യുക്രെയ്‌നിന് മേല്‍ റഷ്യയുടെ തീമഴ, മിസൈലുകളും ഡ്രോണുകളും തൊടുത്തു;

0
39

കീവ്: യുക്രെയ്‌നിൽ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. യുക്രെയ്‌നിൻ്റെ പടിഞ്ഞാറൻ നഗരമായ ടെർനോപിലിലാണ് ആക്രമണം നടന്നത്. യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലൻസ്‌കി തുർക്കി പ്രസിഡൻ്റുമായി കൂടിക്കാഴ്‌ച നടത്താൻ പോയപ്പോഴാണ് സംഭവം.

ആക്രമണങ്ങളെ തുടർന്ന് പ്രദേശത്തെ കെട്ടിടങ്ങള്‍ തകർന്നു. രാത്രിയിലാണ് ആക്രമണം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ അഞ്ച് മുതൽ 16 വയസു വരെയുള്ള കുട്ടികളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുറഞ്ഞത് 73 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അതിൽ 15 കുട്ടികളും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു.

കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ എത്ര പേർ കുടുങ്ങി കിടപ്പുണ്ടെന്ന് അറിയില്ലെന്നും തെരച്ചിൽ രണ്ട് ദിവസം കൂടി നീളുമെന്നും ഇഹോർ ക്ലൈമെൻകോ വ്യക്തമാക്കി. 476 സ്ട്രൈക്ക്, ഡെക്കോയ് ഡ്രോണുകളും 48 വിവിധ തരം മിസൈലുകളും പ്രയോഗിച്ചതായി യുക്രെയ്‌ൻ വ്യോമസേന അറിയിച്ചു. അതേസമയം, എഫ് -16, മിറേജ് -2000 ജെറ്റുകൾ കുറഞ്ഞത് 10 ക്രൂയിസ് മിസൈലുകളെങ്കിലും തകർത്തതായി വ്യോമസേന പറഞ്ഞു.

ആക്രമണം റഷ്യ സ്വയം നിർത്തില്ല. യുക്രെയ്‌നിലെ സാധാരണക്കാരുടെ ജീവൻ നശിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും സെലൻസ്‌കി എക്‌സിൽ കുറിച്ചു. എല്ലാ ജീവനും പ്രധാനമാണ്. എല്ലാ ജീവനും സംരക്ഷിക്കപ്പെടണം. തങ്ങളെ സഹായിക്കാനും, നീതിയുക്തമായ സമാധാനം പുനഃസ്ഥാപിക്കണമെന്നും അധികാരികളോട് ആവശ്യപ്പെട്ടതായും സെലൻസ്‌കി കൂട്ടിച്ചേർത്തു.

തുർക്കി പ്രസിഡൻ്റുമായി കൂടിക്കാഴ്‌ച നടത്തി

തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗനുമായി യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലൻസ്‌കി കൂടിക്കാഴ്‌ച നടത്തി. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനും അദ്ദേഹത്തിന് മേൽ കൂടുതൽ അന്താരാഷ്ട്ര സമ്മർദം ചെലുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്‌ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം യുഎസ് സമ്മർദം ഉണ്ടായിരുന്നിട്ടും, പുടിൻ ഇതുവരെ വിട്ടുവീഴ്‌ചകൾക്ക് തയ്യാറായിട്ടില്ല.

സമാധാന ചർച്ചയാണ് ഇരു നേതാക്കളും നടത്തിയത്. യുഎസ് പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫ് തുർക്കിയിൽ സെലെൻസ്‌കിയോടൊപ്പം ചേരുമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം വന്നില്ല. സമാധാന ചർച്ചകളിൽ സഹായിക്കുന്നതിനായി യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോളും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും യുക്രെയ്‌നിലുണ്ടെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രിസ്കോൾ ഈ ആഴ്‌ച സെലെൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here