യുഎസ് വിസ അപേക്ഷകർക്ക് സന്തോഷ വാർത്ത; ഇന്ത്യയിലെ കോൺസുലേറ്റുകളിൽ ഇൻ്റർവ്യൂ സ്ലോട്ടുകൾ അനുവദിച്ചു തുടങ്ങി

0
28

അമേരിക്കൻ വിസ അപേക്ഷകർക്ക് സന്തോഷ വാർത്ത. ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകളിൽ വിസ സ്ലാട്ടുകൾ അനുവദിച്ചു തുടങ്ങി. സോഷ്യൽ മീഡിയ പരിശോധനകൾ കർശനമാക്കിയതിനെത്തുടർന്ന് വൈകിയ നടപടികളാണ് ഇപ്പോൾ വേഗത്തിലാകുന്നത്.

  • ഇന്ത്യൻ അപേക്ഷകർക്ക് സന്തോഷ വാർത്ത.
  • ഇൻ്റർവ്യൂ സ്ലോട്ടുകൾ അനുവദിച്ചു തുടങ്ങി.
  • എച്ച്-1ബി, എച്ച്-4, എഫ്-1 വിസകൾക്കുള്ള സ്സോട്ടുകൾ ലഭ്യം.
ന്യൂഡൽഹി: യുഎസ് വിസ അപ്പോയ്ൻ്റ്മെൻ്റിനായി കാത്തിരിക്കുന്ന ഇന്ത്യൻ അപേക്ഷകർക്ക് സന്തോഷ വാർത്ത. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകൾ ഇൻ്റർവ്യൂ സ്ലോട്ടുകൾ അനുവദിച്ചു തുടങ്ങി. എച്ച്-1ബി, എച്ച്-4, എഫ്-1 വിസകൾക്കുള്ള സ്സോട്ടുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് 2025 ഡിസംബർ പകുതിയോടെ താൽക്കാലിക വർക്ക് വിസയായ എച്ച്-1ബിക്കും ആശ്രിത വിസയായ എച്ച്-4നും ഏർപ്പെടുത്തിയ കർശനമായ സോഷ്യൽ മീഡിയ പരിശോധനകളും സുരക്ഷാ മാനദണ്ഡങ്ങളുമാണ് വിസ നടപടികൾ അസാധാരണമാംവിധം വൈകാൻ കാരണമായത്.

അപേക്ഷകരുടെ ഓൺലൈൻ ഇടപെടലുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ ഈ സംവിധാനം മൂലം 2026ലേക്കും 2027ലേക്കും വരെ മാറ്റിവെക്കപ്പെട്ട അപ്പോയ്ൻ്റ്മെന്റുകൾ ഇപ്പോൾ നേരത്തെ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിൽ നിന്ന് ചെറിയ ബാച്ചുകളായാണ് സ്ലോട്ടുകൾ പുറത്തുവിടുന്നതെന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസിൻ്റെ റിപ്പോർട്ട്.

സ്ലോട്ടുകൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും നിമിഷങ്ങൾക്കുള്ളിൽ ബുക്ക് ചെയ്യപ്പെടുകയും ചെയ്യുന്നതിനാൽ അപേക്ഷകർ നിരന്തരം പോർട്ടലുകൾ പരിശോധിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 2026ലെ ഫാൾ ഇൻടേക്ക് ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കും ഈ മാറ്റം വലിയ ഗുണകരമാകും. നേരത്തെ അപ്പോയ്ന്റ്‌മെന്റ് ലഭിക്കുന്നത് കൃത്യമായ യാത്രാ പ്ലാനുകൾ തയ്യാറാക്കാനും സാമ്പത്തിക നഷ്ടം ഒഴിവാക്കാനും അവരെ സഹായിക്കും. എന്നാൽ മുൻപ് വിസ നിരസിക്കപ്പെട്ട വിദ്യാർഥികൾക്ക് ഇപ്പോൾ ലഭ്യമാകുന്ന ഈ സ്ലോട്ടുകൾ ഉപയോഗപ്പെടുത്താൻ കഴിയില്ല എന്ന നിബന്ധനയുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയിൽ ജോലി ചെയ്തിരുന്ന പലരും അവധിക്ക് നാട്ടിലെത്തിയ ശേഷം വിസ സ്റ്റാമ്പിംഗിനായി കാത്തിരുന്ന് മാസങ്ങളോളം ഇവിടെ കുടുങ്ങിപ്പോയ അവസ്ഥയുണ്ടായിരുന്നു. തേർഡ് കൺട്രി നാഷണൽ പ്രോസസിങ് നിർത്തലാക്കിയത് ഈ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. എന്നാൽ പുതിയ സ്ലോട്ടുകൾ ലഭ്യമാകുന്നതോടെ ഇത്തരത്തിൽ നാട്ടിൽ കുടുങ്ങിയ പ്രൊഫഷണലുകൾക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ വഴിയൊരുങ്ങും. എന്നിരുന്നാലും, സ്ഥിതിഗതികൾ പൂർണമായും സാധാരണ നിലയിലായിട്ടില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിലവിൽ അമേരിക്കയിലുള്ള എച്ച്-1ബി ജീവനക്കാർ അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്ന് ഇമിഗ്രേഷൻ വിദഗ്ധർ നിർദേശിച്ചിരുന്നു. സോഷ്യൽ മീഡിയ പരിശോധനകൾക്ക് എടുക്കുന്ന അധിക സമയം കാരണം ഇന്റർവ്യൂ കപ്പാസിറ്റി ഇനിയും പൂർണതോതിൽ വർധിച്ചിട്ടില്ല. കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം വളരെ കൂടുതലായതിനാൽ സാധാരണ നില കൈവരിക്കാൻ ഇനിയും മാസങ്ങൾ എടുത്തേക്കാമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here