കർക്കടക വാവ്: ആലുവയിൽ ഗതാഗത നിയന്ത്രണം,

0
5

കൊച്ചി: കർക്കടക വാവിനോടനുബന്ധിച്ച് ആലുവയിൽ ഗതാഗത നിയന്ത്രണങ്ങളുമായി പോലീസ്. ഇന്ന് അർധരാത്രി 12 മണി മുതൽ ബുധാനാഴ്ച പകൽ രണ്ട് മണി വരെ ആലുവ നഗരത്തിലും പരിസരങ്ങളിലുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആലുവ മണപ്പുറത്ത് കർക്കിടക വാവ് ബലി തർപ്പണത്തിന് വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ.

ആലുവ മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജിസിഡിഎ റോഡു വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ വേണം മണപ്പുറത്തേക്ക് എത്താൻ. ഇത് വൺവേ ട്രാഫിക് ആയിരിക്കും. മണപ്പുറം ഭാഗത്ത് നിന്നുള്ള എല്ലാ വാഹനങ്ങളും ഓൾഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം. ഇതും വൺവേ ട്രാഫിക് ആയിരിക്കും.

തോട്ടയ്ക്കാട്ടുക്കര ജങ്ഷനിൽ നിന്നും മണപ്പുറത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ തേട്ടയ്ക്കാട്ടുക്കര കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അവിടെ ആളുകളെ ഇറക്കിയതിനു ശേഷം പറവൂർ കവല – യുസി കോളജ് – കടുങ്ങല്ലൂർവഴി തിരികെ പോകണം.

അങ്കമാലി ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകൾ പറവൂർ കവലയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ യാത്ര അവസാനിപ്പിച്ച് അവിടെ നിന്നും മടങ്ങണം. എറണാകുളം ഭാഗത്ത് നിന്നും ദേശീയപാത വഴി ആലുവയ്ക്ക് വരുന്ന സ്വകാര്യ ബസ്സുകൾ പുളിഞ്ചോട് ജങ്ഷനിൽ നിന്നും കാരോത്തുകുഴി ജങ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തണം. സ്റ്റാൻഡിൽ നിന്നും തിരികെ എറണാകുളം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ ബാങ്ക് കവല ബൈപാസ് വഴിയാണ് മടങ്ങേണ്ടത്.

എറണാകുളം ഭാഗത്ത് നിന്നും ദേശീയപാത വഴി ആലുവയ്ക്ക് വരുന്ന കെഎസ്ആർടിസി ബസുകൾ പുളിഞ്ചോട് നിന്നും വലത്തോട്ട് തിരിഞ്ഞ് കാരോത്തുകുഴി കവല വഴിയാണ് സ്റ്റാൻഡിൽ എത്തേണ്ടത്. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും തിരികെ എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ കാരോത്തുകുഴി ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകണം.

ആലുവ – അങ്കമാലി ഭാഗത്തേക്കുള്ള ബസുകൾ കാരോത്തുകുഴി ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പ്രൈവറ്റ് സ്റ്റാൻഡ് ബാങ്ക് കവല ബൈപാസ് വഴിയാണ് പോകേണ്ടത്. പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസുകൾ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പമ്പ്, മാതാ ജങ്ഷൻ വഴി പോകണം.

പെരുമ്പാവൂർ ഭാഗത്ത് നിന്നുള്ള കെഎസ്ആർടിസി ബസുകൾ പമ്പ് ജങ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗൺ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി അവിടെ നിന്ന് തന്നെ മടക്ക സർവീസ് നടത്തണം. പെരുമ്പാവൂർ ഭാഗത്ത് നിന്നുള്ള സ്വകാര്യ ബസുകൾ റെയിൽവേ സ്ക്വയർ കാരോത്തുകുഴി – വഴി സ്റ്റാൻഡിൽ എത്തണം. തിരികെ പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബാങ്ക് കവല ബൈപാസ് സർവീസ് റോഡ് പുളിഞ്ചോട് കവലയിലെത്തി കാരോത്തുകുഴി കവല ആശുപത്രി ജങ്ഷൻ ഐഎംഎ ജങ്ഷൻ പവർ ഹൗസ് ജങ്ഷൻ വഴി പോകണം.

ബാങ്ക് കവല മുതൽ മഹാത്മാഗാന്ധി ടൗൺ ഹാൾ റോഡ് വരെ സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കില്ല. റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും പാടില്ല. ദേശീയപാതയുടെ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here