ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് ആദ്യ എണ്ണക്കപ്പൽ

0
43

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇന്ത്യയിലേക്ക് എത്തുന്നു. ഇറാനിയൻ ക്രൂഡ് ഓയിൽ വഹിച്ചുകൊണ്ടുള്ള പിങ് ഷുൻ എന്ന ടാങ്കർ ഗുജറാത്തിലെ വാഡിനാർ തുറമുഖം ലക്ഷ്യമാക്കി നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. 2019 മേയ് മാസത്തിന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക് എത്താൻ സാധ്യതയൊരുങ്ങുന്നത്. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ആഗോള വിപണിയിലേക്ക് പരമാവധി എണ്ണ എത്തിക്കാനും കുതിച്ചുയരുന്ന വില നിയന്ത്രിക്കാനും ലക്ഷ്യമിട്ട്, മാർച്ചിൽ ലോഡ് ചെയ്ത ഇറാനിയൻ ക്രൂഡ് ഓയിലിന്മേലുള്ള ഉപരോധം അമേരിക്ക ഒരു മാസത്തേക്ക് നീക്കിയിരുന്നു. റഷ്യൻ എണ്ണയ്ക്ക് ഇളവ് നൽകിയതിന് സമാനമായ നടപടിയാണ് വാഷിങ്ടൺ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

കമോഡിറ്റി മാർക്കറ്റ് അനലിറ്റിക്‌സ് സ്ഥാപനമായ കെപ്‌ലറിൽ നിന്നുള്ള വെസൽ ട്രാക്കിങ് വിവരങ്ങൾ പ്രകാരം, ഈശ്വതിനി ഫ്ലാഗ് ചെയ്ത പിങ് ഷുൻ എന്ന ടാങ്കർ ഗുജറാത്തിലെ വാഡിനാർ തുറമുഖത്തേക്കാണ് എത്തുന്നതെന്ന് സൂചിപ്പിക്കുന്നു. മാർച്ച് 4-ഓടെ ഇറാാനിലെ പ്രധാന എണ്ണ കേന്ദ്രമായ ഖാർഗ് ഐലൻഡിൽ നിന്ന് കയറ്റിയ ഏകദേശം 6,00,000 ബാരൽ ഇറാനിയൻ ക്രൂഡ് ഓയിൽ ഈ ടാങ്കറിൽ ഉണ്ടെന്നാണ് കപ്പൽ ട്രാക്കിങ് വിവരങ്ങൾ വ്യക്തമാക്കുന്നത്. ഏപ്രിൽ 4-ന് ഇത് വാഡിനാറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് ഇന്ത്യൻ റിഫൈനറിയാണ് ഈ എണ്ണ ഉപയോഗിക്കുന്നത് എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.

ഈ ടാങ്കർ ഇന്ത്യയിലേക്കാണ് വരുന്നതെന്ന് വ്യവസായ വിദഗ്ധർക്ക് ആത്മവിശ്വാസമുണ്ടെങ്കിലും, അവസാന നിമിഷം ലക്ഷ്യസ്ഥാനം മാറാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ല. ഉപരോധമുള്ള എണ്ണ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡാർക്ക് ഫ്ലീറ്റ് ടാങ്കറുകൾ തങ്ങളുടെ യഥാർത്ഥ പാത മറച്ചുവെക്കാനും കണ്ടെത്തലുകൾ ഒഴിവാക്കാനും ലക്ഷ്യസ്ഥാനങ്ങൾ ഇടയ്ക്കിടെ മാറ്റാറുണ്ട്. എന്നാൽ നിലവിൽ ഇറാനിയൻ എണ്ണയ്ക്കും അത് കടത്തുന്ന കപ്പലുകൾക്കും ഉപരോധങ്ങളിൽ ഇളവുള്ളതിനാൽ ഇത്തരം തന്ത്രങ്ങളുടെ ആവശ്യമില്ല.

