ബംഗ്ലാദേശിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് വീണ്ടും കടുത്ത വിമർശനവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക് മടങ്ങിവരണമെന്നും ബംഗ്ലാദേശ് മതനിരപേക്ഷ രാജ്യമാകണമെന്നും തസ്ലീമ ആവശ്യപ്പെട്ടു. രാജ്യത്തെ മതമൗലികവാദത്തിന്റെ വളർച്ചയെക്കുറിച്ചും മദ്രസകളുടെ പ്രവർത്തനത്തെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു.
ബംഗ്ലാദേശിൽ മദ്രസകൾ ആവശ്യമില്ലെന്നാണ് തന്റെ നിലപാടെന്ന് തസ്ലീമ നസ്രീൻ പറഞ്ഞു. മദ്രസകൾ ജിഹാദികളെ വളർത്തുന്ന കേന്ദ്രങ്ങളായി മാറി. ഇമാമുമാരെയും മദ്രസഅധ്യാപകരെയും ഇത്തരത്തിലുള്ള കേസുകളിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവങ്ങളുണ്ട്. മദ്രസകളിൽ നിന്ന് പഠനം പൂർത്തിയാക്കുന്നവരിൽ പലരും ജോലികളിലേക്ക് പോകുന്നില്ല. മറ്റുള്ളവർ നൽകുന്ന സംഭാവനകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
ബംഗ്ലാദേശ് മതനിരപേക്ഷ രാജ്യമാകണമെങ്കിൽ മതവും ഭരണകൂടവും പൂർണമായും വേർതിരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ചില പള്ളികൾ ജിഹാദി പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. അവ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരണം. ഇത്തരം നടപടികളാണ് ഒരു സമൂഹത്തിന്റെ പുരോഗതിക്ക് സഹായകരമാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിൽ മതമൗലികവാദ ശക്തികളുടെ സ്വാധീനം വർധിച്ചുവരികയാണ്. ജമാഅത്തെ ഇസ്‌ലാമി പാർലമെന്റിൽ സാന്നിധ്യമുറപ്പിക്കുന്നത് ആശങ്കാജനകമാണ്. താരിഖ് റഹ്മാന്റെ ഭരണവും മുഹമ്മദ് യൂനുസിന്റെ ഭരണവും തമ്മിൽ വലിയ വ്യത്യാസമില്ല. യൂനുസിന്റെ കാലത്താണ് ഹിന്ദുക്കൾക്കെതിരായ പീഡനം കൂടുതൽ രൂക്ഷമായതെന്നുമാണ് തസ്ലീമയുടെ ആരോപണം. ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ സർക്കാർ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും അവർ വിമർശിച്ചു.
ഹിന്ദുക്കൾക്കും ബുദ്ധമതവിശ്വാസികൾക്കും ക്രൈസ്തവർക്കും ബംഗ്ലാദേശിൽ പീഡനം നേരിടേണ്ടി വരുന്നു. സമൂഹത്തിന് ഏറ്റവും ആവശ്യമുള്ളത് വിദ്യാഭ്യാസമാണ്. എല്ലാവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. കൂടുതൽ ക്ഷേത്രങ്ങളും മദ്രസകളും പണിയുന്നതിനേക്കാൾ വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകേണ്ടത്. സ്ത്രീകളെ ലൈംഗിക അടിമകളാക്കി മാറ്റുന്ന ഏത് മതത്തെയും സ്ത്രീകൾ ഉപേക്ഷിക്കണം.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് തസ്ലീമ നസ്രീൻ പറഞ്ഞു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യ നൽകിയ സംഭാവന വലുതാണെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് ബംഗ്ലാദേശിന്റെ രാഷ്ട്രീയത്തിന് സഹായകരമാകുമെന്നും തസ്ലീമ നസ്രീൻ വ്യക്തമാക്കി.








