കൊച്ചിയിൽ മാധ്യമങ്ങൾക്ക് വിലക്ക്;

0
2

എറണാകുളം: കൊച്ചിയിൽ സംഘടിപ്പിച്ച പൊതുപരിപാടികളിൽ മുഖ്യമന്ത്രി വിഡി സതീശൻ പങ്കെടുത്ത വേളയിൽ മാധ്യമപ്രവർത്തകർക്ക് കടുത്ത നിയന്ത്രണങ്ങളും വിലക്കും ഏർപ്പെടുത്തി പൊലീസ്. കലൂർ ഗോകുലം പാർക്കിൽ നടന്ന പരിപാടി ഉൾപ്പെടെ, മുഖ്യമന്ത്രി പങ്കെടുത്ത രണ്ട് ചടങ്ങുകളിലും പ്രതികരണം തേടാനെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു.

അസിസ്റ്റൻ്റ് കമ്മീഷണർ പീറ്റർ കെ.ജെയാണ് മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് നേരിട്ട് നിർദേശം നൽകിയത്. മുഖ്യമന്ത്രിക്ക് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ താൽപ്പര്യമില്ലെന്നും, ഉയർന്ന സുരക്ഷയായ ‘Z+ സുരക്ഷ’യുള്ള വ്യക്തിയായതിനാൽ മാധ്യമപ്രവർത്തകർ മാറി നിൽക്കണമെന്നും പൊലീസ് വ്യക്തമാക്കി.

ശ്രീകുമാരൻ തമ്പിക്ക് അവാർഡ് നൽകുന്ന എറണാകുളം ബി ടി എച്ച് ഹോട്ടലിൽ സംഘടിപ്പിച്ച രണ്ടാമത്തെ പരിപാടിയിലും പ്രതികരണം തേടുന്നത് തടയാൻ പൊലീസ് ഇടപെടലുകൾ നടത്തി. മാധ്യമപ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താൻ കഴിയാത്തവിധം പൊലീസ് ഉദ്യോഗസ്ഥർ പരസ്പരം കൈകോർത്ത് പിടിച്ച് മനുഷ്യച്ചങ്ങല തീർത്ത് മുന്നിൽ നിലയുറപ്പിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന വിഷയത്തിലും, വിവാദപരമായ മാസപ്പടി കേസിൽ സി.എം.ആർ.എൽ എം.ഡിയുടെ ഡയറിയിലെ പണം സ്വീകരിച്ചവരുടെ പട്ടികയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പേര് ഉൾപ്പെട്ടതിനെക്കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമ പ്രവർത്തകർ ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് മറുപടി പറയാൻ താല്‍പര്യമില്ലാത്ത ചോദ്യങ്ങൾ ഇന്നും ഉയരാനുള്ള സാധ്യത മുൻനിർത്തിയാണ് പൊലീസിൻ്റെ ഈ നീക്കമുണ്ടായത്.

അതേസമയം മുകളിൽ നിന്നുള്ള നിർദേശ പ്രകാരമാണോ, ഇത്തരമൊരു ഇടപെടലെന്നതിൽ വ്യക്തത വരുത്താനും പൊലീസ് തയ്യാറായില്ല. മാധ്യമങ്ങളോടുള്ള ഈ നിലപാട് രാഷ്ട്രീയ തലത്തിലും ചർച്ചകൾക്ക് ഇടയാക്കും. മുൻപ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന വേളയിൽ മാധ്യമപ്രവർത്തകരോട് കാണിച്ച നിസഹകരണത്തെയും അകൽച്ചയെയും അതിരൂക്ഷമായി വിമർശിച്ച വ്യക്തിയാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ.

താൻ എല്ലാ കാര്യങ്ങളും ആദ്യം മാധ്യമങ്ങളോടാണ് വിശദീകരിക്കാറുള്ളതെന്നും, മാധ്യമങ്ങളുടെ എത്ര ചോദ്യങ്ങൾക്കും മറുപടി നൽകാൻ എപ്പോഴും തയ്യാറാണെന്നും വി.ഡി. സതീശൻ പലപ്പോഴും പരസ്യമായി അവകാശപ്പെടാറുണ്ടായിരുന്നു. എന്നാൽ, അധികാരത്തിലെത്തിയ ശേഷമുള്ള ഇത്തരം ഇടപെടലുകളും മാധ്യമങ്ങളെ ഭയന്നുള്ള പൊലീസിൻ്റെ വിലക്കുകളും മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്ന വിമർശനമാണ് പൊതുസമൂഹത്തിൽ നിന്നും ഉയരുന്നത്. ജനങ്ങൾക്ക് അറിയേണ്ട സുപ്രധാന വിഷയങ്ങളിൽ നിന്നും ഉത്തരവാദിത്തപ്പെട്ടവർ ഒളിച്ചോടാൻ ശ്രമിക്കുകയാണോ എന്ന ചോദ്യവും ഇതോടെ ശക്തമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here