ദില്ലി: ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളി. ദില്ലിയില്‍ രാത്രി 7.30നാണ് മത്സരം. 10 മത്സരങ്ങള്‍ കളിച്ചപ്പോള്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് തോറ്റത് ഗുജറാത്ത് ടൈറ്റന്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും മാത്രം. രണ്ട് മത്സരങ്ങളും കൈവിട്ടത് അവസാന നിമിഷം. ഹൈദരാബാദിനെതിരെ കളിച്ച അവസാന മത്സരത്തില്‍ ഒരു റണ്‍സിനാണ് നാടകീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.
ഇന്ന് ഡല്‍ഹിക്കെതിരെ ജയിച്ചാല്‍ 18 പോയിന്റുമായി കൊല്‍ക്കത്തയെ മറികടന്ന് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക്. ഒപ്പം പ്ലേ ഓഫിലേക്കുള്ള ദൂരം കുറയ്ക്കാനും രാജസ്ഥാനാകും. ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ സഞ്ജുവും ജോസ് ബട്‌ലറും പൂജ്യത്തിന് പുറത്തായതാണ് ടീമിന് തിരിച്ചടിയായത്. എങ്കിലും യശസ്വി ജയ്‌സ്വാളിന്റേയും റിയാന്‍ പരാഗിന്റേയും അര്‍ധ സെഞ്ച്വറി ജയത്തിന് അടുത്ത് എത്തിച്ചു. വെസ്റ്റിന്‍ഡീസ് നായകന്‍ റോവ്മാന്‍ പവലിന്റെ പോരാട്ടവും രാജസ്ഥാന് പ്രതീക്ഷ നല്‍കുന്നു. ഹൈദരാബാദിനെതിരെ നിറം മങ്ങിയ ബൗളിംഗ് യൂണിറ്റും തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്.
11 മത്സരങ്ങളില്‍ പത്ത് പോയിന്റുമായി ടേബിളില്‍ ആറാം സ്ഥാനത്താണ് റിഷഭിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ്. ഹോം ഗ്രൗണ്ടില്‍ കരുത്തരായ രാജസ്ഥാനെ പൂട്ടനായാല്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാകും. എന്നാല്‍ സ്ഥിരത ഇല്ലാത്ത ടീമിന് അത് വെല്ലുവിളി നിറഞ്ഞ ദൗത്യം. ട്രിസ്റ്റന്‍ സ്റ്റബും ജേക്ക് ഫ്രെയിസറും വെടിക്കെട്ട് പുറത്തെടുത്തില്ലെങ്കില്‍ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. കൊല്‍ക്കത്തയ്‌ക്കെതിരായ അവസാന മത്സരത്തില്‍ 153 റണ്‍സിനാണ് വീണുപോയത്. നായകന്‍ റിഷഭ് പന്തിന്റെ ബാറ്റിംഗിനും സ്ഥിരതയില്ല.
ഓപ്പണിംഗില്‍ പൃഥി ഷായ്ക്ക് മികച്ച തുടക്കം നല്‍കാനാകുന്നില്ല. അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവിന്റെയും സ്പിന്‍ ബൗളിംഗിനെ സഞ്ജു അടിച്ചുപറത്തുമോ എന്നും ആകാംക്ഷ. ട്വന്റി 20 ലോകകപ്പില്‍ ഇടം നേടിയ പന്തും സഞ്ജുവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരും കാത്തിരിക്കുകയാണ്. വരുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍ക്ക് ആയിരിക്കും ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കുക. അതുകൊണ്ടുതന്നെ ഇരുവര്‍ക്കുമിത് വെറുമൊരു മത്സരമല്ല.