തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്ത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടിപ്പിച്ച് അധികൃതർ.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ പെയ്യും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഓറഞ്ച് അലർട്ട്
- കോഴിക്കോട്
- കണ്ണൂർ
- കാസർകോട്
യെല്ലോ അലർട്ട്
- ആലപ്പുഴ
- എറണാകുളം
- ഇടുക്കി
- തൃശ്ശൂർ
- പാലക്കാട്
- മലപ്പുറം
- വയനാട്
തീവ്ര ന്യൂനമർദ്ദം
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദം രൂപപെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യത. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
-
കേരള തീരങ്ങളിലും അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
മോന്ത ചുഴലിക്കാറ്റ് തീരം തൊടും
അതേസമയം, അതിതീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് രൂപപ്പെട്ട ‘മോന്ത’ (Montha) ചുഴലിക്കാറ്റ് നാളെ (ഒക്ടോബർ 28) തീരം തൊടുമെന്നും അധികൃതർ അറിയിച്ചു. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്‌തു. ഒഡിഷ, ആന്ധ്ര തീരത്ത് ഒക്ടോബർ 28ന് കര തൊടുമെന്നാണ് പ്രതീക്ഷ.







