ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്ന് (ഒക്ടോബർ 8) വ്യാഴാഴ്ച രാജ്യവ്യാപകമായി ‘കരിദിനം’ ആചരിക്കാനും ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്താനും കോൺഗ്രസ് ആഹ്വാനം ചെയ്തു. ഗ്യാനേഷ് കുമാറിൻ്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ സമാധാനപരമായി മാർച്ച് ചെയ്ത ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളെ ഡൽഹി പൊലീസ് ക്രൂരമായി കൈയേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് ഈ അടിയന്തര നീക്കം.
“പ്രതിപക്ഷ നേതാക്കൾക്ക് നേരെ നടന്നത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ്, ഇത് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കറുത്ത ദിനമാണ്,” എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പ്രതിഷേധാഗ്നിയിലേക്ക് നയിച്ച ഡൽഹിയിലെ നാടകീയ സംഭവങ്ങൾ
ഇലക്ഷൻ കമ്മീഷൻ്റെ ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ നടപടികളിലെ ക്രമക്കേടുകൾക്കെതിരെയും, വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്ന വോട്ട് മോഷണത്തിനെതിരെയും പാർലമെൻ്റിൽ നിന്നും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുകയായിരുന്നു ഇന്ത്യാ സഖ്യ നേതാക്കൾ. എന്നാൽ ട്രാൻസ്പോർട്ട് ഭവന് സമീപം വൻ പൊലീസ് സന്നാഹം മാർച്ച് തടഞ്ഞു.
തുടർന്നുണ്ടായ തള്ളിക്കയറ്റത്തിനിടയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരെ പൊലീസ് ബലമായി കൈയേറ്റം ചെയ്യുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തതായി കോൺഗ്രസ് ആരോപിക്കുന്നു. പൊലീസുകാർ തന്നെ നിലത്തുതള്ളിയിട്ടതായും വനിതാ പൊലീസുകാർ പോറലുകളേൽപ്പിച്ചതായും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. മണിക്കൂറുകളോളം കസ്റ്റഡിയിൽ വെച്ച ശേഷമാണ് നേതാക്കളെ വിട്ടയച്ചത്.
ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉപയോഗിച്ച് സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികളെയും പ്രതിപക്ഷ നേതാക്കളെയും ഇത്തരത്തിൽ തെരുവിൽ നേരിട്ടത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കെസി വേണു ഗോപാല്‍ ആരോപിച്ചു. ഈ ക്രൂരമായ ആക്രമണം യഥാർത്ഥത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവിന് നേരെയോ എം.പിമാർക്ക് നേരെയോ ഉള്ളത് മാത്രമല്ല, ഇത് രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് നേരെ തന്നെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാൽ ഈ ദിവസത്തെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ‘കറുത്ത ദിനം’ ആയി കോൺഗ്രസ് പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർത്ത ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ തൻ്റെ സ്ഥാനം അടിയന്തരമായി രാജിവെക്കുന്നത് വരെയും, ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നത് വരെയും കോൺഗ്രസിൻ്റെയും ഇന്ത്യാ സഖ്യത്തിൻ്റെയും ഈ പോരാട്ടം ഒന്നിന് മുന്നിലും പതറാതെ തുടരുമെന്നും വാർത്താക്കുറിപ്പിൽ കെ.സി. വേണുഗോപാൽ ഉറപ്പിച്ചു പറഞ്ഞു.
ഒക്ടോബർ 8-ന് രാജ്യം സ്തംഭിക്കുന്ന പ്രതിഷേധം; കോൺഗ്രസിൻ്റെ പ്ലാൻ ഇങ്ങനെ..
ഡൽഹിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.സി.സി നൽകിയ നിർദേശപ്രകാരം ഒക്ടോബർ 8-ന് രാജ്യത്തിൻ്റെ എല്ലാ കോണുകളിലും പ്രതിഷേധം ഇരമ്പും. സംസ്ഥാന (PCC), ജില്ലാ (DCC), ബ്ലോക്ക്/മണ്ഡലം (BCC) തലങ്ങളിൽ വൻതോതിലുള്ള പ്രതിഷേധ റാലികൾ നടക്കും. ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടി കറുത്ത ബാഡ്‌ജുകൾ ധരിച്ചും കരിങ്കൊടികൾ ഏന്തിയുമായിരിക്കും പ്രവർത്തകർ തെരുവിലിറങ്ങുക. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത തകർത്ത ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ സമരം തുടരുക.
“അവർ ഭരണഘടനയെയാണ് ആക്രമിച്ചത്; പലിശയടക്കം തിരിച്ചുനൽകും”, രാഹുൽ ഗാന്ധി
പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിതനായ ശേഷം കടുത്ത ഭാഷയിലാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, സി.ഇ.സി ഗ്യാനേഷ് കുമാർ എന്നിവർ ജനങ്ങളുടെ ശബ്ദത്തെയും രാജ്യത്തിൻ്റെ ഭരണഘടനയെയും ആണ് ആക്രമിച്ചതെന്നും ഇതിന് അവർ തെരുവിൽ മറുപടി നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ഇലക്ഷൻ കമ്മീഷൻ്റെ നടപടികളെ പ്രതിരോധിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷം ഡൽഹിയിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ് ഭരണപക്ഷത്തിൻ്റെ ആരോപണം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പ് രാജ്യത്തെ വോട്ടർപട്ടികയെയും ജനാധിപത്യ മൂല്യങ്ങളെയും മുൻനിർത്തി പ്രതിപക്ഷം പ്രഖ്യാപിച്ച ഈ പാൻ-ഇന്ത്യൻ പ്രതിഷേധം കേന്ദ്ര സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്.








