോശക്കാരായി കാണുകയെന്ന് അദ്ദേഹം ചോദിച്ചു. പാകിസ്താനിലെ മുസ്‌ലിംകൾ നമുക്ക് മോശക്കാരാകുകയും ദുബൈയിലെ മുസ്‌ലിംകൾ മികച്ചവരായി തോന്നുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് എന്തുകൊണ്ടാണെന്ന് തനിക്ക് ഇന്നും വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്താനിൽനിന്നുള്ള ഗായകർ ബോളിവുഡിൽ പാടുന്നതിനോ ഇന്ത്യൻ കലാകാരന്മാർ അവിടെ പോയി അവതരിപ്പിക്കുന്നതിനോ താൻ എതിരല്ലെന്ന് മിക സിങ് വ്യക്തമാക്കി. കലാകാരന്മാർ അതിർത്തികൾക്കപ്പുറത്തേക്ക് ക്ഷണിക്കപ്പെടുമ്പോൾ അവർക്ക് അർഹമായ ആദരവാണ് ലഭിക്കുന്നത്. മുൻപ് നടന്ന ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെയും അദ്ദേഹം പരാമർശിച്ചു. ആരും ഒളിച്ചോടി പോയതല്ലെന്നും ഔദ്യോഗിക വിസയെടുത്ത് വിമാനത്തിൽ പരസ്യമായി സഞ്ചരിച്ചാണ് അന്ന് അവിടെ പോയതെന്നും താരം വ്യക്തമാക്കി. ഒരു കലാകാരന് പാകിസ്താനിൽ ലഭിക്കുന്ന സ്‌നേഹത്തെയും ആദരവിനെയും രാഷ്ട്രീയ കണ്ണടയിലൂടെ മാത്രം നോക്കിക്കാണേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

2019 ഓഗസ്റ്റിൽ പാകിസ്താനിലെ കറാച്ചിയിൽ മുൻ പ്രസിഡന്റ് പർവേസ് മുശർറഫിന്റെ ബന്ധുവിന്റെ വിവാഹ വിരുന്നിൽ പാടിയതിനെ തുടർന്ന് മിക സിങ്ങിനെതിരെ ഇന്ത്യയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത നയതന്ത്ര സംഘർഷം നിലനിന്നിരുന്ന സമയമായിരുന്നു അത്. തുടർന്ന് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷനും പശ്ചിമേന്ത്യൻ സിനിമാ പ്രവർത്തകരുടെ ഫെഡറേഷനും താരത്തെ ഇന്ത്യൻ സിനിമ മേഖലയിൽനിന്ന് വിലക്കുകയും ചെയ്തിരുന്നു. പിന്നീട് താരം പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെയാണ് വിലക്ക് നീക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here