ജീവനൊടുക്കാൻ എത്തുന്നവരെ നിമിഷനേരംകൊണ്ട് കണ്ടെത്തും,പാലത്തിന് മുകളിൽ എ.ഐ കാമറകൾ;

0
6

 ജീവിതം അവസാനിപ്പിക്കാൻ പാലത്തിന് മുകളിലെത്തുന്നവരെ നിമിഷനേരംകൊണ്ട് തിരിച്ചറിഞ്ഞ് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ ഇനി നിർമിത ബുദ്ധിയുണ്ടാകും. ദക്ഷിണ കൊറിയയിലെ സിയോളിലുള്ള ഹാൻ നദിയിലെ പാലങ്ങളിൽ അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിച്ച് അധികൃതർ ലോകത്തിന് തന്നെ മാതൃകയാവുകയാണ്.

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള ഹാൻ നദിയിലെ പാലങ്ങളിൽ ജീവനൊടുക്കാൻ എത്തുന്നവരെ കണ്ടെത്താനാണ് നിർമിത ബുദ്ധിയുടെ സഹായം തേടുന്നത്. അപകടസാധ്യതയുള്ള മേഖലകളിൽ നിൽക്കുന്നവരേയും നിരോധിത ഇടങ്ങളിൽ പ്രവേശിക്കുന്നവരേയും അടിയന്തര സഹായത്തിനായി സ്ഥാപിച്ചിട്ടുള്ള ഫോണുകൾക്ക് സമീപം എത്തുന്നവരേയും എ.ഐ കാമറകൾ വേഗത്തിൽ തിരിച്ചറിയും. ഈ സംവിധാനം തത്സമയം തന്നെ രക്ഷാപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകുന്നതിനാൽ വേഗത്തിൽ ഇടപെടാൻ സാധിക്കും. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ജീവനൊടുക്കുന്ന രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയയ്ക്ക് ഈ സാങ്കേതികവിദ്യ വലിയ ആശ്വാസമാണ് നൽകുന്നത്.

കഴിഞ്ഞ വർഷം 17 പാലങ്ങളിലായി സ്ഥാപിച്ച 900ഓളം കാമറകളിലൂടെ 1,200ലധികം സംഭവങ്ങൾ കണ്ടെത്താൻ കഴിഞ്ഞതായി ഹാൻഗാങ് ബ്രിഡ്ജ് സിസിടിവി ഇൻ്റഗ്രേറ്റഡ് കൺട്രോൾ സെൻ്റർ മേധാവി കിം ജുൻ യങ് വ്യക്തമാക്കി. എന്നാൽ ഇതിൽ എട്ടുപേരെ മാത്രമാണ് രക്ഷിക്കാൻ കഴിയാതെ പോയതെന്നും അദ്ദേഹം വിശദീകരിച്ചു. ഒഇസിഡി (OECD) രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണ് ദക്ഷിണ കൊറിയയിലുള്ളത്. അതിനാൽ തന്നെ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുകയാണ് അധികൃതർ.

ഹാൻ നദിയിലെ എ.ഐ സംവിധാനം
2021 മുതലാണ് ഹാൻ നദിയിൽ എ.ഐ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയത്. സിയോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും മെട്രോപൊളിറ്റൻ ഫയർ ആൻഡ് ഡിസാസ്റ്റർ ഹെഡ്ക്വാർട്ടേഴ്സും സംയുക്തമായാണ് ഈ ഡീപ് ലേണിങ് സർവൈലൻസ് നെറ്റ്‌വർക്ക് വികസിപ്പിച്ചെടുത്തത്. 2020 ഏപ്രിൽ മുതൽ ഫയർ ആൻഡ് ഡിസാസ്റ്റർ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, സെൻസറുകളിൽ നിന്നുള്ള ഡാറ്റ, ജീവനൊടുക്കാൻ ശ്രമിച്ചവരുടെ വിവരങ്ങൾ, ഫോൺ കോളുകൾ, ടെക്സ്റ്റ് മെസേജുകൾ എന്നിവ സിയോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിശകലനം ചെയ്തിരുന്നു.

