ന്യൂഡല്‍ഹി: മതപരിവർത്തനം നടത്തുന്നവർക്ക് പട്ടികജാതി പദവിക്ക് അർഹതയുണ്ടാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഹിന്ദുമതം, സിഖ് മതം, ബുദ്ധമതം എന്നിവയൊഴികെ മറ്റ് മതങ്ങളിലേക്ക് മാറുന്നവർക്ക് പട്ടികജാതി അംഗമായി തുടരാനോ ആ വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റാനോ കഴിയില്ലെന്ന് കോടതി വിധിച്ചു.
ഇത്തരക്കാർക്ക് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) സംരക്ഷണം ലഭിക്കില്ലെന്നും ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത് ഒരു ദശാബ്ദത്തിലേറെയായി പാസ്റ്ററായി പ്രവർത്തിച്ച ആന്ധ്രാപ്രദേശ് സ്വദേശി ചിന്താട ആനന്ദ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
ക്രിസ്തുമതം സ്വീകരിക്കുകയും ആ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നതോടെ ഒരാൾ പട്ടികജാതി സമൂഹത്തിലെ അംഗമല്ലാതായി മാറുമെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. 1950-ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവിലെ ക്ലോസ് 3 പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ പട്ടികജാതി പദവിക്ക് അർഹതയുള്ളൂ. ഇതിൽ പരാമർശിക്കാത്ത മറ്റ് മതങ്ങളിലേക്ക് മാറുന്നത് ഒരു വ്യക്തിയുടെ ജനനം പരിഗണിക്കാതെ തന്നെ പട്ടികജാതി പദവി പൂർണമായും നഷ്ടപ്പെടാൻ കാരണമാകുമെന്ന് കോടതി വിശദീകരിച്ചു. നിയമപരമായ ആനുകൂല്യങ്ങളോ സംവരണമോ മറ്റ് സംരക്ഷണങ്ങളോ തുടർന്ന് അവകാശപ്പെടാൻ ഇവർക്ക് അർഹതയുണ്ടാവില്ല.
തനിക്കുനേരെയുണ്ടായ ആക്രമണത്തിൽ പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ചിന്താട ആനന്ദ് കോടതിയെ സമീപിച്ചത്. തന്നെയും കുടുംബത്തെയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു. എന്നാൽ, ഹർജിക്കാരൻ പത്തുവർഷത്തിലേറെയായി പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നയാളാണെന്നും വീട്ടിൽ പതിവായി ഞായറാഴ്ച പ്രാർഥനകൾ നടത്തിയിരുന്നതായും കോടതി കണ്ടെത്തി. മതം മാറിയ ശേഷം തന്‍റെ യഥാർഥ മതത്തിലേക്ക് അദ്ദേഹം തിരികെ വന്നിട്ടില്ലാത്തതിനാൽ എസ്‌സി പദവിക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്ര ഹൈക്കോടതി മുൻപ് എഫ്.ഐ.ആർ റദ്ദാക്കിയത്. 2025 ഏപ്രിലിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഈ വിധി ശരിവെച്ച സുപ്രീം കോടതി, മതം മാറിയ വ്യക്തിക്ക് പട്ടികജാതി നിയമപ്രകാരമുള്ള പ്രത്യേക പരിരക്ഷ നൽകാനാവില്ലെന്ന് ആവർത്തിച്ചു.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത് പാസ്റ്ററായി ജോലി ചെയ്യുന്ന പരാതിക്കാരന് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ലെന്നും അതിനാൽ എസ്സി/എസ്ടി നിയമപ്രകാരമുള്ള എഫ്ഐആർ നിലനിൽക്കില്ലെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്. 1950-ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവ് പ്രകാരം, ഹിന്ദുമതത്തിൽ നിന്ന് വ്യത്യസ്തമായ മതം വിശ്വസിക്കുന്ന ഒരാളെ പട്ടികജാതി അംഗമായി കണക്കാക്കാൻ കഴിയില്ലെന്ന വസ്തുതയും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.





