മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി; നവീകരിക്കുന്നത് 1000 കോടി ചെലവഴിച്ച്

0
16

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി വഴി 1000 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനമൊട്ടാകെയുള്ള റോഡുകൾ നവീകരിക്കുന്നത് എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. കൊട്ടാരക്കരയിലെ കരിമ്പിൻകുഴി – കശുവണ്ടി ഫാക്ടറി, ഇടച്ചിറം – മുട്ടത്ത്, മലപ്പാറ – കാരക്കാട് ഏലാ, ചുങ്കത്തറ- കതിരവൻകുന്ന് ക്ഷേത്രം, മീനങ്ങാട് അൽഫോൺസാ റോഡുകളുടെ ഉദ്ഘാടനം കരിമ്പിൻ കുഴിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

  • മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി.
  • 1000 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരണം.
  • വിവരങ്ങൾ പങ്കുവച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി വഴി 1000 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനമൊട്ടാകെയുള്ള റോഡുകൾ നവീകരിക്കുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കൊട്ടാരക്കരയിലെ കരിമ്പിൻകുഴി – കശുവണ്ടി ഫാക്ടറി, ഇടച്ചിറം – മുട്ടത്ത്, മലപ്പാറ – കാരക്കാട് ഏലാ, ചുങ്കത്തറ – കതിരവൻകുന്ന് ക്ഷേത്രം, മീനങ്ങാട് അൽഫോൺസാ റോഡുകളുടെ ഉദ്ഘാടനം കരിമ്പിൻ കുഴിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മണ്ഡലത്തിലെ 70 ഗ്രാമീണ റോഡുകൾ പൂർത്തീകരിച്ചതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഗ്രാമീണ റോഡുകളുടെ നിർമാണത്തിൽ അതീവ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. സ്ത്രീസുരക്ഷാ പദ്ധതി, കണക്ട് ടു വർക്ക്, സാമൂഹികക്ഷേമ പെൻഷൻ എല്ലാം കൃത്യമായി ജനങ്ങൾക്ക് ലഭ്യമാക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡിന്റെ നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. 1500 പേർക്ക് തൊഴിൽ ചെയ്യാൻ അവസരം ഒരുക്കുന്ന ഐടി പാർക്കിന്റെ നിർമാണവും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ എല്ലാം സ്മാർട്ട് ആകുമെന്ന് ധനമന്ത്രി അറിയിച്ചു. കൊട്ടാരക്കരയിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടായി മാറുകയാണ്. എഴുകോണിൽ ഷോപ്പിങ് കോംപ്ലക്സിന്റെയും മാർക്കറ്റ് സമുച്ചയത്തിന്റെയും അടുത്തായി വില്ലേജ് ഓഫീസ് നിർമിക്കും. കേരളത്തിലെ വില്ലേജ് ഓഫീസുകളെല്ലാം ഹാളുകളും ഇരിപ്പിടങ്ങളും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ചു വരുന്നു. ജില്ലയിൽ ഡിജിറ്റൽ റീ സർവ്വേ പൂർത്തിയാകുന്നതോടെ ഭൂമിയുടെ വിശദമായ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്ന വ്യവസ്ഥാപിതമായ സംവിധാനം പ്രാബല്യത്തിൽ വരുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

അഞ്ച് ലക്ഷം പേർക്ക് ലൈഫ് ഭവന പദ്ധതി വഴി വീട് നൽകി. ജില്ലയിൽ 1940 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. കേരളത്തിൽ നാലേമുക്കാൽ ലക്ഷം ആളുകൾക്ക് ഭൂമി ലഭിച്ചു. കേരളത്തിൽ പട്ടയമേള വിപ്ലവകരമായ മാറ്റമുണ്ടാക്കി. 18 കോടി രൂപ ചെലവഴിച്ചുള്ള കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡ്, 12.9 കോടി ചെലവഴിച്ചുള്ള കൊട്ടാരക്കര കോടതി സമുച്ചയം തുടങ്ങിയവയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ കൂട്ടിച്ചേർത്തു. പുതുതായി നിർമിക്കുന്ന ഉമ്മന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here