ശൈത്യത്തിലും തളരാതെ തൊഴിലാളികള്‍; വയനാട് ടൗൺഷിപ്പ് അന്തിമഘട്ടത്തിലേക്ക്,

0
27

കോഴിക്കോട്: മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ താക്കോൽദാനം ഫെബ്രുവരിയിൽ നടക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ, പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള തത്രപ്പാടിലാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റി.

യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നതെന്ന് സി.ഒ.ഒ. അരുൺ ബാബു ഇ ടിവി ഭാരതിനോട് പറഞ്ഞു. നിർമ്മാണം അന്തിമഘട്ടത്തിലെത്തിയിട്ടുള്ള ഇരുന്നൂറോളം വീടുകളിൽനിന്ന്, ദുരന്തത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ട ഒന്നാം ഘട്ടത്തിലെ 178 ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ കൈമാറുക.

രണ്ട് ഷിഫ്റ്റുകളിലായി 1500-നടുത്ത് തൊഴിലാളികളാണ് വീടുനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ കഠിനമായ ശൈത്യം കാരണം ഇതരസംസ്ഥാന തൊഴിലാളികൾക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുമുണ്ട്. ദിവസവും ഇരുന്നൂറോളം തൊഴിലാളികൾ അവധിയിലാണ്. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള ലേബർ പ്രശ്നം നേരിട്ടുകൊണ്ടാണ് ജോലികൾ തീർക്കുന്നതെന്നും അരുൺ ബാബു പങ്കുവെച്ചു.

മാതൃകാ വീടുകളിൽനിന്ന് ഒരു മാറ്റവും വരുത്താതെയാണ് മറ്റുള്ള വീടുകളും ഉയരുന്നത്. ബ്ലോക്ക് വർക്കുകൾ പൂർത്തിയായ വീടുകളുടെ പ്ലാസ്റ്ററിങ്, പെയിന്‍റിങ്, ടൈൽ വർക്കുകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഫെബ്രുവരി 20-ഓടെ വീടുകൾ പൂർണ്ണസജ്ജമാക്കും. പട്ടയം, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, വൈദ്യുതി കണക്ഷൻ, കുടിവെള്ള കണക്ഷൻ എന്നീ സൗകര്യങ്ങളോടുകൂടിയാകും ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുക. മുഖ്യമന്ത്രിയുടെ സമയം കൂടി ലഭ്യമായാൽ 20-ന് ശേഷം ഏതു ദിവസവും ഉദ്ഘാടനം നടക്കുമെന്നും അരുൺ ബാബു പറഞ്ഞു.

മന്ത്രി ഒ ആര്‍ കേളുവിന്‍റെ നേതൃത്വത്തിലുള്ള സംഘം വയനായ് ടൗണ്‍ഷിപ്പ് നിര്‍മാണസ്ഥലം സന്ദര്‍ശിക്കുന്നു

ആദ്യഘട്ട പുനരധിവാസത്തിൽ ഗുണഭോക്താക്കൾക്കുള്ള വീടുകൾ തിരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെയായിരിക്കും. ഗുണഭോക്താക്കൾ നേരിട്ടെത്തി തങ്ങൾക്ക് ലഭിക്കേണ്ട വീടുകൾ നറുക്കെടുപ്പിലൂടെ തന്നെ തിരഞ്ഞെടുക്കും. നറുക്കെടുപ്പിലൂടെ ലഭിക്കുന്ന വീടുകളുടെ നമ്പർ അപ്പോൾ തന്നെ ഗുണഭോക്താവിന്‍റെ പേരിൽ അടയാളപ്പെടുത്തും. പിന്നീട് മാറ്റം അനുവദിക്കില്ല. ജനുവരി 31-ന് മേപ്പാടി ഇ.എം.എസ്. ഹാളിൽ നടക്കുന്ന നറുക്കെടുപ്പിന് 178 ഗുണഭോക്താക്കളും അവരുടെ കൈവശമുള്ള എല്ലാ രേഖകളോടും കൂടി എത്തിച്ചേരണം.

ടൗൺഷിപ്പിലെ ബാക്കി വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നതനുസരിച്ച് മേയ് മാസത്തോടെ രണ്ടാം ഘട്ട പുനരധിവാസമായി അർഹരായ ഗുണഭോക്താക്കൾക്ക് അനുവദിക്കും. പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു കൽപ്പറ്റ ടൗൺഷിപ്പിലെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി.

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരത്തോടെ കൈമാറുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനകം തന്നെ 289 വീടുകളുടെ വാർപ്പ് പൂർത്തിയായിട്ടുണ്ട്. കൂടാതെ, ദുരന്തബാധിതരുടെ 18.75 കോടി രൂപയുടെ ബാങ്ക് കടങ്ങൾ സർക്കാർ ഏറ്റെടുക്കുമെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here