അതിവേഗ റെയിൽ പദ്ധതിയുമായി കേരളം മുന്നോട്ട്;

0
15

സംസ്ഥാനത്ത് ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണവും ഉയർന്ന യാത്രാ നിരക്കും കേരളത്തിൽ അതിവേഗ റെയിൽ സംവിധാനങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്നതിന്‍റെ തെളിവായി മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: കേരളത്തിന്‍റെ റെയില്‍ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന ‘റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം’ (RRTS) പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയ വിവരം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നഗരവികസന മന്ത്രി മനോഹർ ലാൽ ഖട്ടറിന് കത്തയച്ചു. 2025 സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന അർബൻ കോൺക്ലേവിൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള മേഖലകൾ അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ വലിയ സമ്മർദ്ദത്തിലാണ്. വർധിച്ചുവരുന്ന വാഹന സാന്ദ്രതയും ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും കുറയ്ക്കുന്നതിനായി അതിവേഗവും ഉയർന്ന ശേഷിയുള്ളതുമായ ഒരു പൊതുഗതാഗത സംവിധാനം അത്യാവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ളതും കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതുമായ ഒരു പദ്ധതിയായാണ് ആർ.ആർ.ടി.എസ് വിഭാവനം ചെയ്തിരിക്കുന്നത്. ഡൽഹി-മീററ്റ് ആർ.ആർ.ടി.എസ് ഇടനാഴിയുടെ മാതൃകയും അതിന്‍റെ പ്രവർത്തനക്ഷമതയും പഠനവിധേയമാക്കിയ ശേഷമാണ് കേരളത്തിന് അനുയോജ്യമായ രീതിയിൽ ഇത് നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്.

നിലവിൽ കൊച്ചിയിൽ മെട്രോ റെയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾ ആസൂത്രണ ഘട്ടത്തിലുമാണ്. ഈ മൂന്ന് മെട്രോ സംവിധാനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുകയും സംസ്ഥാനത്തെ നാല് പ്രധാന വിമാനത്താവളങ്ങളായ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നിവയെ കോർത്തിണക്കുകയും ചെയ്യുന്ന ഒരു ബൃഹദ് ശൃംഖലയായി ആർ.ആർ.ടി.എസ് മാറും. ഇത് അന്തർജില്ലാ യാത്രകൾ സുഗമമാക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്യും.

സംസ്ഥാനത്ത് ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണവും ഉയർന്ന യാത്രാ നിരക്കും കേരളത്തിൽ അതിവേഗ റെയിൽ സംവിധാനങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്നതിന്‍റെ തെളിവായി മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു. പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ പ്രായോഗികത പഠിക്കുന്നതിനായി നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ (NCRTC) സഹായം സർക്കാർ തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങാൻ ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകണമെന്നും സംസ്ഥാന ഗതാഗത വകുപ്പ് ഇതിന് പൂർണ സഹകരണം നൽകുമെന്നും കത്തിൽ വ്യക്തമാക്കുന്നു.

നേരത്തേ, സംസ്ഥാനത്ത് അതിവേഗ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ ഇ. ശ്രീധരനെ കേന്ദ്രം ചുമതലപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ആര്‍ആര്‍ടിഎസ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here