അമേരിക്കൻ സൈനിക താവളങ്ങൾ തകർക്കുമെന്ന് ഇറാൻ,

0
14

യുഎസിന് മുന്നറിയിപ്പുമായി ഇറാൻ. ആക്രമണമുണ്ടായാൽ അമേരിക്കൻ സൈനിക താവളങ്ങള്‍ തകർക്കുമെന്ന് മറുപടി. ആണവ കരാറിൽ ധാരണയിലെത്താനാകാത്ത സാഹചര്യത്തിൽ ഭീഷണിയുമായി ട്രംപ് എത്തയതിന് പിന്നാലെയാണ് ഇറാൻ്റെ പ്രതികരണം…

വാഷിങ്‌ടൺ: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ. സൈനിക ഭീഷണികളും ആക്രമണങ്ങളും അമേരിക്ക തുടരുകയാണെങ്കിൽ യുഎസ് സൈനിക താവളങ്ങളും മറ്റും ലക്ഷ്യം വയ്ക്കു‌മെന്ന് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി, യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, സുരക്ഷാ കൗൺസിൽ പ്രസിഡൻ്റ് എന്നിവർക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

15 ദിവസത്തിനുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ ഇറാന്‍ കനത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്‌ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാൻ്റെ പ്രതികരണം. യുഎസിൻ്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ അമേരിക്കൻ മേഖലയിലെ എല്ലാ സൈനിക താവളങ്ങളും ലക്ഷ്യം വയ്‌ക്കുമെന്നും തകർക്കുമെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം പശ്ചിമേഷ്യൻ തീരത്ത് അമേരിക്കയും സൈനിക സന്നാഹം ശക്തിപ്പെടുത്തിയിരിക്കുകയാണ്.

ഇറാന് നേരെ ആക്രമണമുണ്ടായാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിഗോ ഗാർഷ്യ സൈനിക താവളം അമേരിക്ക ഉപയോഗിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ആണവ കേന്ദ്രം വികസിക്കാനുള്ള ഇറാൻ പദ്ധതി തടയുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. അതിൻ്റെ ഭാഗമായി ട്രംപ് മിഡിൽ ഈസ്‌റ്റിലേക്ക് യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, മറ്റ് സൈനിക ആയുധങ്ങള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട്. യുദ്ധമോ ആക്രമണമോ നടന്നാൽ അതിൻ്റെ അനന്തരഫലം വളരെ മോശമായിരിക്കുമെന്നും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാകുമെന്നും അമീർ സയീദ് ഇറവാനി ചൂണ്ടിക്കാട്ടി.

യുഎസ് നടത്തുന്ന നിയമവിരുദ്ധ ഭീഷണികൾ ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്കയ്ക്ക് വീറ്റോ അധികാരമുള്ള യുഎൻ സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ നയതന്ത്ര പരിഹാരങ്ങൾ തേടുന്നതിലും തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ പരിഹരിക്കുന്നതിലും പ്രതിജ്ഞാബദ്ധമാണെന്നും കത്തിൽ പറയുന്നു. എന്നാൽ ആക്രമണം നടന്നാൽ തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം ഇറാന് നേരെ അമേരിക്കയുടെ സൈനിക ആക്രമണങ്ങൾ ഉണ്ടായാൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിൻ്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം ജനീവയിൽ നടന്ന അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെയാണ് ലാവ്‌റോവിൻ്റെ പ്രതികരണം. നേരത്തെ ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾ, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളെയാണ് ബാധിച്ചതെന്നും അതൊരു ആണവ ദുരന്തത്തിന് വഴിവയ്‌ക്കുമായിരുന്നുവെന്നും ലാവ്റോവ് അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇറാനിലുണ്ടായ ജനകീയ പ്രക്ഷോഭമാണ് പുതിയ പ്രശ്‌നങ്ങൾക്ക് കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here