ഹാൻ നദിയിലെ പാലങ്ങളിൽ ഓരോ വർഷവും 486 പേരാണ് ജീവനൊടുക്കാൻ ശ്രമിക്കുന്നത്. ഇതിൽ 96.63 ശതമാനം ആളുകളെയും രക്ഷിക്കാൻ സിയോൾ നഗരത്തിന് കഴിയുന്നുണ്ട്. ഡീപ് ലേണിങ് എ.ഐ ഉപയോഗിച്ചാണ് അപകടസാധ്യതയുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നത്. ജീവനൊടുക്കാൻ ശ്രമിക്കുന്നവരുടെ പഴയ ദൃശ്യങ്ങളിലൂടെ അവരുടെ പെരുമാറ്റരീതികൾ എ.ഐ പഠിച്ചെടുക്കുന്നു. തുടർന്ന് സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടാൽ കൺട്രോൾ സെൻ്ററിലേക്ക് സിസിടിവി ദൃശ്യങ്ങൾ അയക്കും. വെളിച്ചക്കുറവ്, കാലാവസ്ഥ, കാറ്റും ഗതാഗതവും കാരണം പാലത്തിലുണ്ടാകുന്ന കുലുക്കം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങൾ കൂടി പരിഗണിച്ചാണ് എ.ഐ പ്രവർത്തിക്കുന്നത് എന്നതിനാൽ തെറ്റായ മുന്നറിയിപ്പുകൾ നൽകുന്നത് ഒഴിവാക്കാൻ സാധിക്കും.

മറ്റ് രാജ്യങ്ങളിലെ എ.ഐ ഉപയോഗം
ജപ്പാനിലും സമാനമായ രീതിയിൽ എ.ഐ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ടോക്കിയോ ആസ്ഥാനമായുള്ള അസില്ല ഇൻക് എന്ന സാങ്കേതികവിദ്യാ കമ്പനിയാണ് ഇത് വികസിപ്പിച്ചത്. നിലവിലുള്ള സുരക്ഷാ കാമറകൾ ഉപയോഗിച്ച് സംശയാസ്പദമായ പെരുമാറ്റങ്ങൾ തിരിച്ചറിയാനും അപകടം നടക്കുന്നതിന് മുൻപ് ഉദ്യോഗസ്ഥരെ വിവരമറിയിക്കാനും ഇതിലൂടെ സാധിക്കും. ടോക്കിയോയിലെയും അയൽ പ്രവിശ്യയായ കനഗാവയിലെയും 10ഓളം റെയിൽവേ സ്റ്റേഷനുകളും 30 വാണിജ്യ കേന്ദ്രങ്ങളും ഉൾപ്പെടെ 40ഓളം സ്ഥലങ്ങളിൽ ഈ സാങ്കേതികവിദ്യ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.

സ്വീഡനിലെ സ്റ്റോക്ക്ഹോം മെട്രോ സിസ്റ്റം പ്ലാറ്റ്ഫോമിലും എ.ഐ അധിഷ്ഠിതമായ സ്മാർട്ട് സർവൈലൻസ് സോഫ്റ്റ്‌വെയർ സംയോജിപ്പിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോമിൻ്റെ അരികിലൂടെ നടക്കുക, സുരക്ഷാ ലൈനുകൾ മുറിച്ചുകടക്കുക, നിരോധിത ട്രാക്ക് ഏരിയകളിൽ പ്രവേശിക്കുക തുടങ്ങിയ അപകടകരമായ പെരുമാറ്റങ്ങൾ ഈ സംവിധാനം നിരന്തരം നിരീക്ഷിക്കുന്നു. അപകടം തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ ട്രെയിനുകൾ നിർത്താനും കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകാനും പ്ലാറ്റ്ഫോമിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കാനും ഓപ്പറേറ്റർമാർക്ക് അലർട്ട് ലഭിക്കും.

ഇന്ത്യയിലെ സാഹചര്യം
നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം 2024ൽ ഇന്ത്യയിൽ 1,70,746 പേരാണ് ജീവനൊടുക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഇതിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ നഗരങ്ങളിലെ പാലങ്ങൾ, റെയിൽവേ ട്രാക്കുകൾ, ഫ്ലൈഓവറുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ എ.ഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നത് അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ ഇടപെടാനും ജീവൻ രക്ഷിക്കാനും സഹായിക്കും. ഇന്ത്യ നേരിടുന്ന പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഇത്. അതിനാൽ തന്നെ ഇത്തരം സാങ്കേതികവിദ്യകൾ രാജ്യത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും.

LEAVE A REPLY

Please enter your comment!
Please enter your name here