ജീവിതശൈലി രോഗങ്ങളിൽ ബുദ്ധിമുട്ടുന്ന സൈനികർ വികലാംഗ പെൻഷന് അർഹരാണ്;

0
25

മുംബൈ: പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന സൈനികർക്ക് വികലാംഗ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി. രക്തസമ്മർദ്ദം, പ്രമേഹം, നട്ടെല്ല് തകരാറുകൾ എന്നിവ സൈനിക സേവനം മൂലമോ സൈനിക സേവനത്തിൻ്റെ ഫലമായോ വഷളാകുകയാണെങ്കിൽ ഇവ ‘ജീവിതശൈലി രോഗങ്ങളായി’ മുദ്രകുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

‘ഓപ്പറേഷൻ രക്ഷക്’, ‘ഓപ്പറേഷൻ പരാക്രമം’ എന്നീ സമയങ്ങളിൽ ലഡാക്ക്, മണിപ്പൂർ തുടങ്ങിയ മേഖലകളിൽ സേവനമനുഷ്‌ഠിച്ച ലെഫ്റ്റനൻ്റ് കേണൽ എസ് കെ റാത്തോഡ് നൽകിയ ഹർജിയിലാണ് വിധി പ്രസ്‌താവിച്ചത്. ഏകദേശം 23 വർഷം അദ്ദേഹം സൈനിക മേഖലകളിൽ ജോലി ചെയ്‌തു. 2003-ൽ ആരോഗ്യ കാരണങ്ങളാൽ അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും, അയോഗ്യനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു, ഒപ്പം പെൻഷനും നിഷേധിച്ചു.

ജീവിതശൈലിയുമായി ബന്ധപ്പെട്ട ഇത്തരം രോഗങ്ങൾ സാധാരണമാണെന്നും അതിനാൽ ഈ രോഗങ്ങളുള്ള സൈനിക വികലാംഗ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്നുമാണ് കേന്ദ്ര സർക്കാരും മെഡിക്കൽ ബോർഡും പറഞ്ഞത്.

കേന്ദ്ര സർക്കാരിൻ്റേയും മെഡിക്കൽ ബോർഡിൻ്റേയും ഈ അവകാശ വാദം സായുധ സേനാ ട്രൈബ്യൂണൽ നിരസിച്ചു. തീരുമാനത്തെ ചോദ്യം ചെയ്‌ത്കൊണ്ട് ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഇരുവശങ്ങളും കേട്ട ശേഷം, സൈനികർക്ക് ആശ്വാസം നൽകുന്ന ട്രൈബ്യൂണലിൻ്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. പ്രമേഹം പോലുള്ള സാധാരണ രോഗങ്ങൾ പോലും കരസേനയിലും നാവികസേനയിലും സേവനത്തെ തടസപ്പെടുത്തുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, വൈകല്യ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ രോഗ ബാധിതരായ ഉദ്യോഗസ്ഥർക്ക് അർഹതയുണ്ടെന്ന് കണ്ടെത്തി.

പെൻഷൻ ഒരു സർക്കാർ പാരിതോഷികമല്ല

പെൻഷൻ ഒരു സർക്കാർ പാരിതോഷികമല്ലെന്നും സൈനികർ രാജ്യത്തിന് നൽകിയ സേവനത്തിന് നൽകുന്ന സാമ്പത്തിക ഭദ്രതയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിരമിച്ചതിന് ശേഷം സൈനികർക്ക് സാമ്പത്തിക സ്ഥിരത ഇത് ഉറപ്പ് നൽകുന്നു. സൈനികരിൽ നിന്ന് പ്രമേഹം പോലുള്ള രോഗങ്ങൾ സേവനത്തിനിടെ ഉണ്ടായതാണ് എന്നതിനുള്ള തെളിവ് ആവശ്യപ്പെടുന്നത് യുക്തിരഹിതമാണെന്നും കോടതി പറഞ്ഞു.

സൈനിക സേവനത്തിടെയുണ്ടാകുന്ന വൈകല്യങ്ങൾ കണക്കിലെടുത്ത് നിശ്ചിത തുക നൽകുന്നതിനെയാണ് വൈകല്യ പെൻഷൻ എന്നു പറയുന്നത്. യുദ്ധത്തിലോ, കലാപവിരുദ്ധ പ്രവർത്തനങ്ങളിലോ, തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലോ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് മരണപ്പെട്ടയാൾ അവസാനം വാങ്ങിയ വേതനത്തിന് തുല്യമായ തുക നൽകും. ഉദാരവത്‌ക്കരിച്ച കുടുംബ പെൻഷനും ഇതിൽ ഉള്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here