ഈ എമർജൻസി ലാൻഡിങ് സൗകര്യം വ്യോമസേനയുടെ യുദ്ധവിമാനങ്ങൾക്കും യാത്രാ വിമാനങ്ങൾക്കും തന്ത്രപരവും ബഹുമുഖവുമായ റൺവേയായി പ്രവർത്തിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഗുവാഹത്തി: ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ എയർക്രാഫ്‌റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ ലാൻഡിങ്. വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ എമർജൻസി ലാൻഡിങ് സൗകര്യം (ഇഎൽഎഫ്) ഉദ്‌ഘാടനം ചെയ്‌തുകൊണ്ടായിരുന്നു മൊറാനിൽ പ്രധാനമന്ത്രിയുടെ ലാൻഡിങ്.
വടക്കുകിഴക്കൻ മേഖലയിലെ കണക്റ്റിവിറ്റിയും വികസനവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും ഉൾപ്പെടെയുള്ള ഉന്നത പരിപാടികൾക്കായാണ് പ്രധാനമന്ത്രി അസമിൽ എത്തിയത്.
ചബുവ വ്യോമതാവളത്തിൽ നിന്ന് സി-130ജെ എയർക്രിഫ്‌റ്റിൽ പറന്നുയർന്ന് മൊറാൻ ബൈപാസിലൂടെ നാഷണൽ ഹൈവേ-127 വഴി ഇഎൽഎഫിൽ വന്നിറങ്ങി. 40 മിനിറ്റ് നീണ്ട പറക്കലായിരുന്നു ഇവിടേയ്‌ക്ക്. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ സംവിധാനമാണ് ഇത്തരത്തിലുള്ള എമർജൻസി ലാൻഡിങ് സൗകര്യം. ഇഎൽഎഫ് 40 ടൺ വരെ ഭാരമുള്ള യുദ്ധവിമാനങ്ങളും 74 ടൺ വരെ പരമാവധി ടേക്ക്-ഓഫ് ഭാരമുള്ള വിമാനങ്ങളും കൈകാര്യം ചെയ്യാൻ ഇവിടം പ്രാപ്‌തമാണ്.
യുദ്ധവിമാനങ്ങൾ, മറ്റ് വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടുന്ന എയർഷോയ്‌ക്കും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. മൊറാൻ ബൈപാസിൽ വ്യോമസേനയുടെ സുഖോയ് എസ്‌യു-30എംകെഐ, ഡസോൾട്ട് റാഫേൽ എന്നിവയുൾപ്പെടെയുള്ള കരുത്തുറ്റ യുദ്ധവിമാനങ്ങൾ ഹൈവേയിൽ നിന്ന് ലാൻഡ് ചെയ്‌തു. അൻ്റോനോവ് എഎൻ-32 പോലുള്ള മറ്റ് വിമാനങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.
എച്ച്എഎൽ ധ്രുവ് അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററിൻ്റെ (എഎൽഎച്ച്) പ്രത്യേക ഹെലി-ബോൺ ഓപ്പറേഷനുകളും മാനുഷിക സഹായ, ദുരന്ത നിവാരണ (എച്ച്എഡിആർ) പ്രവർത്തനങ്ങളും പരിപാടിയിൽ പ്രദർശിപ്പിച്ചു. വിദൂര പ്രദേശങ്ങളിലും എത്തിച്ചേരാനാകാത്ത പ്രദേശങ്ങളിലും നിരീക്ഷണം, തെരച്ചിൽ, രക്ഷാപ്രവർത്തനം, മെഡിക്കൽ സഹായം, ഒഴിപ്പിക്കൽ, ഭക്ഷണം എയർഡ്രോപ്പ് എന്നിവയിലെ കഴിവുകളും ചൂണ്ടിക്കാട്ടി.
