ഒളിമ്പിക്‌സ് താരവും രാജ്യസഭാ എംപിയുമായ പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

0
20

തിക്കോടി പെരുമാൾപുരത്തെ ‘ഉഷസ്’ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള പെരുമാൾപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

കോഴിക്കോട്: ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷൻ പ്രസിഡൻ്റും രാജ്യസഭാ എംപിയു മായ ഡോ. പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ (64) അന്തരിച്ചു. ഇന്ന് (ജനുവരി 30) പുലർച്ചെ ഒരു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. തിക്കോടി പെരുമാൾപുരത്തെ ‘ഉഷസ്’ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള പെരുമാൾപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവ സമയത്ത് ഭാര്യ ഉഷ വീട്ടിൽ ഉണ്ടായിരുന്നില്ല. പാർലമെൻ്റ് സമ്മേളനത്തിലായിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം ഉഷ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്‌കാര സമയം നിശ്ചയിച്ചിട്ടില്ല. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിൽ നാരായണൻ്റെയും സരോജിനിയുടെയും മകനാണ് ശ്രീനിവാസൻ. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്‌പിയുമായിരുന്നു. 1991ൽ ആണ് അകന്ന ബന്ധുവായിരുന്ന പി ടി ഉഷയുമായുള്ള വിവാഹം. മകൻ ഡോ. ഉജജ്വൽ വിഗ്നേഷ് ആണ്.

2002 മെയ് 29 ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്‌സ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച കാലം മുതൽ സ്‌കൂളിൻ്റെ പ്രധാന പ്രവർത്തനങ്ങളിലൊക്കെ ശ്രീനിവാസൻ സജീവമായിരുന്നു. തുടക്കത്തിൽ കൊയിലാണ്ടിയിലെ വാടകക്കെട്ടിടത്തിലാണ് 12 വിദ്യാർഥികളുമായി ഇത് പ്രവർത്തിച്ചിരുന്നത്. പിന്നീട് കോഴിക്കോട് ജില്ലയിലെ ബാലുശേരിക്കടുത്ത് കിനാലൂരിലുള്ള സ്വന്തം ക്യാമ്പസിലേക്ക് പ്രവർത്തനം മാറ്റുകയായിരുന്നു.

രാജ്യാന്തര നിലവാരമുള്ള കായികതാരങ്ങളെ വാർത്തെടുക്കുക, പ്രത്യേകിച്ച് ഒളിമ്പിക്‌സ് മെഡൽ ലക്ഷ്യമിട്ട് പെൺകുട്ടികൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകുക എന്നതാണ് ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്‌സിൻ്റെ പ്രധാന ലക്ഷ്യം. കേരള സർക്കാർ നൽകിയ 30 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ നിർമ്മിച്ച എട്ട് ലെയിൻ സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്. 57-ാമത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇൻ്റർ-കോളീജിയറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 2025-26 ഉൾപ്പെടെ വിവിധ ദേശീയ/സംസ്ഥാന മീറ്റുകളിൽ ഈ സ്‌കൂളിൽ നിന്നുള്ള താരങ്ങൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here