ഈ വർഷം ഒക്ടോബർ ആദ്യ വാരം കിഴക്കൻ ഫ്രാൻസിൽ നിന്നുള്ള ഒരാൾ ഗുരുതര രോഗം ബാധിച്ച് മരിച്ചിരുന്നു, മരണ കാരണം ഗുരുതരമായ നാഡീസംബന്ധ പ്രശ്നങ്ങളാണെന്ന് ഡോക്ടർമാരും അധികാരികളും വിധിയെഴുതി. എന്നാൽ വിശദമായ വൈദ്യപരിശോധനകൾക്ക് ശേഷം കാരണം മറ്റൊന്നാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ആ കണ്ടെത്തൽ ശാസ്ത്ര ലോകത്തെ മാത്രമല്ല മൊത്തം ജനസമൂഹത്തെയും അത്ഭുതപ്പെടുത്തി.
വളരെക്കാലമായി മനുഷ്യരിലേക്ക് പടരില്ലെന്ന് കണക്കാക്കപ്പെട്ട ഷാമോണ്ട എന്ന വൈറസാണ് ആ അറുപതുകാരന്റെ ജീവനെടുത്തത് എന്നായിരുന്നു ആ കണ്ടെത്തൽ. കുലിക്കോയിഡ്സ് മിഡ്ജസ് എന്ന ചെറു ഈച്ചകളിലൂടെ പകരുന്ന രോഗം കന്നുകാലികൾ, ആടുകൾ, കുതിരകൾ തുടങ്ങിയ മൃഗങ്ങളിലേക്കാണ് പടരുക. ഇതാദ്യമായാണ് ഈ വൈറസ് രോഗം ഒരു മനുഷ്യന് ബാധിക്കുന്നത്.
മനുഷ്യരിൽ വൈറസ് പടരുന്നത് എങ്ങനെ?
ഫ്രഞ്ച് ആരോഗ്യമന്ത്രാലയത്തിന്റെയും കൃഷി മന്ത്രാലയത്തിന്റെയും അഭിപ്രായമനുസരിച്ച് ദുർബലമായ രോഗ പ്രതിരോധശേഷി കാരണമാണ് അറുപതുകാരനെ വൈറസ് ബാധിച്ചത്. ഇയാളുടെ പ്രധാന മരണ കാരണം ഷാമോണ്ട വൈറസാണോ അതോ ജീവൻ അപഹരിച്ച ഒരു ഘടകം മാത്രമാണോ ഇത് എന്ന കാര്യം ലോകാരോഗ്യ സംഘടന പരിശോധിച്ചു വരികയാണ്. രോഗിയിൽ കണ്ടെത്തിയ വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടുണ്ടോ? അതോ തീർത്തും ഒറ്റപ്പെട്ട സംഭവമാണോ ഇത് എന്നറിയാൻ ശാസ്ത്രജ്ഞർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളും (ഇസിഡിസി) ലോകാരോഗ്യ സംഘടനയും യൂറോപ്പിലുടനീളമുള്ള വെറ്റിനറി സ്ഥാപനങ്ങളോട് കന്നുകാലികൾക്കിടയിലെ പ്രസവസമയത്തെ മരണങ്ങൾ (stillbirths), ഗർഭഛിദ്രങ്ങൾ (miscarriages) അല്ലെങ്കിൽ നാഡീസംബന്ധമായ രോഗലക്ഷണങ്ങൾ (neurological symptoms) എന്നിവ നിരീക്ഷിക്കാനും പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഷാമോണ്ട’ എന്ന പേരിന് പിന്നിൽ
നൈജീരിയയിലെ ഇബദാൻ സർവകലാശാല സ്ഥിതി ചെയ്യുന്ന ഷാമോണ്ട എന്ന പ്രദേശത്തിന്റെ പേരാണ് വൈറസിന് നൽകിയിരിക്കുന്നത്. 1965ൽ ഇവിടെയുള്ള ലാബിൽ വച്ചാണ് വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. എന്നാൽ ഈ വർഷം ജൂലൈ അവസാനത്തോടെ യൂറോപ്പിലാണ് വൈറസ് ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കിഴക്കൻ ഫ്രാൻസ് (മരിച്ച രോഗിയുടെ ജന്മദേശം), സ്വിറ്റ്സർലൻഡ്, ജർമ്മനി എന്നിവിടങ്ങളിലെ ഫാമുകളിലെ രോഗബാധിതരായ കന്നുകാലികളിൽ നടത്തിയ ജനിതക പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അയർലൻഡ്, ഓസ്ട്രിയ, ഇറ്റലി, നെതർലാൻഡ്സ്, പോർച്ചുഗൽ, സ്പെയിൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇത് വ്യാപിച്ചു കഴിഞ്ഞു.
സംരക്ഷണ നടപടികൾ
നിലവിൽ ജനങ്ങളോട് യാതൊരുവിധ സംരക്ഷണ നടപടികളോ മുന്നറിയിപ്പുകളോ ഫ്രാൻസ് നിർദേശിച്ചിട്ടില്ല. വൈറസ് പൂർണമായും പ്രാണികളിൽ നിന്ന് പടരുന്നതിനാൽ വ്യക്തികൾ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. രോഗ ബാധിത പ്രദേശങ്ങളിലെ കർഷകത്തൊഴിലാളികൾ കുലിക്കോയിഡ്സ് മിഡ്ജുകൾ പ്രജനനം നടത്തുന്ന സ്ഥലങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുകയും അവരുടെ കന്നുകാലികളെ പരിശോധിക്കുകയും വേണം. പ്രതിരോധ ശേഷി കുറഞ്ഞ കന്നുകാലികളെ പ്രാണികൾ കടിക്കാതിരിക്കാനും ശ്രദ്ധിക്കണം.








