ന്യൂഡൽഹി : എത്ര വിശ്രമിച്ചിട്ടും മാറാത്ത കടുത്ത ശാരീരിക ക്ഷീണത്തിനും ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള താല്‌പര്യക്കുറവിനും പിന്നിൽ വിറ്റാമിൻ B12 , ഫോളേറ്റ് (വിറ്റാമിൻ B9) എന്നിവയുടെ കുറവാകാമെന്ന് പഠനം. ശരീരത്തിൽ ഈ വിറ്റാമിനുകളുടെ അളവ് കുറയുമ്പോൾ രക്തത്തിൽ ‘ഹോമോസിസ്റ്റീൻ’ (Homocysteine) എന്ന ഘടകത്തിൻ്റെ അളവ് വർധിക്കുന്നതായും ഇത് പുരുഷന്മാരിൽ കടുത്ത ശാരീരിക തളർച്ചയ്ക്കും സ്ത്രീകളിൽ മാനസികമായ മടുപ്പിനും കാരണമാകുന്നതായും ഗവേഷകർ കണ്ടെത്തി. ജപ്പാനിലെ ഒസാക്ക മെട്രോപൊളിറ്റൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
എന്താണ് ഹോമോസിസ്റ്റീൻ? വിറ്റാമിൻ കുറവ് ബാധിക്കുന്നത് എങ്ങനെ?
നമ്മുടെ തെറ്റായ ഭക്ഷണരീതികൾ മൂലമാണ് ശരീരത്തിൽ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളായ B12, ഫോളേറ്റ് എന്നിവയുടെ കുറവുണ്ടാകുന്നത്. ഇവ കുറയുമ്പോൾ രക്തത്തിലെ ഹോമോസിസ്റ്റീൻ്റെ അളവ് സ്വാഭാവികമായും ഉയരും. മുൻകാലങ്ങളിൽ രക്തത്തിലെ ഉയർന്ന ഹോമോസിസ്റ്റീൻ അളവ് ഹൃദ്രോഗം, ഡിമെൻഷ്യ (മറവിരോഗം), അസ്ഥിരോഗങ്ങൾ എന്നിവയുമായാണ് ബന്ധപ്പെടുത്തിയിരുന്നതെന്ന് മുഖ്യ ഗവേഷകനായ ഹിരോആക്കി കനൂച്ചി പറയുന്നു. എന്നാൽ ഭാവിയിൽ വ്യക്തികളുടെ ക്ഷീണവും മനോഭാവവും വിലയിരുത്തുമ്പോൾ ഈ ഘടകത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആറായിരത്തിലധികം ആളുകളിൽ നടത്തിയ പഠനം; സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്‌ത ലക്ഷണങ്ങൾ
‘ന്യൂട്രിയൻ്റ്സ്’ (Nutrients) എന്ന അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരോഗ്യവാന്മാരായ അറൂനൂറിലധികം ജാപ്പനീസ് പൗരന്മാരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരുടെ രക്തത്തിലെ ഹോമോസിസ്റ്റീൻ, ഫോളേറ്റ്, വിറ്റാമിൻ B12 എന്നിവയുടെ അളവ് പരിശോധിക്കുകയും പ്രത്യേക ചോദ്യാവലിയിലൂടെ ഇവരുടെ ക്ഷീണവും താല്‌പര്യക്കുറവും വിലയിരുത്തുകയും ചെയ്‌തു.
സ്ത്രീ പുരുഷ ഭേദമന്യേ രക്തത്തിൽ ഹോമോസിസ്റ്റീൻ കൂടിയവരിൽ വിറ്റാമിൻ B12, ഫോളേറ്റ് എന്നിവ വളരെ കുറവാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. എന്നാൽ ഇതിൻ്റെ ലക്ഷണങ്ങൾ ഇരുവിഭാഗത്തിലും വ്യത്യസ്‌തമായിരുന്നു.പുരുഷന്മാരിൽ ഹോമോസിസ്റ്റീൻ്റെ അളവ് ഉയർന്ന നിലയിലയിൽ ആണെങ്കിൽ കടുത്ത ശാരീരിക ക്ഷീണം (Physical Fatigue) അനുഭവിക്കുന്നതായി കണ്ടെത്തി.സ്ത്രീകളിൽ ഹോമോസിസ്റ്റീൻ കൂടിയാൽ ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള ഉന്മേഷവും താല്പര്യവും (Motivation) കുറയുന്നതായി രേഖപ്പെടുത്തി.
സന്തുലിത ഭക്ഷണം ശീലമാക്കുക; പരിഹാരവുമായി ഗവേഷകർ
വിട്ടുമാറാത്ത ക്ഷീണവും മടുപ്പും ഒരു വ്യക്തിയുടെ ഉൽപ്പാദനക്ഷമതയെയും ജീവിതനിലവാരത്തെയും ദോഷകരമായി ബാധിക്കുകയും വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ ശരീരത്തിൽ ഹോമോസിസ്റ്റീൻ്റെ അളവ് കൂടാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വിറ്റാമിൻ B12, ഫോളേറ്റ് എന്നിവ അടങ്ങിയ സന്തുലിതമായ ആഹാരക്രമം ദിനചര്യയുടെ ഭാഗമാക്കണമെന്ന് ഗവേഷകനായ ഹിരോആക്കി കനൂച്ചി നിർദ്ദേശിക്കുന്നു.
കാരണമില്ലാത്ത ക്ഷീണത്തെ കേവലം ജോലിഭാരമായി തള്ളിക്കളയാതെ ശരീരത്തിലെ പോഷകാഹാരക്കുറവിൻ്റെ ലക്ഷണമായി കാണണമെന്ന് ഈ പഠനം ഓർമ്മിപ്പിക്കുന്നു. കൃത്യമായ ഭക്ഷണശീലത്തിലൂടെയും ആവശ്യമെങ്കിൽ വൈദ്യസഹായത്തോടെയുള്ള വിറ്റാമിൻ സപ്ലിമെൻ്റുകളിലൂടെയും ഈ ശാരീരിക-മാനസിക തളർച്ചകളെ ഒരു പരിധി വരെ മറികടക്കാൻ സാധിക്കും.