“ഇന്ത്യ-ഇറാൻ എണ്ണ വ്യാപാരം വീണ്ടും സജീവമായിരിക്കുകയാണ്. മേഖലയിലെ സംഘർഷങ്ങൾ പരിഗണിച്ച് കടലിലുള്ള ഇറാനിയൻ എണ്ണയ്ക്ക് യുഎസ് ഭരണകൂടം 30 ദിവസത്തെ ഇളവ് അനുവദിച്ചതിനെത്തുടർന്ന്, 6,00,000 ബാരൽ അസംസ്‌കൃത എണ്ണയുമായി പിങ് ഷുൻ ഇപ്പോൾ വാഡിനാറിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. 2019 മേയ് മാസത്തിന് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ വിതരണമാണിത്. എണ്ണ ശേഖരത്തിൽ കുറവ് നേരിടുന്ന ഇന്ത്യൻ റിഫൈനറികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിർണായകമായ സമയമാണ്,” കെപ്‌ലറി റീഫൈനിങ് ആൻഡ് മോഡലിങ് ലീഡ് റിസർച്ച് അനലിസ്റ്റ് സുമിത് റിറ്റോളിയ പറഞ്ഞു.

ഇറാനിയൻ എണ്ണയുമായി കടലിൽ കിടക്കുന്ന ടാങ്കറുകൾക്ക് യുഎസ് ഉപരോധത്തിൽ ഇളവ് നൽകി രണ്ട് ദിവസത്തിന് ശേഷം, ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണ വാങ്ങുന്ന കാര്യത്തിൽ സാങ്കേതികവും വാണിജ്യപരവുമായ സാധ്യതകൾ പരിഗണിച്ച് ഇന്ത്യൻ റിഫൈനറികൾ തീരുമാനമെടുക്കുമെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു. നേരത്തെ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായിരുന്നു ഇറാൻ. എന്നാൽ ഒന്നാം ഡൊണാൾഡ് ട്രംപ് ഭരണകൂടം ടെഹ്‌റാനുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുകയും പ്രധാന വാങ്ങലുകാർക്കുള്ള ഇളവുകൾ നിർത്തലാക്കുകയും ചെയ്തതോടെ 2019-ൽ ഇന്ത്യ ഇറാനിൽ നിന്നുള്ള ഇറക്കുമതി നിർത്തിവെച്ചിരുന്നു.

 

യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ മാർച്ച് 21-ന് പുറപ്പെടുവിച്ച പൊതു ലൈസൻസ് പ്രകാരം, ഇറാനിയൻ വംശജമായ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിൽപന, വിതരണം അല്ലെങ്കിൽ അൺലോഡിങ് എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ഏപ്രിൽ 19 വരെ അനുമതി നൽകിയിട്ടുണ്ട്. മാർച്ച് 20-ന് ഈസ്റ്റേൺ ഡേലൈറ്റ് ടൈം 12.01-ഓടെ (ഇന്ത്യൻ സമയം രാവിലെ 9.31) യുഎസ് ഉപരോധിച്ച ടാങ്കറുകൾ ഉൾപ്പെടെയുള്ള കപ്പലുകളിൽ കയറ്റിയ എണ്ണയ്ക്കാണ് ഈ ഇളവ് ബാധകം.

