കൊട്ടിയൂര്‍ : കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തില്‍ അവധിദിനമായ ഇന്ന് അപൂര്‍വ്വമായ ഭക്തജന തിരക്ക്. സ്ത്രീകള്‍ക്കുള്ള പ്രവേശനം തിങ്കളാഴ്ച ഉച്ചയോടെ അവസാനിക്കാനിരിക്കേയാണ് ഞായറാഴ്ചയും കൊട്ടിയൂരില്‍ വന്‍ ഭക്തജനപ്രവാഹമുണ്ടായത്.
പുലര്‍ച്ചെ മുതല്‍ തന്നെ ദര്‍ശനത്തിനുള്ള പടിഞ്ഞാറെ നടയിലുള്ള ക്യൂ പാലത്തിന് സമീപത്തു വരെയും, കിഴക്കെ നടയിലെ ക്യൂ മന്ദംചേരി വരെയും നീണ്ടു. പലരും മണിക്കൂറുകള്‍ ക്യൂ നിന്നാണ് കൊട്ടിയൂര്‍ പെരുമാളെ കണ്ട് മടങ്ങിയത്. ഉച്ചശീവേലിയോടെയാണ് തിരക്കിന് നേരിയ ശമനമുണ്ടായത്.
ഉത്സവം അവസാനിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അവസാനത്തെതും പുതിയ അധ്യായന വര്‍ഷം തുടങ്ങിയ സ്‌കൂള്‍ തുറന്നതോടെയുള്ള ആദ്യ അവധി ദിനവുമായതിനാലാണ്ഭക്തജനത്തിരക്കേറാന്‍ കാരണം.
വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ചതുശ്ശതമായ ആയില്യം ചതുശ്ശതം ഇന്ന് പെരുമാള്‍ക്ക് നിവേദിച്ചു.
പന്തീരടി പൂജയോടെയാണ് ആയില്യം ചതുശ്ശതം വലിയ വട്ടളം പായസം നിവേദിച്ചത്.നാലാമത്തെ ചതുശ്ശതമായ അത്തം ചതുശ്ശതം ഒന്‍പതിനും നടക്കും. മകം കലംവരവ് ദിവസമായ തിങ്കളാഴ്ച ഉച്ചയോടെ മാത്രമാണ് സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂരില്‍ പ്രവേശനമുള്ളൂ. ഉച്ച ശീവേലിക്ക് ശേഷം സ്ത്രീകളും ആനകളും ഇവിടെ നിന്നും മടങ്ങും.