ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 5,000 റണ്‍സ് നേടി ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മ. ഐപിഎല്‍ 13-ാം സീസണിലെ മുംബൈ ഇന്ത്യന്‍സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലാണ് രോഹിത് അപൂര്‍വനേട്ടം സ്വന്തമാക്കിയത്.
പഞ്ചാബ് താരം മൊഹമ്മദ് ഷമിയുടെ ബോള്‍ ഫോര്‍ പായിച്ചാണ് രോഹിത് 5,000 റണ്‍സ് ക്ലബില്‍ ഇടംപിടിച്ചത്. ഐപിഎല്ലിലെ തന്റെ 193-ാം മത്സരത്തിലാണ് രോഹിതിന്റെ നേട്ടം.
ഐപിഎല്‍ ചരിത്രത്തില്‍ 5,000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തം. നേരത്തെ വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന എന്നിവര്‍ 5,000 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറിയും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്.പഞ്ചാബിനെതിരായ മത്സരത്തില്‍ 45 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയ ശേഷമാണ് രോഹിത് പുറത്തായത്.
ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് കോഹ്‌ലിയുടെ പേരിലാണ്. 180 മത്സരങ്ങളില്‍ നിന്ന് 5,430 റണ്‍സാണ് കോഹ്‌ലി നേടിയിട്ടുള്ളത്. അഞ്ച് സെഞ്ചുറിയും 36 അര്‍ധ സെഞ്ചുറിയും കോഹ്‌ലി നേടിയിട്ടുണ്ട്. 193 മത്സരങ്ങളില്‍ നിന്ന് 5,368 റണ്‍സാണ് റെയ്‌ന നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും 38 അര്‍ധ സെഞ്ചുറിയും റെയ്‌ന നേടിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഓസീസ് താരവും സണ്‍റെെസേഴ്‌സ് ഹെെദരബാദ് നായകനുമായ ഡേവിഡ് വാര്‍ണര്‍ അതിവേഗം ഐപിഎല്‍ 5,000 ക്ലബില്‍ സ്ഥാനം പിടിക്കുന്ന താരമായേക്കും. വെറും 128 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറിയും 44 അര്‍ധ സെഞ്ചുറിയുമായി 4,748 റണ്‍സ് വാര്‍ണര്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ തന്നെ വാര്‍ണര്‍ 5,000 ക്ലബില്‍ സ്ഥാനം പിടിച്ചേക്കും. ഇന്ത്യന്‍ താരങ്ങളുടെ റെക്കോര്‍ഡ് മറികടക്കാനും വാര്‍ണര്‍ക്ക് സാധിക്കും