നടുവേദനയും സന്ധിവേദനയും അകറ്റാം; പ്രതീക്ഷയായി റീജനറേറ്റീവ് മെഡിസിൻ

0
33

ന്ധികൾക്ക് വേദന തുടങ്ങുമ്പോഴാണ് പലരും അതിനെക്കുറിച്ച് ചിന്തിക്കുക. പടികൾ കയറുമ്പോഴുള്ള കാൽമുട്ടുവേദനയും ഏറെനേരം ഇരിക്കുമ്പോഴുള്ള നടുവേദനയും ശരീരത്തിൻ്റെ മുന്നറിയിപ്പുകളാണ്. പതിറ്റാണ്ടുകളായി തടസമില്ലാതെ പ്രവർത്തിക്കുന്ന ശരീരം പെട്ടെന്ന് പരാതികൾ പറയാൻ തുടങ്ങും. ഇത്തരം ഓർത്തോപീഡിക് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി റീജനറേറ്റീവ് മെഡിസിൻ എന്ന നൂതന ചികിത്സാ രീതി ശ്രദ്ധനേടുകയാണ്.

പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ്, ലിഗമെൻ്റ് പരിക്കുകൾ, വിട്ടുമാറാത്ത സന്ധിവേദന, നട്ടെല്ലിലെ തേയ്മാനം തുടങ്ങിയവ ഇന്ന് അത്‌ലറ്റുകളിലും ഓഫിസ് ജീവനക്കാരിലും സാധാരണമാണ്. വേദനസംഹാരികൾ, ഫിസിയോതെറാപ്പി, കുത്തിവയ്പ്പുകൾ എന്നിവയാണ് ഇതിനുള്ള പരമ്പരാഗത ചികിത്സ. ഇത് ഫലപ്രദമായില്ലെങ്കിൽ ഒടുവിൽ ശസ്ത്രക്രിയയിലേക്ക് കടക്കും. ഇതിന് പകരമായി ശരീരം സ്വയം രോഗശാന്തി വരുത്താൻ സഹായിക്കുന്ന റീജനറേറ്റീവ് മെഡിസിൻ ഇന്ന് ലഭ്യമാണ്.

പുതിയ പ്രതീക്ഷ
ഓർത്തോപീഡിക് രോഗികൾക്ക് റീജനറേറ്റീവ് മെഡിസിൻ വലിയ സാധ്യതകളാണ് നൽകുന്നതെന്ന് മുംബൈ സ്റ്റെംആർഎക്സ് ആശുപത്രി സ്ഥാപകനും ഗവേഷകനുമായ ഡോ. പ്രദീപ് മഹാജൻ വ്യക്തമാക്കി. തരുണാസ്ഥികൾക്കും ലിഗമെൻ്റുകൾക്കും മികച്ച രക്തയോട്ടം ഇല്ലാത്തതിനാൽ കേടുപാടുകൾ എളുപ്പത്തിൽ സുഖപ്പെടില്ല. ഇത് സ്ഥിരമായ വേദനയ്ക്ക് കാരണമാകും. ഈ അവസ്ഥയിൽ കേവലം ലക്ഷണങ്ങളെ മാറ്റുന്നതിന് പകരം കോശങ്ങളുടെ തലത്തിൽ തന്നെ രോഗശാന്തി നൽകാൻ പുതിയ ചികിത്സയ്ക്ക് കഴിയും.

രോഗിയുടെ സ്വന്തം രക്തത്തിൽ നിന്നോ കോശങ്ങളിൽ നിന്നോ വേർതിരിച്ചെടുക്കുന്ന സ്റ്റെം സെല്ലുകൾ, വളർച്ചാ ഘടകങ്ങൾ, എക്സോസോമുകൾ, പ്ലേറ്റ്‌ലെറ്റ്-റിച്ച് ഫൈബ്രിൻ (പിആർഎഫ്), പ്ലേറ്റ്‌ലെറ്റ്-റിച്ച് പ്ലാസ്മ (പിആർപി) എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇവ വേദനയുള്ള ഭാഗത്ത് നൽകുന്നതിലൂടെ നീർക്കെട്ട് കുറയ്ക്കാനും വേഗത്തിൽ രോഗശാന്തി നേടാനും സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. മസ്തിഷ്കത്തിൻ്റെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവർത്തനത്തിനും എക്സോസോമുകൾ സുപ്രധാനമാണ്. കോശവളർച്ചയെ സഹായിക്കുന്ന എൻജിഎഫ്, ബിഡിഎൻഎഫ്, വിഇജിഎഫ് തുടങ്ങിയ ഘടകങ്ങളും ചികിത്സയിൽ നിർണായകമാണ്. രോഗിയുടെ രക്തത്തിൽ നിന്നുള്ള പിആർഎഫ് ഒരു സ്വാഭാവിക പിന്തുണയായി പ്രവർത്തിക്കുകയും നീർക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു.

