രാജ്യത്ത് സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങൾക്ക് ഇരട്ടി ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതോടെ വൻ തിരിച്ചടി നേരിട്ട് വ്യാപാരികൾ. സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം സ്വർണം, വെള്ളി വ്യാപാരികളെ ആശങ്കയിലാഴ്‌ത്തി. അമിതമായ സ്വർണവില വർധനവും, ഉപഭോക്താക്കൾ സ്വർണം വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതും എല്ലാം മേഖലയെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാവിയിലും ഇതിൻ്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് സ്വർണ വ്യാപാരികളുടെ വിലയിരുത്തൽ.
ഉയർന്ന സ്വർണ വില കാരണം ആഭരണങ്ങളുടെ ആവശ്യകത ഗണ്യമായി കുറഞ്ഞു. ഭാരം കുറഞ്ഞ ആഭരണങ്ങൾ തെരഞ്ഞെടുക്കാൻ തുടങ്ങിയതും സ്വർണത്തോടുള്ള ജനങ്ങളുടെ താത്‌പ്പര്യം കുറയുന്നതുമെല്ലാം വ്യാപാരത്തെ ബാധിക്കുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിൻ്റെ നയങ്ങൾക്കൊണ്ടേൽക്കുന്ന വൻ തിരിച്ചടികളും.
കേരളത്തിൻ്റെ സ്വർണ വിപണി എങ്ങനെ സംരക്ഷിക്കാം?
ഇത്തരം സാഹചര്യത്തിൽ ഇന്ത്യയിൽ സ്വർണം വാങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുകയല്ല പകരം രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ള സ്വർണം പുനരുപയോഗത്തിന് സാധ്യമാകുന്ന രീതിയിൽ നയപരമായ തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്‌ദുൽ നാസറിൻ്റെ അഭിപ്രായം.
ഏകദേശം 800 ടൺ സ്വർണം ഒരു വർഷം ഇറക്കുമതി ചെയ്യുമ്പോൾ 12 ലക്ഷം കോടി രൂപയാണ് ഒരോ വർഷവും ചെലവാകുന്നത്. റി സൈക്ലിങ് കൃത്യമായി പ്രോത്സാഹിപ്പിക്കുന്ന നടപടികളും ഒരു ക്രമബദ്ധമായ ബുള്ളിയൻ ബാങ്കിങ് സംവിധാനവും രൂപീകരിച്ച് നിയമപരവും സുതാര്യവുമായ രീതിയിൽ ഫലപ്രദമായി നടപ്പിലാക്കുകയാണെങ്കിൽ, അനാവശ്യമായ സ്വർണ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനും, രാജ്യത്തിൻ്റെ വിദേശനാണയ ചെലവ് ലാഭിക്കാനും, അതേസമയം ആഭരണ മേഖലയിലെ ബിസിനസ് തുടർച്ചയും തൊഴിലും ഉറപ്പാക്കാനും സാധിക്കും.
ഇന്ത്യയിൽ സ്വർണം ആഭരണമായി അണിയുന്നതിന് മാത്രമല്ല, അത് സമ്പാദ്യം, സുരക്ഷ, ആഗോള കറൻസി, നിക്ഷേപം, സംസ്‌കാരം, സ്ത്രീ ശാക്തീകരണം, തൊഴിൽ എന്നിങ്ങനെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വലിയ സാമ്പത്തിക ആവാസവ്യവസ്ഥയാണ്. സ്വർണം ഒരു ആഗോള കറൻസിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുന്നതിനെ നിയന്ത്രിക്കുന്നതല്ല, മറിച്ച് രാജ്യത്തിനുള്ളിലെ സ്വർണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരുന്ന നയങ്ങൾ സർക്കാർ സ്വീകരിക്കുകയാണ് വേണ്ടത്. ഇന്ത്യയുടെ സ്വർണ കരുത്ത് കൃത്യമായി ഉപയോഗിച്ചാൽ സ്വർണ ഇറക്കുമതി പൂർണമായി ഇല്ലാതാക്കാൻ കഴിയുമെന്നാണ് അബ്‌ദുൽ നാസർ വ്യക്തമാക്കുന്നത്.
രാജ്യത്തെ വലയ്‌ക്കുന്ന കേന്ദ്ര നടപടികൾ
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ സ്വർണം, വെള്ളിയുൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങൾക്ക് ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായിട്ടാണ് കേന്ദ്രം ഇറക്കുമതി തീരുവ വർധിപ്പിച്ചത്. പുതുക്കിയ തീരുവ ഘടനയിൽ 10 ശതമാനം അടിസ്ഥാന കസ്‌റ്റംസ് തീരുവയും (ബിസിഡി) അഞ്ച് ശതമാനം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസും (എഐഡിസി) ഉൾപ്പെടുത്തി.
വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിക്കുള്ള സാമൂഹിക ക്ഷേമ സർചാർജ് (എസ്‌ഡബ്ലൂഎസ്), എഐഡിസി എന്നിവയും പരിഷ്‌ക്കരിച്ചു. വിദേശനാണ്യം ലാഭിക്കുന്നതിൻ്റെ ഭാഗമായി അനാവശ്യമായി സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് ആവശ്യപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇറക്കുമതി തീരുവ ഇരട്ടിയാക്കിയിരിക്കുന്നത്.
വിദേശ ലോഹങ്ങളുടെ വാങ്ങലുകൾ നിയന്ത്രിക്കുന്നതിനും രാജ്യത്തിൻ്റെ വിദേശനാണ്യക്കരുതൽ ശേഖരത്തിലുള്ള സമ്മർദം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേന്ദ്രം ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽ നിന്ന് 15 ശതമായി ഉയർത്തിയിരിക്കുന്നത് എന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം ഇന്ത്യയുടെ ഇറക്കുമതി ബിൽ വർധിക്കുന്നതും വിദേശനാണ്യ കരുതൽ ശേഖരത്തിൽ വർധിച്ചുവരുന്ന സമ്മർദവും സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് കേന്ദ്രത്തിൻ്റെ ഈ നീക്കം.
കണക്കുകൾ പ്രകാരം 2025-26 ൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 24 ശതമാനത്തിലധികം ഉയർന്ന 71.98 ബില്യൺ യുഎസ് ഡോളറിലെത്തിയപ്പോൾ, ഇറക്കുമതി അളവ് 721.03 ടണ്ണായി നേരിയ തോതിൽ കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയും കുത്തനെ ഉയർന്നു. ഇന്നല തന്നെ പവന് 1,500 രൂപ ഉയർന്ന് 1,56,800 രൂപയിലെത്തി. അതേസമയം, വെള്ളി വില കിലോയ്‌ക്ക് 12,000 രൂപ ഉയർന്ന് 2,77,000 രൂപയായിരുന്നു വിപണിയിൽ.
തീരുവ വർധനവിന് പിന്നിലെ കാരണം
നേരത്തെ രത്ന-ആഭരണ വ്യവസായത്തെ പിന്തുണയ്‌ക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമായാണ് 2024-25 ബജറ്റിൽ സർക്കാർ സ്വർണത്തിൻ്റെ കസ്‌റ്റംസ് തീരുവ ആറ് ശതമാനമായി കുറച്ചിരുന്നത്. എന്നിരുന്നാലും ഇപ്പോൾ തീരുവയിൽ മാറ്റം വരുത്തുന്നതിന് പശ്ചിമേഷ്യയിലെ ഭൗമരാഷ്‌ട്രീയ സാഹചര്യവും രൂപയുടെ മേലുള്ള സമ്മർദവും സ്വാധീനിക്കുന്നുണ്ട്. കറൻ്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കുന്നതിനും രൂപ സ്ഥിരപ്പെടുത്തുന്നതിനുമായി 2022-ൽ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനിടയിലും ഇന്ത്യ സ്വർണ ഇറക്കുമതി തീരുവ 15 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.
മുന്നറിയിപ്പുമായി സാമ്പത്തിക ഉപദേഷ്‌ടാക്കൾ
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തെ ഇന്ത്യയ്ക്ക് ഒരു “ലൈവ് ബാലൻസ് ഓഫ് പേയ്‌മെൻ്റ് സ്ട്രെസ് ടെസ്‌റ്റ്” എന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് വി അനന്ത നാഗേശ്വരൻ വിശേഷിപ്പിച്ചിരിക്കുന്നത്. പണപ്പെരുപ്പം, രൂപയുടെ മൂല്യം, രാജ്യത്തിൻ്റെ ഇറക്കുമതി ബില്ല് എന്നിവയിൽ വിദേശ രാജ്യങ്ങളുടെ സംഘർഷം എങ്ങനെ സ്വാധീക്കുന്നു എന്നാണ് മുന്നറിയിപ്പ് നൽകുന്നത്. ഇന്നലെ (മെയ് 12) യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 95.63 എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തിയിരുന്നു.
ഈ ആഴ്‌ച ആദ്യം ഹൈദരാബാദിൽ നടന്ന ഒരു പൊതുപാരിപാടിക്കിടെയാണ് പ്രധാനമന്ത്രി സ്വർണ വാങ്ങലുകൾ നിയന്ത്രിക്കാനും അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കി ആഭ്യന്തര യാത്രകൾ പ്രോത്സാഹിപ്പിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടത്. ഇതിന് പുറമേ ഇന്ധന ഉപഭോഗം കുറയ്ക്കാനും, പൊതുഗതാഗതം ഉപയോഗിക്കാനും നിർദേശിച്ചു. പ്രതിസന്ധി ഘട്ടത്തിൽ വിദേശനാണ്യം ലാഭിക്കാൻ സഹായിക്കുന്നതിനായാണ് ഈ നീക്കമെന്നും മോദി വ്യക്തമാക്കി.








