കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലുലു മാളും ബൃഹത്തായ വികസന പദ്ധതികളും നിർമിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. 4,000 കോടി രൂപയുടെ ഈ വൻകിട നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിൽപ്പെടുന്ന ചന്ദ്‌ഖേഡയിൽ 30 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ലുലു മാൾ ഉയരുന്നത്. ഷോപ്പിങ് മാളിന് പുറമെ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലും അത്യാധുനിക റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകളും ഉൾപ്പെടുന്നതാണ് പദ്ധതി.
താൻ ബിസിനസിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് അഹമ്മദാബാദിൽനിന്നാണെന്ന് എം.എ യൂസഫലി പ്രതികരിച്ചു. അതുകൊണ്ടുതന്നെ ഗുജറാത്ത് തനിക്ക് ഏറെ പ്രിയപ്പെട്ട വാണിജ്യകേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്കാവശ്യമായ 16.35 ഏക്കർ (66,168 ചതുരശ്ര മീറ്റർ) ഭൂമി അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽനിന്ന് ലുലു ഗ്രൂപ്പ് സ്വന്തമാക്കി. അഹമ്മദാബാദിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂമി ഇടപാടാണിത്. 519.41 കോടി രൂപയാണ് ഭൂമിയുടെ വില. ചതുരശ്ര മീറ്ററിന് 78,500 രൂപ നിരക്കിലാണ് ഗ്രൂപ്പ് ഭൂമി വാങ്ങിയത്.
ഒറ്റ ഇടപാടിൽ സംസ്ഥാന സർക്കാരിലേക്ക് ലഭിച്ച ഏറ്റവും ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടിയായ 31 കോടി രൂപ നൽകിയാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. ആകെ 4,000 കോടി രൂപയുടെ നിക്ഷേപമാണു പദ്ധതിയിൽ പ്രതീക്ഷിക്കപ്പെടുന്നത്. അഹമ്മദാബാദിനെയും ഗാന്ധിനഗറിനെയും ബന്ധിപ്പിക്കുന്ന ചന്ദ്‌ഖേഡയിലെ എസ്.പി റിങ് റോഡിലാണ് ഈ പ്രൈം ലൊക്കേഷൻ സ്ഥിതി ചെയ്യുന്നത്.
ദേശീയ-അന്തർദേശീയ ബ്രാൻഡുകളുടെ വൻ നിര തന്നെ ഒരുക്കുന്ന മാളിൽ 6,000-ത്തിലധികം ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കും. ഷോപ്പിങ് മാളിൽ 300ലധികം അന്താരാഷ്ട്ര, ഇന്ത്യൻ ബ്രാൻഡുകൾ ലഭ്യമാകും. രാജ്യത്തെ ഏറ്റവും വലിയ ലുലു ഹൈപ്പർമാർക്കറ്റ് ആയിരിക്കും ഇവിടത്തേത്.
കുട്ടികൾക്കായുള്ള അത്യാധുനിക ഫൺടൂറ, 3,000 പേർക്ക് ഒന്നിച്ചിരിക്കാവുന്ന മൾട്ടി-ക്വിസിൻ ഫുഡ് കോർട്ട്, ഐമാക്‌സ് സൗകര്യമുള്ള 15 സ്‌ക്രീൻ മൾട്ടിപ്ലക്സ് തിയറ്റർ എന്നിവയാണ് മറ്റു സവിശേഷതകൾ. ഇതിനോട് ചേർന്ന് ഫൈവ് സ്റ്റാർ ഹോട്ടൽ, പ്രീമിയം റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകൾ എന്നിവയും നിർമിക്കും.








