ദുബായ്: ഈ വർഷത്തെ ഈദ് അൽ അദ്ഹ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്കും യുഎഇയിലെ ഫെഡറൽ ജീവനക്കാർക്കും സ്കൂളുകൾക്കും ഇത്തവണ നീണ്ടൊരു അവധിയാണ് ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടർ അനുസരിച്ച് ദുൽ ഹിജ്ജയുടെ പത്താം ദിവസമാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
അതിനാൽ തന്നെ മെയ് 17 ഞായറാഴ്ച ദുൽ ഹിജ്ജ മാസപ്പിറവി കാണുന്നതിനാൽ ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് വിപുലമായ പരിപാടിയാണ് സംഘടിപ്പിക്കുക. ദുബായിലെ ജബൽ നസ്വ ട്രെയിലിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ഈ മാസപ്പിറവി കാണൽ പരിപാടിയിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാനുള്ള അവസരവും ഒരുക്കും.
എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ കണക്കുകൂട്ടലുകൾ അനുസരിച്ച് മെയ് 17 ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം അമാവാസിയായിരിക്കും. ഇതനുസരിച്ച് ദുൽ ഹിജ്ജ ഒന്നാം തീയതി മെയ് 18 തിങ്കളാഴ്ചയായിരിക്കാനാണ് സാധ്യത. അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയും ഈദ് അൽ അദ്ഹ മെയ് 27 ബുധനാഴ്ചയും ആയിരിക്കും.
അതേസമയം യുഎഇയിലെ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചത്.
അവധിക്ക് ശേഷം ജൂൺ 1 തിങ്കളാഴ്ച മുതൽ വീണ്ടും പുനരാരംഭിക്കും. ഇത് യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് അവരുടെ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ നീണ്ട സമയമാണ് നൽകുന്നത്. അതേസമയം ഷാർജയിലെ സർക്കാർ ജീവനക്കാർക്കും ഇത്തവണ ലഭിക്കുന്നത് ഒരു വലിയ അവധി തന്നെയാണ്.
ഷാർജ മാനവ വിഭവശേഷി വകുപ്പിന്റെ പ്രഖ്യാപനം അനുസരിച്ച് സർക്കാർ വകുപ്പുകൾക്കും അതോറിറ്റികൾക്കും മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് അവധി ലഭിക്കുക. വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് പത്ത് ദിവസത്തെ അവധിയാണ് ലഭിക്കുക.
ജൂൺ 1 തിങ്കളാഴ്ചയാണ് ഷാർജയിലും ഔദ്യോഗിക പ്രവൃത്തി പുനരാരംഭിക്കുക. അതുപോലെ യുഎഇയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സന്തോഷവാർത്തയുമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രഖ്യാപനവും എത്തിക്കഴിഞ്ഞു. ഈദ് അൽ അദ്ഹയോട് അനുബന്ധിച്ച് മൂന്നാം അക്കാദമിക് ടേമിനുള്ള മധ്യവേനൽ അവധി മെയ് 25 മുതൽ മെയ് 29 വരെയായിരിക്കും.
മുമ്പും ശേഷവുമുള്ള വാരാന്ത്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ സ്കൂൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഒമ്പത് ദിവസത്തെ അവധിയാണ് ഇത്തവണ ലഭിക്കുക. അധ്യയന വർഷത്തിലെ പരീക്ഷാ തീയതികളും ഫലപ്രഖ്യാപനങ്ങളും എല്ലാം ഉൾപ്പെടുത്തിയാണ് ഈ അവധി ക്രമീകരിച്ചിരിക്കുന്നത്.
കൂടാതെ ദുബായിലെയും ഷാർജയിലെയും സ്വകാര്യ സ്കൂളുകൾക്കും ഇതേ രീതിയിൽ തന്നെയാണ് അവധി പ്രഖ്യാപിച്ചത്. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെഎച്ച്ഡിഎ മെയ് 25 മുതൽ മെയ് 29 വരെ അവധിയായിരിക്കുമെന്നും അറിയിച്ചു. ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്കും മെയ് 25 മുതൽ മെയ് 28 വരെയായിരിക്കും അവധി. വാരാന്ത്യങ്ങൾ ഉൾപ്പെടെ ഇത്തവണ 10 ദിവസത്തെ അവധിയാണ് ലഭിക്കുക.
യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചത്. മെയ് 23, 24 ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ഇതിനോടൊപ്പം ചേരുമ്പോൾ തുടർച്ചയായ 7 ദിവസത്തെ അവധി വരെ ലഭിച്ചേക്കാം.








