പണം വാങ്ങി തോൽപ്പിച്ചു വാർത്ത അടിസ്ഥാനരഹിതമെന്ന് വി. ശിവൻകുട്ടി

0
44

ചില മാധ്യമങ്ങളിൽ തന്നെയും പാർട്ടിയെയും ലക്ഷ്യമിട്ട് വന്നിട്ടുള്ള വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി. നിയമസഭ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ തന്നെ തോൽപ്പിക്കാൻ ചില പാർട്ടി നേതാക്കൾ ബി.ജെ.പിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന തരത്തിലുള്ള വാർത്തകൾ പാർട്ടിയുടെയും അണികളുടെയും പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരം വ്യാജ പ്രചാരണങ്ങൾ പാർട്ടിയെയും ലക്ഷക്കണക്കിന് ആത്മാർത്ഥതയുള്ള പാർട്ടി പ്രവർത്തകരെയും സമൂഹത്തിന് മുന്നിൽ അധിക്ഷേപിക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും വളർന്നുവന്ന പ്രസ്ഥാനമാണ് സിപിഎമ്മെന്നും പാർട്ടിയുടെ ഉൾപ്പാർട്ടി ജനാധിപത്യത്തെയും ചർച്ചകളെയും ചില മാധ്യമ സ്ഥാപനങ്ങൾ ബോധപൂർവ്വം തെറ്റായി വ്യാഖ്യാനിച്ച് കള്ളക്കഥകൾ ചമയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഫാസിസ്റ്റ് ശക്തികളെയും വലതുപക്ഷ ജനവിരുദ്ധ നയങ്ങളെയും പരാജയപ്പെടുത്തുന്നതിൽ നേമത്തെയും തിരുവനന്തപുരത്തെയും പാർട്ടി പ്രവർത്തകരും ജനങ്ങളും ഒറ്റക്കെട്ടാണ്. ഈ രാഷ്ട്രീയ ബോധത്തെ തകർക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ നിരന്തര ശ്രമങ്ങൾ നടത്തുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. ഇത്തരം വ്യാജ പ്രചാരണങ്ങൾ കൊണ്ട് പാർട്ടി പ്രവർത്തകർക്കിടയിൽ ഭിന്നതയോ ആശയക്കുഴപ്പമോ ഉണ്ടാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ ജനകീയ അടിത്തറ ദുർബലപ്പെടുത്താനാള്ള ബോധപൂർവ്വമായ നീക്കങ്ങൾ ജനം തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജനവിരുദ്ധ ശക്തികൾക്കെതിരെ പോരാട്ടം തുടരും’

ജനവിരുദ്ധ ശക്തികൾക്കെതിരായ പോരാട്ടത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും. ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും തയ്യാറാകണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു.

നേമത്തെ തിരഞ്ഞെടുപ്പ് ഫലം

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെപി ജയിച്ച മൂന്നു മണ്ഡലങ്ങളിൽ ഒന്നാണ് നേമം. സിറ്റിംഗ് എം.എൽ.എയും കഴിഞ്ഞ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ബി.ജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് ജയിച്ചത്. മുൻ എം.എൽ.എ കെ.എസ് ശബരീനാഥനായിരുന്നു ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി.

2016-ൽ ബി.ജെപി സംസ്ഥാന നിയമസഭയിൽ ആദ്യമായി അക്കൌണ്ട് തുറന്നതും നേമത്തായിരുന്നു, മുതിർന്ന നേതാവ് ഒ. രാജഗോപാലായിരുന്നു അന്ന് വിജയിച്ചത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വി ശിവൻകുട്ടി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ച് പിടിക്കുകയായിരുന്നു. ഇത്തവണ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മണ്ഡലമായിരുന്നു നേമം.

LEAVE A REPLY

Please enter your comment!
Please enter your name here