കേരളത്തിലെ റെയില്‍ വികസനം; ഏഴ് പദ്ധതികളുടെ ഡിപിആറിന് അനുമതി നല്‍കി കേന്ദ്രം

0
56

കേരളത്തിലെ റെയില്‍വേയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന, അതിവേഗ ട്രെയിനുകള്‍ക്ക് വഴിയൊരുക്കുന്ന ഏഴു പദ്ധതികള്‍ക്ക് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കാന്‍ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിരുന്നതായി മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ അറിയിച്ചു. മണിക്കൂറില്‍ 160 കി.മി. വേഗതയില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന 7 പദ്ധതികള്‍ക്കു വേണ്ട ഡിപിആര്‍ ആണ് തയാറാക്കുന്നതെന്ന് ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു.

1 ഷൊര്‍ണൂര്‍ – മംഗലാപുരം (307 കിമി) മൂന്നും നാലും പാത

2 കോയമ്പത്തൂര്‍ – ഷൊര്‍ണൂര്‍ (99 കിമി) മൂന്നും നാലും പാത

3 ഷൊര്‍ണൂര്‍-എറണാകുളം (106 കിമി) മൂന്നാം പാത

4 കോട്ടയം- എറണാകുളം- കായംകുളം (115 കിമി) മൂന്നാം പാത

5 കായംകുളം-തിരുവനന്തപുരം (105 കിമി) മൂന്നാം പാത

6 തിരുവനന്തപുരം-നാഗര്‍കോവില്‍ (71 കിമി) മൂന്നാം പാത.

7 തുറവൂര്‍-അമ്പലപ്പുഴ (46 കിമി) പാത ഇരട്ടിപ്പിക്കല്‍.

ഇവയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംസ്ഥാന സര്‍ക്കാരുകളുമായും നിതി ആയോഗ്, ധനമന്ത്രാലയം എന്നവയുമായും ചര്‍ച്ച നടത്തിയ ശേഷമാകും പദ്ധതികള്‍ക്ക് അന്തിമാനുമതി നല്‍കുക.

സില്‍വര്‍ ലൈന്‍

അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനു വേണ്ടി (തിരുവനന്തപുരം- കാസര്‍കോട്) സംസ്ഥാന സര്‍ക്കാര്‍ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കാലാനുസൃതമായി മാറ്റാനും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിക്കാനും ബ്രോഡ്‌ഗേജാക്കാനും കവച് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താനും മറ്റും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. മറ്റു പല നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ സില്‍വര്‍ ലൈന്‍ കേരളത്തിന്റെ സ്വതന്ത്രമായ പദ്ധതി ആയിരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ബന്ധം.

കേരളത്തില്‍ കൂടുതല്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പാതകളുടെയും സിഗ്‌നലുകളുടെയും മറ്റും നവീകരണം നടത്തിവരികയാണ്. സുരക്ഷ ഉറപ്പാക്കാന്‍ പാളങ്ങളുടെ വെല്‍ഡിങ്ങ് പരമാവധി കുറയ്‌ക്കാന്‍ 260 മീറ്റര്‍ നീളമുള്ള പാളങ്ങളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here