വാഷിങ്‌ടണ്‍: ഇറാനുമായി ചർച്ച നടത്താനും നിലവിലുള്ള സംഘർഷം ഉടൻ അവസാനിപ്പിക്കാനും തയാറാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും, കരാർ ഒപ്പിട്ടാൽ വരും ദിവസങ്ങളിൽ എണ്ണവില കുറയുമെന്നും ട്രംപിൻ്റെ അവകാശവാദം.
യുദ്ധം ഉടൻ അവസാനിക്കും. അതിനായി ഇറാൻ കരാറിൽ എത്തണം. അങ്ങനെയെങ്കിൽ ആഗോള എണ്ണവിലയിൽ കുറവ് സംഭവിക്കും. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അനുകൂലമായ ഒരു സമാധാന കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ ഇറാൻ മുൻപ് കണ്ടിട്ടില്ലാത്ത വിധം കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഭീഷണിയും മുന്നറിയിപ്പുമായി ഇരു രാജ്യങ്ങളും രംഗത്ത് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇറാനിലെ യുദ്ധനടപടികൾ അവസാനിപ്പിക്കണമെന്ന പ്രമേയത്തിൽ നടന്ന പ്രാഥമിക വോട്ടെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ പ്രമുഖ അംഗങ്ങൾ ട്രംപിനെതിരെ വോട്ട് രേഖപ്പെടുത്തിയത് വലിയ തിരിച്ചടിയ്‌ക്ക് കാരണമായിരിക്കുകയാണ്. ഇതോടെ ട്രംപിനെതിരെ യുഎസ് സെനറ്റിൽ ഭരണപക്ഷത്തുനിന്നുള്ള എതിർപ്പും ശക്തമാവുകയാണ്.
ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്‌തത് നാല് റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കോളിൻസ്, ലിസ മുർകോവ്സ്‌കി, റാൻഡ് പോൾ, ബിൽ കാസിഡി എന്നിവരായിരുന്നു. ഭരണഘടനാ വിരുദ്ധമായ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമമാണിതെന്നാണ് ആദം ഷിഫ് നടപടിയെ വിശേഷിപ്പിച്ചത്. അമേരിക്ക യുദ്ധത്തിനായി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. എന്നാൽ രാജ്യത്തെ ജനങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധികൾ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഭരണഘടനാവിരുദ്ധ യുദ്ധം നാം അവസാനിപ്പിക്കണമെന്നും ആദം ഷിഫ് എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം നടത്താനിരുന്ന സൈനിക ആക്രമണം പിൻവലിച്ചതായി അമേരിക്ക അറിയിച്ചിരുന്നു. ഗള്‍ഫ് സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. യുദ്ധം അവസാനിപ്പിക്കാൻ ഗൗരവമേറിയ ചർച്ചകൾ നടക്കുന്നുണ്ടെന്നും അതിനാല്‍ ഇറാനെതിരെ നടത്താനിരുന്ന സൈനിക നടപടി പിൻവലിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇറാനുമായുള്ള കരാർ ഉടൻ ഉണ്ടായേക്കുമെന്ന് കരുതുന്നതിനാല്‍ ഗൾഫിലെ അമേരിക്കയുടെ സഖ്യകക്ഷികൾ തന്നോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷികളാണ് അഭ്യർഥന മുൻപോട്ട് വച്ചത്. ഇറാനെതിരായ സൈനിക നടപടി പിൻവലിച്ചെന്ന ട്രംപിന്‍റെ പ്രതികരണത്തിന് പിന്നാലെ എണ്ണവിലയും ഇടിഞ്ഞിരുന്നു. വില രണ്ട് ഡോളറിലധികം ഇടിഞ്ഞുവെന്നാണ് റിപ്പോർട്ടുകള്‍.