കോശങ്ങളുടെ പവർഹൗസുകളായ മൈറ്റോകോൺ‌ഡ്രിയ മാറ്റിവയ്ക്കുന്ന രീതിയും ശ്രദ്ധേയമാണ്. റിമോട്ടിലെ പഴയ ബാറ്ററി മാറ്റുന്നതുപോലെ കോശങ്ങൾക്ക് പുതിയ ഊർജം നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്. പിആർപി തെറാപ്പിയും സമാനമായ രീതിയിൽ പ്രവർത്തിക്കുന്നു. എന്നാൽ വിട്ടുമാറാത്ത രോഗങ്ങളിൽ ഇതിൻ്റെ ദീർഘകാല ഫലപ്രാപ്തി ഇനിയും ഉറപ്പാക്കേണ്ടതുണ്ട്.

പഠന റിപ്പോർട്ടുകൾ
ക്ലിനിക്കൽ ഓർത്തോപീഡിക്സ് ആൻഡ് ട്രോമ എന്ന ജേണലിൽ 2025ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് അസ്ഥിമജ്ജ, കൊഴുപ്പ് കലകൾ, പൊക്കിൾക്കൊടി രക്തം എന്നിവയിൽ നിന്നുള്ള മെസെൻചൈമൽ സ്റ്റെം സെല്ലുകൾക്ക് (എംഎസ്‌സി) കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ വലിയ കഴിവുണ്ട്. കോശമാറ്റിവയ്ക്കൽ ഇല്ലാതെ തന്നെ മികച്ച ഫലം നൽകാൻ ഇത്തരം തെറാപ്പികൾക്ക് കഴിയും. പിആർപിക്കൊപ്പം ഹൈലൂറോണിക് ആസിഡ് അല്ലെങ്കിൽ സ്റ്റെം സെല്ലുകൾ സംയോജിപ്പിച്ചു നൽകുന്നത് കാൽമുട്ടിലെ ആർത്രൈറ്റിസിനും മറ്റും മികച്ച ഫലം നൽകുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ മെഡിസിനും ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത ചികിത്സകൾ പരാജയപ്പെടുമ്പോഴാണ് ഇത്തരം രീതികൾ പരിഗണിക്കുന്നത്.

ചികിത്സയ്ക്ക് മുമ്പ് അറിയാൻ
റീജനറേറ്റീവ് മെഡിസിൻ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയായതിനാൽ രോഗികൾ ജാഗ്രത പാലിക്കണം. പുതിയ ചികിത്സയ്ക്ക് മുമ്പ് പരിചയസമ്പന്നരായ ഡോക്ടർമാരെ കണ്ട് കൃത്യമായ ഉപദേശം തേടേണ്ടതുണ്ട്. ഓരോ രോഗിയുടെയും ആരോഗ്യനിലയും ലക്ഷ്യങ്ങളും വിലയിരുത്തിയ ശേഷമേ ചികിത്സ തീരുമാനിക്കാവൂ. വേഗത്തിലുള്ളതും ഉറപ്പുള്ളതുമായ രോഗശാന്തി വാഗ്ദാനം ചെയ്യുന്ന ക്ലിനിക്കുകളുടെ പരസ്യങ്ങളിൽ വഞ്ചിതരാകരുത്. എല്ലാ ഓർത്തോപീഡിക് പ്രശ്നങ്ങളും ഒറ്റയടിക്ക് മാറ്റാനോ വാർധക്യം തടയാനോ കഴിയുന്ന മാന്ത്രിക വിദ്യയല്ല ഇത്. മറിച്ച് ശരീരത്തിൻ്റെ സ്വാഭാവിക രോഗശാന്തി പ്രക്രിയയെ സഹായിക്കുന്ന മികച്ച മാർഗമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here