എന്നിരുന്നാലും, ഇന്ത്യ ഉൾപ്പെടെയുള്ള പുതിയ ഉപഭോക്താക്കൾ ഇറാനിയൻ ക്രൂഡ് ഓയിലിന് എങ്ങനെ പണമടയ്ക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അന്താരാഷ്ട്ര പേയ്‌മെന്റുകൾ നടത്തുന്നതിനുള്ള പ്രധാന മെസേജിങ് നെറ്റ്‌വർക്കായ സ്വിഫ്റ്റിൽ നിന്ന് ഇറാനും അവിടുത്തെ ബാങ്കുകളും ഇപ്പോഴും പുറത്തായതാണ് ഇതിന് കാരണം. നേരത്തെ യൂറോയിൽ പണമടയ്ക്കാനുള്ള സംവിധാനം നിലവിലുണ്ടായിരുന്നു. എന്നാൽ ഒന്നാം ട്രംപ് ഭരണകൂടം ഉപരോധം വീണ്ടും ഏർപ്പെടുത്തിയതിനെത്തുടർന്ന് മിക്ക പ്രമുഖ രാജ്യങ്ങളും ഇറക്കുമതി നിർത്തിയതോടെ ആ വഴിയും ഫലത്തിൽ അടയുകയായിരുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി, ഇറാനിയൻ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികം ഒരു രാജ്യത്തേക്കാണ് പോകുന്നത്. അത് ചൈനയാണ്. സാങ്കേതികമായി പറഞ്ഞാൽ, അമേരിക്കയുടെ ഈ നീക്കം ആഗോള എണ്ണ വിതരണത്തിൽ വലിയ വർധനവ് ഉണ്ടാക്കില്ല. കാരണം, ഇറാനിയൻ എണ്ണ ഇതിനകം തന്നെ ചൈനയുടെ വാങ്ങലുകളിലൂടെ വിപണിയുടെ ഭാഗമാണ്. എന്നാൽ ഇത് മറ്റ് രാജ്യങ്ങൾക്കും ടെഹ്‌റാനിൽ നിന്ന് എണ്ണ വാങ്ങാൻ വഴിതുറക്കും. ഉപരോധത്തിൽ ഇളവ് പ്രഖ്യാപിച്ചപ്പോൾ, തങ്ങളുടെ പക്കൽ അന്താരാഷ്ട്ര വാങ്ങലുകാർക്കായി മിച്ചം വച്ചിരിക്കുന്ന ക്രൂഡ് ഓയിൽ ലഭ്യമല്ലെന്നായിരുന്നു ഇറാന്റെ അവകാശവാദം. എന്നിരുന്നാലും, കപ്പൽ ഗതാഗത വിവരങ്ങൾ പ്രകാരം, വിറ്റഴിച്ചതും വിൽക്കാനുള്ളതുമായ ഏകദേശം 140-170 ദശലക്ഷം ബാരൽ ഇറാനിയൻ എണ്ണ കടലിൽ ഉണ്ടെന്നാണ് വ്യവസായ വിദഗ്ധർ പറയുന്നത്.

എന്തായാലും, റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിച്ചത് പോലെ തന്നെ ഇന്ത്യൻ റിഫൈനറികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് വ്യവസായ വിശകലന വിദഗ്ധർ കരുതുന്നു. ആഗോള വിതരണത്തിലെ ദൗർലഭ്യം കണക്കിലെടുക്കുമ്പോൾ ഓരോ ബാരലും വിലപ്പെട്ടതാണ്. ഫെബ്രുവരി 28-ന് തുടങ്ങിയ സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഫലത്തിൽ നിലച്ചിരിക്കുകയാണ്; എന്നിരുന്നാലും ഇറാന്റെ എണ്ണക്കപ്പലുകൾ തടസമില്ലാതെ നീങ്ങുന്നുണ്ട്. ആഗോള എണ്ണയുടെയും ദ്രുതീകൃത പ്രകൃതിവാതകത്തിന്റെയും വിതരണത്തിന്റെ അഞ്ചിലൊന്ന് ഈ കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ പകുതിയോളം വരുന്ന, അതായത് പ്രതിദിനം 2.5–2.7 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ കഴിഞ്ഞ മാസങ്ങളിൽ ഈ കടലിടുക്കിലൂടെയാണ് കടന്നുപോയത്. ദീർഘകാല ശരാശരി കണക്കാക്കിയാൽ ഇത് ഏകദേശം 40% വരും. ഇന്ത്യ തങ്ങളുടെ എണ്ണ ആവശ്യകതയുടെ 88 ശതമാനത്തിലധികം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.

