മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി ക്യാമറ നിർബന്ധമാക്കും;

0
3

ന്യൂഡൽഹി: ഡോക്‌ടറുടെ കുറിപ്പടി ആവശ്യമുള്ള മരുന്നുകളുടെ അനധികൃത വിൽപനയും ദുരുപയോഗവും തടയുന്നതിനായി രാജ്യത്തെ മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി ക്യാമറ നിരീക്ഷണം നിർബന്ധമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം മുന്നോട്ടുവെച്ചു. ഫാർമസ്യൂട്ടിക്കൽ മേഖലയിലെ സുതാര്യത ഉറപ്പാക്കുന്നതിനും വിതരണ ശൃംഖലയിൽ കർശനമായ ജാഗ്രത പുലർത്തുന്നതിനുമായാണ് കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം. 1945-ലെ ഡ്രഗ്‌സ് റൂൾസിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ചട്ടം പ്രാബല്യത്തിൽ വരുത്താൻ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം സെപ്റ്റംബർ 8 നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചത്.

ഷെഡ്യൂൾ H, H1, X മരുന്നുകൾക്ക് കടുത്ത നിയന്ത്രണം

ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ വിൽക്കാൻ പാടില്ലാത്ത ഷെഡ്യൂൾ H, ഷെഡ്യൂൾ H1, ഷെഡ്യൂൾ X എന്നീ വിഭാഗങ്ങളിൽപ്പെടുന്ന മരുന്നുകളുടെ നിയമവിരുദ്ധ വിൽപന തടയുകയാണ് ഈ നിർദേശത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ആൻ്റിബയോട്ടിക്കുകൾ, ഉറക്കഗുളികകൾ, വീര്യമേറിയ മനോരോഗ മരുന്നുകൾ, മയക്കുമരുന്നിന് പകരമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള ലഹരിമരുന്നുകൾ തുടങ്ങിയവയാണ് ഈ ഷെഡ്യൂളുകളിൽ വരുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിലൂടെ ഡോക്‌ടറുടെ കൃത്യമായ കുറിപ്പടിയില്ലാതെ ഇത്തരത്തിലുള്ള നിർണായക മരുന്നുകൾ കൈമാറുന്നത് തടയാൻ സാധിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.

ഡി ടി എ ബി ശുപാർശ ചെയ്‌ത മാറ്റം

മരുന്ന് വിൽപനയുമായി ബന്ധപ്പെട്ട തടസ്സങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും മുൻനിർത്തി ആദ്യം ഡ്രഗ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (DCC) ആണ് ഈ വിഷയം ചർച്ച ചെയ്‌തത്. തുടർന്ന് കൂടുതൽ പഠനങ്ങൾക്കായി ഇത് ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡിൻ്റെ (DTAB) അംഗങ്ങൾക്ക് സമർപ്പിക്കുകയായിരുന്നു. ബോർഡ് വിഷയം വിശദമായി പരിശോധിച്ച ശേഷം ഈ കരട് നിർദേശത്തിന് അംഗീകാരം നൽകാൻ ശുപാർശ ചെയ്യുകയായിരുന്നു. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ സുരക്ഷാ ഘടകങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും വിപണിയിലുള്ള മരുന്നുകളുടെ കൈമാറ്റത്തിൽ കൂടുതൽ ഉത്തരവാദിത്തവും വ്യക്തതയും ഉറപ്പാക്കാൻ സി സി ടി വി നിരീക്ഷണം സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാം

പുതിയ ഭേദഗതി നിർദേശവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട മേഖലകളിലുള്ളവർക്കും പൊതുജനങ്ങൾക്കും തങ്ങളുടെ അഭിപ്രായങ്ങളും എതിർപ്പുകളും അറിയിക്കാൻ കേന്ദ്ര മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്. താൽപര്യമുള്ളവർക്ക് നിർദേശങ്ങൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിക്ക് തപാൽ വഴിയോ അല്ലെങ്കിൽ drugsdiv-mohfw@gov.in എന്ന ഔദ്യോഗിക ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്. കരട് വിജ്ഞാപനത്തിലെ പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ നിയമനിർമാണം നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here