സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക്. ശമ്പള പരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. 490 ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിൻ്റ ഭാഗമാകും. അത്യാഹിത വിഭാഗങ്ങളിൽ മാത്രം സേവനം നൽകാനാണ് തീരുമാനം.
- യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
- വാർഡ് ഡ്യൂട്ടികളിൽനിന്ന് നഴ്സുമാർ വിട്ടുനിൽക്കും.
- 490 ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കും.
സംസ്ഥാനത്തെ 490 ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കും. അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തണം എന്നതാണ് നഴ്സുമാരുടെ പ്രധാന ആവശ്യം. ശമ്പള വർധനവ് നടപ്പിലാകാതിരിക്കാൻ കാരണം സർക്കാരും മാനേജ്മെൻ്റും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് യുഎൻഎ ആരോപിക്കുന്നത്.
നഴ്സുമാർക്ക് മറ്റൊരു വഴിയുമില്ലെന്ന് യുഎൻഎ ദേശീയ പ്രസിഡൻ്റ് ജാസ്മിൻ ഷാ പറഞ്ഞു. ഏഴുവർഷമായി ശമ്പള പരിഷ്കരണം നടത്തിയിട്ടില്ല. ഫെബ്രുവരി 21ന് സൂചന പണിമുടക്ക് നടത്തി. അത് കണ്ടില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിനാലാണ് കടുത്ത നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്. സർക്കാരിൻ്റെ ഭാഗത്തുനിന്ന് നഴ്സുമാർക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും ജാസ്മിൻ ഷാ പറഞ്ഞു.
നഴ്സുമാരുടെ ആവശ്യങ്ങൾ
അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ് പ്രധാന ആവശ്യം. കൂടാതെ, ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, ഡോ. ബൽറാം കമ്മിറ്റി റിപ്പോർട്ട്, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് എന്നിവ പൂർണമായും നടപ്പിലാക്കുക, വീരകുമാർ കമ്മിറ്റി പ്രകാരമുള്ള ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, നഴ്‌സിങ് അധ്യാപകർക്ക് യുജിസി സ്കെയിൽ നടപ്പിലാക്കുക, എൻഎച്ച്എം, പാലിയേറ്റീവ് കെയർ, എംഎൽഎസ്പി, എച്ച്ഡിഎസ് ജീവനക്കാരുടെ ശമ്പളം തുല്യ ജോലിക്ക് തുല്യവേതനം എന്ന രീതിയിൽ നടപ്പിലാക്കുക, രോഗി – നഴ്സ് അനുപാതം നിയമാനുസൃതമായി നടപ്പിലാക്കുക ലേബർ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക, പിഎസ്സി വഴി സ്ഥിര നിയമനങ്ങൾ നടപ്പിലാക്കുക, സ്റ്റാഫ് നഴ്‌സ് റാങ്ക് ഹോൾഡേഴ്‌സിനെ സംരക്ഷിക്കുക എന്നിവയാണ് യുഎൻഎയുടെ മറ്റ് ആവശ്യങ്ങൾ.








