വയനാട്: ജില്ലയില്‍ തുടരുന്ന ശക്തമായ കാലവർഷത്തിൽ കനത്ത തിരിച്ചടി നേരിട്ട് കാർഷിക മേഖല. ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് ഏഴ് വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 15.41 കോടി രൂപയുടെ കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ നാശനഷ്‌ടം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് മാനന്തവാടി ബ്ലോക്കിലാണ്. കാറ്റിലും മഴയിലും വാഴക്കൃഷി പൂർണമായി നശിച്ചതോടെ വൻ സാമ്പത്തിക ബാധ്യതയിലാണ് കർഷകർ.
ശക്തമായ കാറ്റിലും മഴയിലും വയനാടൻ കർഷകരുടെ പ്രതീക്ഷകളെല്ലാം നിലംപൊത്തിയിരിക്കുകയാണ്. കാലവര്‍ഷം ഏറ്റവും വലിയ പ്രഹരമായത് വാഴ കർഷകർക്കാണ്. 92.16 ഹെക്‌ടറിലെ കുലച്ച വാഴകളും 38.88 ഹെക്‌ടറിലെ കുലക്കാത്ത വാഴകളും കാറ്റിൽ കടപുഴകി വീണു. മാനന്തവാടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നഷ്‌ടം രേഖപ്പെടുത്തിയത്. ഇവിടെ മാത്രം 834 കർഷകരുടെ 88.6 ഹെക്‌ടറിലെ കൃഷി നശിച്ച് 11.93 കോടി രൂപയുടെ നഷ്‌ടമുണ്ടായി.
കൽപ്പറ്റയിൽ 303 കർഷകർക്കായി 2.48 കോടിയുടെയും പനമരത്ത് 37 കർഷകർക്ക് 53.95 ലക്ഷത്തിന്‍റെയും ബത്തേരിയിൽ 40 കർഷകർക്ക് 45.6 ലക്ഷം രൂപയുടെയും നാശനഷ്‌ടമാണുണ്ടായത്. വാഴയ്ക്ക് പുറമെ ഏലം, തെങ്ങ്, കപ്പ, പച്ചക്കറികൾ, കുരുമുളക്, കിഴങ്ങുവിളകൾ എന്നിവയും വൻതോതിൽ നശിച്ചു. ജില്ലയുടെ നട്ടെല്ലായ കാർഷിക മേഖല തകർന്ന് നിൽക്കുമ്പോൾ സർക്കാർ നൽകുന്ന നിലവിലെ നഷ്‌ട പരിഹാരം ഉത്‌പാദന ചെലവിന്‍റെ പകുതിപോലും ആകില്ലെന്നതാണ് യാഥാർഥ്യം. ജില്ലയില്‍ ഇത്തവണയുണ്ടായ ശക്തമായ മഴയില്‍ വ്യാപക നാശനഷ്‌ടമാണുണ്ടായിട്ടുള്ളതെന്ന് കര്‍ഷകനായ ഇബ്രാഹീം പറഞ്ഞു. ഇതെല്ലാം എല്ലാവര്‍ക്കും അറിയുന്നതാണ് എന്നാലും കര്‍ഷകനെന്ന നിലയില്‍ സര്‍ക്കാരില്‍ നിന്നും കൂടുതല്‍ സഹായം ലഭിക്കണമെന്നാണ് തനിക്ക് പറയാനുള്ളത്. ഇത്തരം സാഹചര്യത്തില്‍ നേരത്തെയും സര്‍ക്കാരില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ട്. എങ്കിലും വിപുലമായ രീതിയില്‍ തന്നെ ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്. വയനാടുള്ള കര്‍ഷകരെ സഹായിക്കണമെന്നും ഇബ്രാഹീം പറഞ്ഞു.
വായ്‌പയെടുത്തും പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകർക്ക് അടിയന്തര ആശ്വാസ നടപടികൾ അത്യാവശ്യമാണ്. നഷ്‌ട പരിഹാര തുക വർധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന മാത്രമാണ് നിലവിൽ കർഷകരുടെ ഏക പ്രതീക്ഷ. ഓരോ മഴക്കാലവും വയനാട്ടിലെ കർഷകർക്ക് നൽകുന്നത് കണ്ണീര് മാത്രമാണ്. അധ്വാനിച്ചതും സമ്പാദിച്ചതുമെല്ലാം ഒറ്റ രാത്രികൊണ്ട് മണ്ണിടിയുമ്പോഴും കാറ്റിൽ നിലംപൊത്തുമ്പോഴും കൃത്യമായ നഷ്‌ടപരിഹാരം നൽകി കർഷകനെ ചേർത്ത് പിടിക്കാൻ സർക്കാർ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കാർഷിക സമൂഹം.






