കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വഴിതെറ്റുന്നത് ഒഴിവാക്കാൻ ‘പാദ’ ആപ്പ്. ആശുപത്രിയിൽ എത്തിച്ചേരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇനി വിവിധ വാർഡുകളും ഒ.പി.കളും ലാബുകളും തിരഞ്ഞ് അലയേണ്ടി വരില്ല. മൊബൈൽ ഫോണിൽ ബാർകോഡ് സ്കാൻ ചെയ്ത് എത്തിച്ചേരേണ്ട സ്ഥലം രേഖപ്പെടുത്തിയാൽ കൃത്യമായി വഴികാട്ടുന്ന ആപ്പുമായി ഒരുപറ്റം ചെറുപ്പക്കാർ എത്തിയിരിക്കുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി വികസിപ്പിച്ച ‘പാദ’ (Paadha) എ.ആർ. മാപ്പ് സംവിധാനത്തിന്‍റെ ഡെമോ പ്രകാശനവും ഔദ്യോഗിക ഉദ്ഘാടനവും കോഴിക്കോട് കളക്ടറേറ്റിൽ നടന്നു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് ഐ.എ.എസ്. ഉദ്ഘാടനം നിർവഹിച്ചു.
ആശുപത്രി ക്യാമ്പസിൽ എത്തുന്ന രോഗികളും സന്ദർശകരും വിവിധ വകുപ്പുകളും സേവന കേന്ദ്രങ്ങളും എളുപ്പത്തിൽ കണ്ടെത്തുന്നതിനായി ഓഗ്മെന്‍റഡ് റിയാലിറ്റി (AR) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സലീൽ സഹൽ, നിതിൻ എ.പി., സാലിഹ്, നസീം എന്നീ സുഹൃത്തുക്കൾ ചേർന്നാണ് ആപ്പ് നിർമിച്ചത്.
നിൽക്കുന്ന സ്ഥലത്ത് നിന്ന് തന്നെ മൊബൈൽ ഫോണിലൂടെ ആവശ്യമായ വിഭാഗങ്ങളിലേക്കുള്ള വഴി വ്യക്തമായി കാണിച്ചുതരുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. നിലവിൽ മെഡിക്കൽ കോളജിലെ എം.സി.എച്ച്. ബ്ലോക്കിൽ ഈ സോഷ്യൽ സ്റ്റാർട്ടപ്പ് ഡെവലപ്പേഴ്സ് തന്നെ വികസിപ്പിച്ച 2D മാപ്പ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്. വിപുലമായ ആശുപത്രി ക്യാമ്പസുകളിൽ വഴിതെറ്റുന്നത് ഒഴിവാക്കാനും രോഗികളും ബന്ധുക്കളും നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും എ.ആർ. മാപ്പ് സഹായകരമാകുമെന്ന് ഡെവലപ്പറായ സലീൽ പറഞ്ഞു.
തികച്ചും സൗജന്യമായാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ഉദ്യമം. തന്‍റെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തുണ്ടായ ബുദ്ധിമുട്ടിൽ നിന്നാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്. കഴിഞ്ഞ ഒന്നര വർഷം കൊണ്ടാണ് ആപ്പ് വികസിപ്പിച്ചത്. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിലും ഇത് നടപ്പിലാക്കുമെന്ന് സലീൽ സഹൽ ഇ ടിവി ഭാരതിനോട് പറഞ്ഞു.
ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ രക്തം ലഭ്യമാക്കുന്നത് സുഗമമാക്കാൻ ഒരു സംയുക്ത ബ്ലഡ് ഡൊണേഷൻ സിസ്റ്റവും നടപ്പിലാക്കുന്നുണ്ട്. രക്തദാതാക്കളെ വേഗത്തിൽ കണ്ടെത്താനും ആവശ്യക്കാരുമായി ബന്ധിപ്പിക്കാനും ഇത് സഹായിക്കും. ആരോഗ്യരംഗത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗികൾക്കും ബന്ധുക്കൾക്കും കൂടുതൽ ഉപകാരപ്രദമായ സംവിധാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സോഷ്യൽ സ്റ്റാർട്ടപ്പ് ടീം പ്രവർത്തിക്കുന്നത്.
പ്രകാശന ചടങ്ങിൽ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സജീത്ത് കുമാർ, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഐ.എം.സി.എച്ച്. സൂപ്രണ്ട് ഡോ. അരുൺ പ്രീത്, എച്ച്.ഡി.എസ്. മെമ്പർ സലീം മടവൂർ എന്നിവർ പങ്കെടുത്തു.







