ജറുസലേം: അമേരിക്കയും ഇറാനും തമ്മിൽ ധാരണയായ പുതിയ സമാധാന കരാറിനെതിരെ ഇസ്രയേലിൽ കടുത്ത പ്രതിഷേധം. കരാർ ഇസ്രയേലിന് വൻ തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടി ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ നേതാക്കൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രംഗത്തെത്തി. യുദ്ധത്തിന് പൂർണസജ്ജമാകുന്നതിന് മുൻപ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേലിനെ പിന്തിരിപ്പിക്കുകയാണെന്നും വിമർശനമുണ്ട്.
നെതന്യാഹുവിൻ്റെ വിശദീകരണം
കരാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാനുള്ള പോരാട്ടം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. താൻ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം ഇറാൻ ആണവായുധം നേടില്ല. ഇസ്രയേലിന് നേരെയുണ്ടായിരുന്ന ഉന്മൂലന ഭീഷണി ഇല്ലാതാക്കാൻ കഴിഞ്ഞതാണ് സർക്കാരിൻ്റെ നേട്ടം. ഡൊണാൾഡ് ട്രംപുമായി ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഇസ്രയേലിൻ്റെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും നെതന്യാഹു വിശദീകരിച്ചു. രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി ഗസയിലും ലബനാനിലും സിറിയയിലും സുരക്ഷാ മേഖലകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും തെക്കൻ ലബനാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രൂക്ഷവിമർശനവുമായി പ്രതിപക്ഷം
നെതന്യാഹുവിൻ്റെ അഹങ്കാരത്തിൻ്റെയും അന്ധതയുടെയും വിലയാണ് ഇസ്രയേൽ ഇപ്പോൾ നൽകുന്നതെന്ന് മുൻ പ്രധാനമന്ത്രി എഹൂദ് ബരാക് കുറ്റപ്പെടുത്തി. കരാറിലൂടെ ഇറാൻ കൂടുതൽ കരുത്താർജിച്ചപ്പോൾ ഇസ്രയേൽ ദുർബലമായെന്നും ഇതിൻ്റെ പൂർണ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിൻ്റെ വിദേശ-സുരക്ഷാ നയങ്ങളിലുണ്ടായ ഏറ്റവും വലിയ പരാജയമാണിതെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് വിമർശിച്ചു. ഒക്ടോബർ ഏഴിലെ കൂട്ടക്കുരുതിക്ക് ശേഷം ഇറാനു മുന്നിൽ ഇസ്രയേൽ ചരിത്രപരമായ പരാജയം ഏറ്റുവാങ്ങിയെന്ന് മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആരോപിച്ചു. താനായിരുന്നു സ്ഥാനത്തെങ്കിൽ ട്രംപുമായുള്ള ബന്ധം ഉപയോഗിച്ച് ഇസ്രയേലിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കരാർ ബാധകമല്ലെന്ന് ഇസ്രയേൽ
അമേരിക്കയും ഇറാനും തമ്മിലുള്ള കരാർ ഇസ്രയേലിന് ബാധകമല്ലെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ വ്യക്തമാക്കി. ഇസ്രയേൽ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും ഹിസ്ബുല്ലയെ പൂർണമായി ഇല്ലാതാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. ലബനാനിൽ സൈനിക സാന്നിധ്യം തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും വ്യക്തമാക്കിയിട്ടുണ്ട്. ലബനാനിൽ നിന്നുള്ള ഹിസ്ബുല്ലയുടെ ഒരു റോക്കറ്റ് ആക്രമണം മതി നെതന്യാഹുവിനുമേൽ കടുത്ത സമ്മർദം സൃഷ്ടിക്കാനെന്നും ഇത് ഇറാനാണ് മുൻതൂക്കം നൽകുന്നതെന്നും മുൻ യുഎസ് അംബാസഡർ ഡാനിയൽ ഷാപ്പിറോ നിരീക്ഷിച്ചു.
ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ്
ഇറാൻ ആണവ-മിസൈൽ പദ്ധതികൾ പുനരാരംഭിച്ചാൽ അമേരിക്കയുടെ സഹായമില്ലാതെ തന്നെ ഇസ്രയേൽ ആക്രമണം നടത്തുമെന്ന് ജറുസലേം സെൻ്റർ ഫോർ സെക്യൂരിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് സിഇഒ സഗീവ് സ്റ്റെയ്ൻബെർഗ് മുന്നറിയിപ്പ് നൽകി. ഇറാനിൽ തന്നെ കുറഞ്ഞ തോതിൽ യുറേനിയം സമ്പുഷ്ടീകരിക്കാൻ കരാർ അനുവദിക്കുന്നത് ഭാവിയിൽ വലിയ ഭീഷണിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ലബനാൻ ഈ കരാറിൻ്റെ ഭാഗമല്ലെന്നും ഹിസ്ബുല്ലയ്ക്കെതിരായ നടപടികൾ തുടരുമെന്നും ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസാർ വ്യക്തമാക്കി. ഇറാനിലെ ഭരണമാറ്റമല്ല, മറിച്ച് ആണവ-മിസൈൽ ഭീഷണികൾ ഇല്ലാതാക്കുകയാണ് ഇസ്രയേലിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധവും സമാധാന കരാറും
ഇറാൻ്റെ ആണവ മോഹങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും യുദ്ധം ആരംഭിച്ചത്. എന്നാൽ നാല് മാസത്തോളം നീണ്ട വ്യോമാക്രമണങ്ങളെ അതിജീവിച്ച ഇറാൻ നിലവിൽ കൂടുതൽ ശക്തമായ അവസ്ഥയിലാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഏറ്റെടുത്ത ഇറാൻ ആഗോള വ്യാപാരത്തെയും വിലനിലവാരത്തെയും സ്വാധീനിച്ചിരുന്നു. പുതിയ കരാർ പ്രകാരം ഇറാനുമേലുള്ള ഉപരോധങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കാനും മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകാനും ധാരണയായിട്ടുണ്ട്.
വെള്ളിയാഴ്ച കരാർ ഒപ്പുവയ്ക്കുന്നതോടെ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോടിക്കണക്കിന് ഡോളർ ഇറാനിലെ ഭരണകൂടത്തിന് ലഭിക്കുന്നത് ഭീഷണിയാകുമെന്നും ആണവ അടിസ്ഥാന സൗകര്യങ്ങൾ അതേപടി നിലനിൽക്കുമെന്നും മുൻ ജനറൽ യായിർ ഗോലാൻ വിമർശിച്ചു. യുദ്ധം ഇറാൻ്റെ ആണവ പദ്ധതികളെ വൈകിപ്പിച്ചെങ്കിലും അവരുടെ ലക്ഷ്യങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷക അന്ന ബാർസ്കി ചൂണ്ടിക്കാട്ടി. ലബനാനെക്കൂടി കരാറിൻ്റെ ഭാഗമാക്കണമെന്നാണ് ഇറാൻ്റെ നിലപാട്.








