ലോകകപ്പിൽ ഇനി ക്വാർട്ടർ പോരാട്ടങ്ങളുടെ ആവേശം

0
1

ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കിരീടത്തിലേക്കുള്ള യാത്രയിൽ പിഴവുകൾക്ക് ഇടമില്ലാത്ത ഘട്ടത്തിന് നാളെ തുടക്കമാകും. ആദ്യ ക്വാർട്ടറിൽ ടൂർണമെൻ്റിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നായ ഫ്രാൻസ്, ആഫ്രിക്കയുടെ പ്രതീക്ഷകളുമായി എത്തുന്ന മൊറോക്കോയെ നേരിടും. ഇന്ത്യൻസമയം നാളെ പുലർച്ചെ ഒന്നരയ്ക്ക് ഫോക്സ്ബറോയിലാണ് ആവേശപ്പോരാട്ടം.

ഗ്രൂപ്പ് ഘട്ടം മുതൽ പ്രീക്വാർട്ടർ വരെ എതിരാളികളെ വിറപ്പിച്ചാണ് ഫ്രാൻസ് ക്വാർട്ടറിലെത്തിയത്. അഞ്ച് മത്സരങ്ങളിൽ 14 ഗോളുകൾ നേടിയ ഫ്രഞ്ച് പട ടൂർണമെൻ്റിലെ ഏറ്റവും അപകടകാരിയായ ആക്രമണനിരയെന്ന വിശേഷണവും സ്വന്തമാക്കി. സെനഗലിനെയും, ഇറാഖിനെയും, നോർവെയെയും ഗ്രൂപ്പ് ഘട്ടത്തിൽ വീഴ്ത്തിയ ഫ്രാൻസ്. സ്വീഡനെ നോക്കൗട്ടിൽ തകർത്തെറിഞ്ഞു. പ്രീക്വാർട്ടറിലെ പരുക്കൻ കളിയിൽ പരാഗ്വായ്‌യെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് അവസാന എട്ടിലെത്തിയത്.

എന്നാൽ മറുവശത്ത് കറുത്തകുതിരകളെന്ന വിശേഷണമുള്ള കിരീടപ്രതീക്ഷയായി മാറിയിരിക്കുന്ന ആഫ്രിക്കൻ കരുത്തരായ മൊറോക്കോയാണുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച മൊറോക്കോ, സ്കോട്ട്ലൻഡിനെയും ഹെയ്തിയെയും തോൽപ്പിച്ചു. നോക്കൗട്ടിൽ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി. പ്രീക്വാർട്ടറിൽ ആതിഥേയരായ കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ക്വാർട്ടർ ഉറപ്പിച്ചത്. അഷ്റഫ് ഹകീമി നയിക്കുന്ന പ്രതിരോധനിരയാണ് മൊറോക്കോയുടെ കരുത്ത്.

കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഇസ്മായിൽ സായ്ബാരി തിരിച്ചെത്തിയാൽ മുന്നേറ്റത്തിലും ആശങ്കയില്ല. ഈ ലോകകപ്പിൻ്റെ കണ്ടെത്തെലായി മാറിയ അയൂബ് ബുആദിയും മൈതാനത്തെങ്ങും നിറഞ്ഞുകളിക്കുന്ന സാന്നിധ്യം. മൊറോക്കൻ ഫുട്ബോളിൻ്റെ സുവർണനിരയ്ക്ക് കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനം ഇത്തവണ കിരീടത്തിലെത്തിക്കാൻ ഫ്രഞ്ച് കടമ്പ കടക്കണം.

ഫ്രാൻസിൻ്റെ മിന്നും ആക്രമണവും മൊറോക്കോയുടെ അച്ചടക്കമുള്ള പ്രതിരോധവും നേർക്കുനേർ എത്തുമ്പോൾ ക്വാർട്ടർ ഫൈനലിലെ ആദ്യ മത്സരം കടുത്ത പോരാട്ടമാകുമെന്നുറപ്പ്. സെമിയിലേക്കുള്ള ആദ്യ ടിക്കറ്റ് സ്വന്തമാക്കുന്നത് യൂറോപ്യൻ വമ്പന്മാരോ, അതോ ആഫ്രിക്കയുടെ അഭിമാനമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here