നിയമസഭ തെരഞ്ഞെടുപ്പിൽ സികെ ജാനുവിന് സീറ്റ് നിഷേധിച്ച് യുഡിഎഫ്:

0
68

മാനന്തവാടി സീറ്റ് ലക്ഷ്യമിട്ട ജാനുവിന് വിജയസാധ്യത ഇല്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. പകരമായി മുൻമന്ത്രി പികെ ജയലക്ഷ്മിയെയാണ് ഇവിടെ പരിഗണിക്കുന്നത്. അതേസമയം, അസോസിയേറ്റ് അംഗമായ പിവി അൻവർ ബേപ്പൂരിൽ പ്രചാരണം തുടങ്ങി.

സിഎസ് സിദ്ധാർത്ഥൻ

തിരുവനന്തപുരം: ആദിവാസി നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) നേതാവുമായ സികെ ജാനുവിന് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച് യുഡിഎഫ്. അസോസിയേറ്റ് അംഗമായ പിവി അൻവറിന് സീറ്റ് നൽകിയശേഷം സംവരണ മണ്ഡലമായ മാനന്തവാടിയിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച ജാനുവിന് സീറ്റ് നിഷേധിച്ചത് ആദിവാസി സമൂഹത്തെ തഴഞ്ഞതിന് തുല്യമാണെന്ന് മുന്നണിയിൽ വിമർശനം. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജാനു കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകി.

ഘടകകക്ഷിയെന്ന നിലയിൽ ജെആർപിക്ക് പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറുമാസം മുൻപ് ജാനു എൻഡിഎ വിട്ടത്. തുടർന്ന് യുഡിഎഫിൽ അസോസിയേറ്റ് അംഗമായി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ആദിവാസികളെയും പാർശ്വവത്കരിക്കപ്പെട്ടവരെയും മുഖ്യധാരാ രാഷ്ട്രീയത്തിൻ്റെ ഭാഗമായി പരിഗണിക്കുമെന്നായിരുന്നു പ്രഖ്യാപനം. ജാനുവിൻ്റെ പാർട്ടിയെ യുഡിഎഫ് ഭാഗമാക്കിയ കോൺഗ്രസ് തീരുമാനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വം സീറ്റില്ലെന്ന് കഴിഞ്ഞ ദിവസം ജാനുവിനെ നേരിട്ട് അറിയിച്ചു.

തീരുമാനത്തിൽ പ്രതിഷേധിച്ച് എഐസിസി അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർക്ക് ജാനു പരാതി അയച്ചു. എൽഡിഎഫ് സ്ഥാനാർഥിയായി ഒആർ കേളു രണ്ടുതവണ വിജയിച്ച മാനന്തവാടിയിൽ മുൻ മന്ത്രി പികെ ജയലക്ഷ്മിയെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് വയനാട് ജില്ലയിലെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ മാനന്തവാടിയിൽ ജാനുവിന് വിജയസാധ്യത ഇല്ലെന്നാണ് ഒരു വിഭാഗത്തിൻ്റെ അഭിപ്രായം. ജില്ലാ കോൺഗ്രസ് നേതൃത്വത്തിലെ ഭൂരിഭാഗം പേരും ജാനുവിന് എതിരാണ്. മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നെന്ന് സികെ ജാനു ഇടിവി ഭാരതിനോട് പറഞ്ഞു. മാനന്തവാടിയിൽ ഇപ്പോൾ മറ്റൊരു സ്ഥാനാർഥിയുടെ പേരാണ് കേൾക്കുന്നതെന്നും ജാനു വ്യക്തമാക്കി.

സികെ ജാനുവിൻ്റെ സമര പശ്ചാത്തലം

ആദിവാസി ഗോത്രമഹാസഭ ചെയർ പേഴ്സണായ സികെ ജാനു 1992ൽ മൂന്ന് സംസ്ഥാനങ്ങളിലെ ആദിവാസി ഭൂസമരങ്ങൾ ഏകോപിപ്പിച്ചിരുന്ന സൗത്ത് സോൺ ആദിവാസി ഫോറത്തിൻ്റെ ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1994ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യയിൽ നിന്നുള്ള ആദിവാസികളെ പ്രതിനിധീകരിച്ച ജാനു പങ്കെടുത്തു. സെക്രട്ടേറിയറ്റിനു മുന്നിലെ കുടിൽ കെട്ടിയുള്ള സമരം, മുത്തങ്ങ സമരം, ആറളം ഫാമിലെ ഭൂസമരം തുടങ്ങി നിരവധി ഭൂസമരങ്ങൾ ജാനുവിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. പ്ലാച്ചിമടയിലെ കൊക്കകോള പ്ലാൻ്റിനെതിരായ തദ്ദേശവാസികളുടെ സമരം 2002ൽ ആരംഭിച്ചതും ജാനുവിൻ്റെ നേതൃത്വത്തിലാണ്.

കുടിയേറ്റ ജനതയുടെ വോട്ട് നിർണായകമായ വയനാട്ടിൽ 2021ൽ ബത്തേരിയും കൽപറ്റയും യുഡിഎഫ് പിടിച്ചെങ്കിലും മാനന്തവാടി പരാജയപ്പെട്ടു. സിറ്റിങ് എംഎൽഎ ഒആർ കേളുവിനെ വീണ്ടും മത്സരിപ്പിക്കാനാണ് സിപിഎം ആലോചന. 2011ൽ സികെ ജാനുവിന് മാനന്തവാടി സീറ്റ് നൽകാമെന്ന് യുഡിഎഫ് അറിയിച്ചിരുന്നു. എന്നാൽ, സ്ഥാനാർഥി പ്രഖ്യാപനത്തിൻ്റെ അവസാനഘട്ടത്തിൽ ഒഴിവാക്കപ്പെട്ടു. ജാനുവിനൊപ്പം അസോസിയേറ്റ് അംഗമായ പിവി അൻവർ ആഴ്ചകൾക്ക് മുൻപ് തന്നെ ബേപ്പൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. യുഡിഎഫ് ഔദ്യോഗിക തീരുമാനം വരുന്നതിന് മുൻപ് അൻവർ ബേപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here