 

ട്രംപിന് മുമ്പുള്ള ഉപരോധ കാലഘട്ടത്തിലും ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് പതിവായിരുന്നു. അന്ന് ഇറക്കുമതിയുടെ അളവ് കുറഞ്ഞെങ്കിലും അത് നിസരമായിരുന്നില്ല. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2009-10 കാലയളവിൽ ഇന്ത്യ 22.1 ദശലക്ഷം ടൺ ഇറാനിയൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്നു. ഇത് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 14.4% ആയിരുന്നു. എന്നാൽ ഇറാനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധം ശക്തമായതോടെ, പേയ്‌മെന്റ് സംവിധാനങ്ങളും മറ്റ് ഗതാഗത മാർഗങ്ങളും തടസപ്പെടുകയും 2014-15 കാലയളവിൽ ഇറക്കുമതി ക്രമേണ 11.2 ദശലക്ഷം ടണ്ണായി കുറയുകയും ചെയ്തു.

ഇറാൻ ആണവ കരാറിന്റെ ഭാഗമായി 2016-ന്റെ തുടക്കത്തിൽ ഉപരോധങ്ങൾ ഔദ്യോഗികമായി നീക്കി. അതിനുശേഷം ഇന്ത്യൻ റിഫൈനറികൾ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി വീണ്ടും വർധിപ്പിക്കാൻ തുടങ്ങി. 2015-16ൽ 13.6 ദശലക്ഷം ടണ്ണും, 2016-17ൽ 27.1 ദശലക്ഷം ടണ്ണും ഇറാനിയൻ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തു. ഇതോടെ സൗദി അറേബ്യയ്ക്കും ഇറാഖിനും പിന്നിലായി ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ മൂന്നാമത്തെ വലിയ സ്രോതസായി ഇറാൻ മാറി. ഷിപ്പിങ് നിരക്കിൽ ഇളവുകളും ഇന്ത്യൻ റിഫൈനറികൾക്ക് കൂടുതൽ ക്രെഡിറ്റ് കാലാവധിയും നൽകിക്കൊണ്ട് തങ്ങളുടെ എണ്ണ വിൽപന വർധിപ്പിക്കാൻ ഇറാനും മുൻകൈ എടുത്തിരുന്നു.

2017-18 കാലയളവിൽ ഇന്ത്യയുടെ ഇറാനിയൻ എണ്ണ ഇറക്കുമതി 22.6 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഇതിന് പ്രധാനമായും ചില കാരണങ്ങളുണ്ടായിരുന്നു, ഇറാനിലെ ഒരു വാതകപ്പാടത്തിന്റെ വികസന അവകാശത്തെച്ചൊല്ലി ന്യൂഡൽഹിയും ടെഹ്‌റാനും തമ്മിലുണ്ടായ തർക്കം, ഇന്ത്യ തങ്ങളുടെ വിതരണ സ്രോതസുകൾ വൈവിധ്യവൽക്കരിച്ചത്, കൂടാതെ ആദ്യത്തെ ഡൊണാൾഡ് ട്രംപ് ഭരണകൂടം എന്നിവയായിരുന്നു അവ.

അടുത്ത രണ്ട് വർഷങ്ങളിൽ ഇതിൽ ഏറ്റവും നിർണായകമായ ഘടകം ട്രംപ് ഭരണകൂടമായിരുന്നു. ട്രംപ് ഇറാൻ ആണവ കരാറിൽ നിന്ന് പിന്മാറുകയും ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇറാനിയൻ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങൾക്ക് അമേരിക്ക നൽകിയിരുന്ന ഇളവ് 2019-ൽ അവസാനിച്ചു. 2017-18-ൽ 23.9 ദശലക്ഷം ടണ്ണായിരുന്ന ഇന്ത്യയുടെ ഇറാനിയൻ എണ്ണ ഇറക്കുമതി, 2019-20-ൽ വെറും 2 ദശലക്ഷം ടണ്ണായി കൂപ്പുകുത്തി. 2019 മേയ് മാസത്തിന് ശേഷം ഇറാനിൽ നിന്ന് എണ്ണയൊന്നും ഇന്ത്യയിലേക്ക് എത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here