ഇടുക്കിയിൽ ഭീതി വിതച്ച് ഡെങ്കിപ്പനി വ്യാപനം;

0
17

ഇടുക്കി: മലയോര മേഖലയെയാകെ ആശങ്കയിലാഴ്ത്തി ഇടുക്കി ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം അതിരൂക്ഷമാകുന്നു. ഹൈറേഞ്ചിലെ തോട്ടം-കാർഷിക മേഖലകളെ നിശ്ചലമാക്കിക്കൊണ്ട് പനിപ്പേടി പടരുമ്പോൾ, പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ജില്ലയിൽ ഇതുവരെ 114 ഔദ്യോഗിക ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. എന്നാൽ, കൃത്യമായ പരിശോധനകൾക്ക് വിധേയമാകാത്ത നിരവധി ആളുകൾ ഇപ്പോഴും മലയോര ഗ്രാമങ്ങളിൽ ഉള്ളതിനാൽ യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഇതിലും മുകളിലാണെന്നാണ് സൂചന.

ഹൈറേഞ്ചിലെ പ്രധാന വാണിജ്യ-തോട്ടം മേഖലകളിലൊന്നായ ശാന്തൻപാറ ഗ്രാമപഞ്ചായത്താണ് നിലവിൽ രോഗവ്യാപനത്തിൻ്റെ പ്രഭവകേന്ദ്രം. ഇവിടെ മാത്രം ഇതുവരെ 19 കേസുകൾ സ്ഥിരീകരിച്ചു കഴിഞ്ഞു. ശാന്തൻപാറയിലെ ചേരിയാർ മേഖലയിലാണ് രോഗബാധ ഏറ്റവും ഭീതിദമായ സാഹചര്യമുണ്ടാക്കിയിരിക്കുന്നത്. രോഗവ്യാപന തോതിൽ ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള തട്ടക്കുഴയിൽ 7 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. തോട്ടം തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ലയങ്ങളും തോട്ടങ്ങളുമാണ് രോഗബാധയുടെ പ്രധാന കേന്ദ്രങ്ങളായി മാറുന്നത്.

ആരോഗ്യവകുപ്പിൻ്റെ അടിയന്തര ഇടപെടൽ

മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചുസ്ഥിതിഗതികൾ നിലവിൽ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും പനി ബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന പ്രതിദിന വർദ്ധനവ് ആശങ്കാജനകമാണ്. രോഗവ്യാപനം തടയുന്നതിനായി പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യവകുപ്പിൻ്റെയും നേതൃത്വത്തിൽ അടിയന്തര യോഗങ്ങൾ ചേരുകയും പ്രതിരോധ നടപടികൾക്ക് രൂപം നൽകുകയും ചെയ്‌തിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വൺ ഹെൽത്ത് വോളൻ്റിയർമാർ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ സ്ക്വാഡ് പ്രവർത്തനങ്ങളാണ് ടൗണുകളിലും ഉൾഗ്രാമങ്ങളിലും നടക്കുന്നത്. രോഗബാധ കടുത്ത മേഖലകളിൽ മെഡിക്കൽ ക്യാമ്പുകളും പ്രത്യേക ബോധവൽക്കരണ ക്ലാസുകളും ആരംഭിച്ചുകഴിഞ്ഞു. ഡി.എം.ഓ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.

അനാസ്ഥ തുടർന്നാൽ മരണം വരെ സംഭവിക്കാം

രോഗത്തെക്കുറിച്ച് ജനങ്ങൾക്ക് അവബോധമുണ്ടെങ്കിലും ഉറവിട നശീകരണത്തിൽ ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചയാണ് പനി പടരാൻ പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്

“ഡെങ്കിപ്പനിയെ ഒട്ടും നിസാരമായി കാണരുത്. സാധാരണ നിലയിൽ കടുത്ത ശരീരവേദനയും പനിയുമായി തുടങ്ങി അഞ്ചോ ആറോ ദിവസം കൊണ്ട് കൃത്യമായ വിശ്രമത്തിലൂടെയും ചികിത്സയിലൂടെയും ഇത് മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ, ഒന്നിൽ കൂടുതൽ തരം ഡെങ്കി വൈറസുകൾ ശരീരത്തിൽ പ്രവേശിക്കുന്ന അവസ്ഥയുണ്ടായാൽ അത് ആന്തരിക രക്തസ്രാവം, ഷോക്ക് തുടങ്ങിയ അതീവ ഗുരുതരമായ അവസ്ഥകളിലേക്കും ഒടുവിൽ മരണത്തിലേക്ക് വരെയും നയിച്ചേക്കാം,” ഹൈറേഞ്ച് മേഖലകളിൽ അനുഭവപ്പെടുന്ന കടുത്ത ജാഗ്രതക്കുറവും വെള്ളം തുറന്ന പാത്രങ്ങളിൽ സൂക്ഷിക്കുന്ന ശീലവും കൊതുക് വളരാൻ പ്രധാന കാരണമാകുന്നുണ്ട്.

ജലക്ഷാമം നേരിടുന്നതിനാൽ വലിയ ഡ്രമ്മുകളിലും ചരുവങ്ങളിലും വെള്ളം തുറന്നു സൂക്ഷിക്കുന്നതാണ് കൊതുകുകൾക്ക് മുട്ടയിട്ടു വളരാൻ അനുകൂല സാഹചര്യം ഒരുക്കുന്നത്. പലയിടങ്ങളിലും ആരോഗ്യപ്രവർത്തകർ നേരിട്ടെത്തിയാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുന്നത്. പൊതുജനങ്ങൾ സ്വയം മുൻകൈ എടുത്ത് സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ അരുത്

കടുത്ത പനി, കണ്ണിന് പുറകിലെ വേദന, പേശിവേദന, സന്ധിവേദന, ശരീരത്തിൽ ചുവന്ന തടിപ്പുകൾ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും നേരിട്ട് ഗുളികകൾ വാങ്ങി കഴിച്ച് സ്വയംചികിത്സ നടത്തുന്നത് സ്ഥിതിഗതികൾ വഷളാക്കും. പനിയുള്ളവർ നിർബന്ധമായും തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ സർക്കാർ ആശുപത്രികളിലോ എത്തി വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാകണം. തോട്ടം മേഖലകളിൽ കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും, വരും ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്‌ച വരുത്തുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here