മൊറാനിലെ ജതിയാനിയിൽ 100 കോടി ചെലവിൽ നിർമ്മിച്ച 4.2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ സംവിധാനം ഐഎഎഫ് യുദ്ധവിമാനങ്ങൾക്കും യാത്രാവിമാനങ്ങൾക്കും തന്ത്രപരവും മൾട്ടി-ഫംഗ്‌ഷണൽ റൺവേയായി പ്രവർത്തിക്കും. വടക്കുകിഴക്കൻ മേഖലയിലെ ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പ്, ദുരന്ത പ്രതികരണ സംവിധാനം എന്നിവയെ ഇഎൽഎഫ് ഗണ്യമായി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
സൈനിക, സിവിൽ വിമാനങ്ങളുടെ ലാൻഡിങ്, ടേക്ക് ഓഫ് എന്നിവയെ പിന്തുണയ്ക്കുന്നതിനായി വ്യോമസേനയുമായി ഏകോപിപ്പിച്ചാണ് ഇഎൽഎഫ് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വടക്കുകിഴക്കൻ മേഖലയിലെ പ്രകൃതിദുരന്തങ്ങളോ തന്ത്രപരമായ ആവശ്യങ്ങളോ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ഉദ്യോഗസ്ഥരെ വേഗത്തിൽ വിന്യസിക്കാൻ പ്രാപ്‌തമാക്കുന്നു.
കൂടാതെ ഇഎൽഎഫ് അടിയന്തര ഘട്ടങ്ങളിൽ ദിബ്രുഗഡ് വിമാനത്താവളത്തിന് ഒരു ബദൽ ലാൻഡിങ് ഗ്രൗണ്ടായും പ്രവർത്തിക്കും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ, എയർ ചീഫ് മാർഷൽ എ പി സിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി മൊറാനിൽ നിന്ന് നേരെ ഗുവാഹത്തിയിലേക്ക് തിരിക്കും. അവിടെ ഗുവാഹത്തിയെ വടക്കൻ ഗുവാഹത്തിയുമായി ബന്ധിപ്പിക്കുന്ന കുമാർ ഭാസ്‌കർ ബർമ സേതു പാലം ഉദ്ഘാടനം ചെയ്യും. എക്‌സ്‌ട്രാഡോസ് പ്രെസ്ട്രെസ്‌ഡ് കോൺക്രീറ്റ് (PSC) ഉപയോഗിച്ച് നിർമിച്ച ടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ 6 വരി പാലമാണിത്. ഏകദേശം 3,030 കോടി രൂപ ചെലവഴിച്ചാണ് ഇതിൻ്റെ ഉദ്‌ഘാടനം പൂർത്തിയാക്കിയിരിക്കുന്നത്.
ഗുവാഹത്തിയെ ബന്ധിപ്പിക്കുന്നതിന് നിലവിലുള്ള സരായ്ഘട്ട് പാലത്തിന് ഒരു ബദലായി പ്രവർത്തിക്കുന്നതിനൊപ്പം രണ്ട് തീരങ്ങൾക്കുമിടയിലുള്ള യാത്രാ സമയം ഏകദേശം 7 മിനിറ്റായി കുറയ്ക്കുകയും ചെയ്യും.
അതിനുശേഷം അമിൻഗാവിൽ നിർമ്മിച്ച വടക്കുകിഴക്കൻ മേഖലയ്ക്കായുള്ള ദേശീയ ഡാറ്റാ സെൻ്ററും ഗുവാഹത്തിയിലെ ബൊംഗോറയിലുള്ള ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂ ഓഫ് മാനേജ്‌മെൻ്റിൻ്റെ താത്‌ക്കാലിക ക്യാമ്പസും ഉദ്ഘാടനം ചെയ്യും. പലാഷ്ബാരിയിലും IIM ക്യാമ്പസ് ഉദ്‌ഘാടനം ചെയ്യും. കൂടാതെ PM-eBus സേവാ പദ്ധതി പ്രകാരം 100 ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യും.
ഉച്ചയ്ക്ക് 2 മണിക്ക് ലച്ചിത് ഘട്ടിൽ നിന്ന് ഖാനപാരയിലേക്ക് പുറപ്പെടും. പിന്നീട് 2 മുതൽ 3 വരെ ഖാനപാരയിൽ നടക്കുന്ന ബിജെപിയുടെ ബൂത്ത് വിജയ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ ഏകദേശം 100,000 ബൂത്ത് തല പ്രവർത്തകരാണ് സമ്മേളനത്തിൽ പങ്കെടുക്കുക. പ്രധാനമന്ത്രി ബൂത്ത് വിജയ സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് പ്രവർത്തകരെ അഭിസംബോധന ചെയ്യും. തുടർന്ന് വൈകുന്നേരത്തോടുകൂടി പ്രധാനമന്ത്രി ന്യൂഡൽഹിയിലേക്ക് തിരിക്കും.





