തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിങ്ങിന്റെ അവസാന തീയതിയിലേക്ക് ഇനി ദിവസങ്ങൾ മാത്രം. 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയാണ് ഇത് നടക്കുന്നത്. നിശ്ചിത സമയത്തിനകം മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് തുടർന്നുള്ള പെൻഷൻ തുക ലഭിക്കില്ല. സംസ്ഥാന സർക്കാർ മാറിയ ശേഷം നടക്കുന്ന ആദ്യത്തെ മസ്റ്ററിങ് എന്ന പ്രത്യേകതയും ഇതിനുണ്ട്. പെൻഷൻ വിതരണത്തിൽ അടുത്തുതന്നെ ചില മാറ്റങ്ങൾ വരാനിടയുണ്ട് എന്നതിനാൽ ഈ മസ്റ്ററിങ് ആ നിലയിലും പ്രാധാന്യം അർഹിക്കുന്നു.
അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ് ചെയ്യേണ്ടത്. ബയോമെട്രിക് വരിഫിക്കേഷൻ നടത്തി മസ്റ്ററിങ് പൂർത്തിയാക്കാം. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക ക്യാമ്പുകളും മസ്റ്ററിങ്ങിനായി ഒരുക്കിയിട്ടുണ്ട്. പെൻഷൻ ഗുണഭോക്താവിന്റെ ആധാർ കാർഡ് , പെൻഷൻ ഐഡി , ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ എന്നിവയും മസ്റ്ററിങ്ങിന് ആവശ്യമാണ്. ഇവ കൈയിൽ വെച്ച് വേണം അക്ഷയ സെന്ററുകളിൽ ചെല്ലാൻ.
അതെസമയം നിരവധിയാളുകളാണ് മസ്റ്ററിങ് നടക്കുന്നില്ല എന്ന് പരാതി ഉന്നയിക്കുന്നത്. ഇങ്ങനെ പരാജയപ്പെട്ടാൽ അത് നിങ്ങൾക്ക് മാത്രമുള്ള പ്രശ്നമല്ല എന്ന് മനസ്സിലാക്കുക. നേരിട്ട് തദ്ദേശ സ്ഥാപനത്തിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) ചെന്ന് ലൈഫ് സർട്ടിഫിക്കറ്റ് നൽകി പ്രശ്നം പരിഹരിക്കാം. വിരലടയാളം പതിയാത്തത് മൂലമോ ആധാർ പുതുക്കാത്തത് മൂലമോ ഒക്കെയാണ് മസ്റ്ററിങ് പരാജയപ്പെടുന്നത്.
കിടപ്പിലായ രോഗികൾക്ക് മസ്റ്ററിങ്ങിന് അക്ഷയയിലേക്ക് ചെല്ലേണ്ടതില്ല. സ്വയം നടന്നുപോകാൻ കഴിയാത്തവരുടെ വീടുകളിൽ അക്ഷയ ജീവനക്കാർ എത്തി മസ്റ്ററിങ് ചെയ്തു നൽകും.
വരുംനാളുകളിൽ പെൻഷൻ വിതരണം ബാങ്ക് അക്കൗണ്ട് വഴിയാക്കുമെന്ന് സർക്കാർ തീരുമാനമുണ്ട്. എന്നാൽ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ വിതരണം ബാങ്ക് അക്കൗണ്ട് വഴിയല്ല. അവ നേരിട്ടു തന്നെ എത്തിച്ചേരും. എന്നാൽ അധികം താമസിയാതെ ഈ മാറ്റം പ്രതീക്ഷിക്കാം. ഇക്കാരണത്താൽ തന്നെ പെൻഷൻകാർ ഒരു ആധാർ ലിങ്ക്ഡ് അക്കൗണ്ട് തുറക്കുന്നത് നല്ലതാണ്. മിക്ക ബാങ്കുകളിലും സീറോ ബാലൻസ് അക്കൗണ്ട് സൗകര്യങ്ങൾ ലഭ്യമാണ്.
ഇത്തവണ വളരെ കർക്കശമായ പരിശോധനകൾ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അനർഹരായവരെ ഒഴിവാക്കുന്നതിനായാണിത്. ഇതിനായി വരുമാന പരിധിയും മറ്റു മാനദണ്ഡങ്ങളും പരിശോധിക്കപ്പെടും. ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി Sevana Pension ഔദ്യോഗിക വെബ്‌സൈറ്റിൽ ചെല്ലാവുന്നതാണ്.
ക്ഷേമ പെൻഷനുകൾ
- കര്‍ഷക തൊഴിലാളി പെന്‍ഷന്‍
- ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ 75 വയസില്‍ കൂടുതല്‍
- ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം – ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ – അവശത 80% കൂടുതല്‍
- ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം – ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍
- 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍
- ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം






