വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന; മലപ്പുറത്ത് കോളജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

0
3

മലപ്പുറം: നിലമ്പൂരിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ വിൽപന നടത്തിയ കേസിൽ കോളജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. മമ്പാട് എംഇഎസ് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ (31), എടവണ്ണ സ്വദേശി ടി.എൻ റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ (36), സുബ്രഹ്മണ്യൻ (38) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. നിലമ്പൂർ സബ് ഇൻസ്പെക്ടർ കെ.എം അർഷിദിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലഹരി മാഫിയയെ വലയിലാക്കിയത്.

ലഹരിമരുന്ന് പിടികൂടിയത് ഇങ്ങനെ
പ്രതികളിലൊരാളായ സുബ്രഹ്മണ്യൻ്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ചായിരുന്നു ലഹരിക്കച്ചവടം നടന്നിരുന്നത്. ഇവിടെ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും ആദ്യം പിടിച്ചെടുത്തത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരി ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിൽ അധ്യാപകനായ സുഹൈൽ മറ്റ് പ്രതികളായ വിവേകിനും റീനയ്ക്കും സ്ഥിരമായി എംഡിഎംഎ എത്തിച്ചു നൽകുന്നതായി പൊലീസ് കണ്ടെത്തി. ഇതിനുപിന്നാലെ റീനയുടെ വീടിനു സമീപത്തെ മതിലിൽ ഇടിച്ച നിലയിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൂടുതൽ എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.

വിദ്യാർഥികൾക്കും ലഹരി വിറ്റു
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ലഹരി വ്യാപാരത്തിൽ അധ്യാപകൻ്റെ പങ്ക് വ്യക്തമായത്. സുഹൈൽ മറ്റ് പ്രതികളുമായി ചേർന്ന് വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വർഷമായി മമ്പാട് കോളജിൽ അധ്യാപകനായി ജോലി ചെയ്തുവരികയാണ് ഇയാൾ. കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്തവിതരണക്കാരിൽനിന്നാണ് സംഘം ലഹരിവസ്തുക്കൾ വാങ്ങിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. താൻ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും അധ്യാപകൻ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

അധ്യാപകൻ തൻ്റെ കോളജിലെ വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിൽപന നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്ക് എംഡിഎംഎ എത്തിച്ചു നൽകിയ മൊത്തവിതരണക്കാരെ കണ്ടെത്താനും പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും അടുത്തിടെയായി ലഹരി ഉപയോഗം വർധിച്ചുവരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ലഹരി ഇടപാടിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here