ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ഇറാൻ സൈന്യത്തിന്റെ വെടിവെയ്പ്. ഇറാൻ സായുധ സേന നൽകിയ കർശനമായ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് ഇറാന്റെ അർധസൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ് അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചതായി ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്കിന്മേൽ തങ്ങൾക്കുള്ള നിയന്ത്രണം നിയമാനുസൃതമായി നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി വ്യക്തമാക്കി. പാക്കിസ്ഥാനിൽ വെച്ച് അമേരിക്കയുമായി രണ്ടാം ഘട്ട സമാധാന ചർച്ചകൾ നടത്താനിരിക്കെ, മേഖലയിൽ ഇറാൻ നടത്തിയ ഈ നീക്കം നയതന്ത്ര തലത്തിൽ വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.
ഇറാനുമായുള്ള വെടിനിർത്തൽ നീട്ടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ചർച്ചകൾ അവസാനിക്കുന്നതുവരെയും, ഇറാൻ തങ്ങളുടെ നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നതുവരെയും വെടിനിർത്തൽ തുടരും. എന്നാൽ, ഭീഷണിയുടെ നിഴലിലോ അമേരിക്കൻ നാവിക ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിലോ ചർച്ചകൾക്കില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
“പുതിയ ഘട്ട ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് അമേരിക്ക വെടിനിർത്തൽ ലംഘനം അവസാനിപ്പിക്കണം,” ഇറാനിയൻ മാധ്യമമായ ‘ഷർഗിനോട്’ സംസാരിക്കവെ അംബാസഡർ അമീർ-സയീദ് ഇരവാനി പറഞ്ഞു. “അവർ ഉപരോധം നീക്കിയാലുടൻ അടുത്ത ഘട്ട ചർച്ചകൾ ഇസ്‌മാബാദിൽ വെച്ച് നടക്കും. ഏത് സാഹചര്യത്തെയും നേരിടാൻ ഇറാൻ സജ്ജമാണ്. ഞങ്ങൾ ഒരു സൈനിക ആക്രമണത്തിനും തുടക്കമിട്ടിട്ടില്ല. അവർ ഒരു രാഷ്ട്രീയ പരിഹാരമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങൾ തയ്യാറാണ്. ഇനി യുദ്ധമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനും ഇറാൻ സജ്ജമാണ്,” അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ ഇസ്‌ലാമാബാദ് സന്ദർശനം മാറ്റിവെച്ചതും, ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്ന മുന്നറിയിപ്പും മേഖലയിൽ വീണ്ടും അനിശ്ചിതത്വം വർധിപ്പിച്ചിട്ടുണ്ട്. അമേരിക്ക ഇപ്പോൾ ശക്തമായ നിലയിലാണെന്നും, മികച്ച രീതിയിലുള്ള കരാറിൽ മാത്രമേ താൻ ഒപ്പിടുകയുള്ളൂവെന്നും നേരത്തെ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. വെടിനിർത്തൽ നീട്ടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ട്രംപ് മുൻപ് സൂചിപ്പിച്ചിരുന്നു.







