ട്രംപിൻ്റെ ഭീഷണിക്ക് അതേ നാണയത്തിൽ മറുപടി നൽകി ഇറാൻ

0
34

ടെഹ്‌റാൻ: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണികൾക്ക് മറുപടിയുമായി ഇറാൻ. തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ സമാനമായ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് മുന്നറിയിപ്പ് നൽകി. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ട്രംപിൻ്റെ ഭീഷണി

ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ സമാനമായ രീതിയിൽ പ്രതികരിക്കുമെന്ന് തങ്ങളുടെ സായുധ സേന വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇസ്മായിൽ ബഗായ് പറഞ്ഞു. അമേരിക്കയുടെ ഉടമസ്ഥതയിലുള്ളതോ അവരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളെയും സായുധ സേന ലക്ഷ്യമിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനോടുള്ള ആക്രമണങ്ങൾക്ക് സഹായകരമാകുന്ന ഏത് സൗകര്യങ്ങൾക്ക് നേരെയും ആക്രമണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ സംഘർഷം അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കാനും വാഷിങ്ടണുമായി കരാറിലെത്താൻ ഇറാൻ തയാറായില്ലെങ്കിൽ സൈനിക നടപടിയുണ്ടാകുമെന്ന ട്രംപിൻ്റെ ഭീഷണിക്കാണ് വിദേശകാര്യ മന്ത്രാലയ വക്താവ് മറുപടി നൽകിയത്. ആക്സിയോസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, കരാറിലെത്താൻ വലിയ സാധ്യതയുണ്ടെന്നും എന്നാൽ അതിന് തയാറായില്ലെങ്കിൽ അവിടെയുള്ളതെല്ലാം തകർക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ചർച്ചകൾ പുരോഗമിക്കുകയാണെന്നും അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ഒരു കരാറിലെത്താൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അന്ത്യശാസനം

ഇതിന് തൊട്ടുമുമ്പ് തൻ്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയും ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇറാൻ്റെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്നായിരുന്നു ഭീഷണി. ഒരു കരാറുണ്ടാക്കാനോ കടലിടുക്ക് തുറക്കാനോ നൽകിയ സമയപരിധിയെക്കുറിച്ച് ടെഹ്‌റാനെ ഓർമിപ്പിച്ച ട്രംപ്, ഇറാൻ്റെ ഊർജ, സിവിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർക്കുന്ന ദിവസമായിരിക്കും ചൊവ്വാഴ്ചയെന്നും കുറിച്ചു.

ചൊവ്വാഴ്ച ഇറാനിലെ പവർ പ്ലാൻ്റ് ദിനവും പാലം ദിനവും ഒന്നിച്ചുചേർന്ന ദിവസമായിരിക്കുമെന്നും ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. ഒരു കരാറിലെത്താനോ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനോ ഇറാന് 48 മണിക്കൂർ സമയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമണ അവകാശവാദം

ഇറാനിലെ ഏറ്റവും വലിയ പാലം തകർത്തതായി ട്രംപ് വ്യാഴാഴ്ച പ്രസ്താവിച്ചിരുന്നു. സമയം വൈകുന്നതിന് മുമ്പ് ഒരു കരാറിലെത്താൻ ടെഹ്റാനോട് അദ്ദേഹം കർശനമായി ആവശ്യപ്പെടുകയും ചെയ്തു. ഇറാനിലെ ഏറ്റവും വലിയ പാലം തകർന്നുവീഴുകയാണെന്നും എല്ലാം അവസാനിക്കുന്നതിന് മുമ്പ് ഇറാൻ ഒരു കരാറിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ ഇറാൻ്റെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുന്നതായി ട്രംപ് പറഞ്ഞു.

ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്നും ഇറാൻ സർക്കാരിൻ്റെ അഭ്യർഥന പ്രകാരമാണ് ഈ തീരുമാനമെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ നിരവധി ഇറാൻ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ആക്രമണത്തിൻ്റെ വീഡിയോ അടക്കം പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാനിലെ നാശനഷ്‌ടങ്ങളുടെ വ്യാപ്‌തിയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. നയതന്ത്ര ശ്രമങ്ങൾ തുടരുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് കടുക്കുന്നത് പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here