പാലക്കാട്‌ റെക്കോഡ് താപനില; സംസ്ഥാനം കൊടുംചൂടിലേക്ക്

0
48

പാലക്കാട്: സംസ്ഥാനത്ത് നടപ്പുവർഷം ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന താപനില പാലക്കാട് രേഖപ്പെടുത്തി. 39.8 ഡിഗ്രി സെൽഷ്യസാണ് പാലക്കാട് ഇന്ന് രേഖപ്പെടുത്തിയ താപനില. ഇത് സാധാരണയെക്കാൾ 2.2 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. പുനലൂർ 38 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് രേഖപ്പെടുത്തിയ താപനില. ഇത് കഴിഞ്ഞ ദിവസങ്ങളിലേതിനെക്കാൾ 1.8 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. കോട്ടയത്ത് രേഖപ്പെടുത്തിയ 37.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. ഇത് സാധാരണയെക്കാൾ 2.6 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.

വെള്ളാനിക്കരയിൽ 36.8 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് രേഖപ്പെടുത്തിയത്. നെടുമ്പാശ്ശേരി 35.8 ഡിഗ്രി സെൽഷ്യസ്. കണ്ണൂരിൽ 36.4 ഡിഗ്രി സെൽഷ്യസ് താപനില അടയാളപ്പെടുത്തി. കോഴിക്കോട് 35.6 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നത്തെ താപനില. തിരുവനന്തപുരത്ത് 35.1 ഡിഗ്രി സെൽഷ്യസ് ആണ് താപനില.

കൊടുംചൂടിനിടയിലും സംസ്ഥാനത്താകെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട് ചാറ്റൽമഴയും ലഭിക്കുന്നുണ്ട്. അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനത്തിൽ എല്ലാ ജില്ലകളിലും ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാജ്യത്ത് ഈ സീസണിൽ കടുത്ത വേനൽ അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് വന്നിട്ടുണ്ട്. ഉഷ്ണതരംഗം ഉത്തരേന്ത്യൻ നാടുകളെ വലിയ തോതിലും, ദക്ഷിണേന്ത്യയെ ഒറ്റപ്പെട്ട നിലയിലും ബാധിച്ചേക്കാം. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കടുത്ത ചൂടിനെ കരുതിയിരിക്കേണ്ടതുണ്ട്. ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ ഉഷ്ണ തരംഗം തുടങ്ങിയിട്ടുണ്ട്. സാധാരണ താപനിലയെക്കാൾ 14 ഡിഗ്രിയൊക്കെയാണ് ഹിമാചലിൽ ഉയർന്നിരിക്കുന്നത്. മുംബൈ, താനെ തുടങ്ങിയ നഗരങ്ങളിലും ഉഷ്ണതരംഗം പിടിമുറുക്കിയിരിക്കുകയാണ്.

ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലും മഹാരാഷ്ട്രയിലെ വിദർഭയിലും കടുത്ത ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതെസമയം ബെംഗളൂരു നഗരത്തിൽ പെട്ടെന്നുണ്ടായ വേനൽമഴ നഗരത്തെ കുളിർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആലിപ്പഴം വീഴ്ചയും റിപ്പോർട്ട് ചെയ്യപ്പെട്ടു.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
പുറപ്പെടുവിച്ച സമയം 02.00 PM 27/03/2026
ഇന്ന് (2026 മാർച്ച് 27) കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (2026 മാർച്ച് 27) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here