പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 1,400 രൂപയാണ്. അതേസമയം ഒരു ഗ്രാമിന് 175 രൂപ വർധിച്ച് 13,355 രൂപയായി.
സംസ്ഥാനത്തെ സ്വർണ വിലയിൽ റെക്കോഡ് കുതിപ്പ്. പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 1,400 രൂപ. ഇതോടെ ഒരു പവന് 1,06,840 രൂപയായി. അതേസമയം ഒരു ഗ്രാമിന് 175 രൂപ വർധിച്ച് 13,355 രൂപയായി. കഴിഞ്ഞ ദിവസം പവന് 1,05,440 രൂപയായിരുന്നു വില.
ഗ്രീൻലാൻഡ് വിഷയം ആഗോള തലത്തിൽ ആളിക്കത്തുന്നതിന് ഇടയിലാണ് സ്വർണ വില കുതിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വില ഉയരുന്നത് തുടരാനാണ് സാധ്യത. ഇടയ്‌ക്ക് സ്വർണ വിലയിൽ ഇടിവ് സംഭവിച്ചിരുന്നെങ്കിലും ഒരു ലക്ഷത്തിൽ തന്നെ തുടരുകയായിരുന്നു.
സാധാരണ പണിക്കൂലിയുടെ അഞ്ച് ശതമാനമാണ് മിക്ക ജ്വല്ലറികളും ഈടാക്കുക. എന്നാല്‍ ചെറുകിട ജ്വല്ലറികളില്‍ ഇതിനേക്കാള്‍ തുക ഉയരാം. സ്വര്‍ണം വാങ്ങാനെത്തുന്നവർ പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്‌ടിയായി നല്‍കണം. ഇന്ന് സ്വര്‍ണ വില കുതിച്ച് ഉയര്‍ന്നത് ആഭരണ പ്രേമികളെയും വിവാഹ പാർട്ടികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വില കൂടിയ സാഹചര്യത്തില്‍ ഇന്ന് ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏകദേശം 1,30,000 രൂപ വരെ നല്‍കേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്‍റെ പണിക്കൂലി, ഹോള്‍ മാര്‍ക്ക് ചാര്‍ജ്, ജിഎസ്‌ടി എന്നിവ അടക്കം വരുമ്പോള്‍ വലിയൊരു തുക നല്‍കേണ്ടി വരും. ഇത് ഉപഭോക്താക്കളെ തൊല്ലൊന്നുമല്ല വലയ്‌ക്കുന്നത്.
2026 ജനുവരിയിലെ ആദ്യ രണ്ടാഴ്‌ച കേരളത്തിലെ സ്വർണ വിലയിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. ജനുവരി ഒന്നിന് 99,040 രൂപ രേഖപ്പെടുത്തിയ സ്വർണം ചൊവ്വാഴ്‌ച 1,04,520 എന്ന റെക്കോഡ് ഉയരം തൊട്ടു. 2025 ഡിസംബർ അവസാനത്തോടെ തന്നെ സ്വർണ വില ഒരു ലക്ഷം രൂപ കടന്നിരുന്നു.
വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുന്ന സാഹചര്യത്തില്‍ അഡ്വാന്‍സ് ബുക്കിങ്ങാണ് ഏറ്റവും മികച്ചൊരു മാര്‍ഗം. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി അഡ്വാന്‍സ് ബുക്കിങ് എടുക്കുക. സ്വര്‍ണം വാങ്ങാന്‍ ഉദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ വിലയെ അടിസ്ഥാനമാക്കിയാകും നിങ്ങളില്‍ നിന്ന് വില ഈടാക്കുക. ഇനി ബുക്ക് ചെയ്‌ത ദിവസത്തേക്കാള്‍ വില കുറയുകയാണെങ്കില്‍ ബുക്കിങ് ചെയ്‌തവര്‍ക്ക് അന്നത്തെ വിലയിലും സ്വര്‍ണം വാങ്ങാം.
സ്വര്‍ണ വില കൂടാനുള്ള പ്രധാന കാരണങ്ങള്‍
കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഇനിയും പലിശ കുറയ്ക്കാനുള്ള സാധ്യതകളാണ് സ്വർണ വിലയെ ആഗോളതലത്തിൽ റെക്കോഡ് ഉയരത്തില്‍ നിലനിർത്തുന്നത്. ലാഭമെടുപ്പ് സമ്മർദമുണ്ടെങ്കിലും വിലയിൽ സാരമായ ഇടിവിന് അത് പര്യാപ്‌തമായിട്ടില്ല. ഇറാൻ-അമേരിക്ക, റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതും സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഡോളർ-രൂപ നിരക്കിലെ വ്യതിയാനം, സ്വർണത്തിൻ്റെ രാജ്യാന്തര വിലയിലുണ്ടായ വർധനവ് എന്നിവയാണ് സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍. പുതിയ യുദ്ധ സാഹചര്യം ഉടലെടുത്തത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ താരിഫ് നടപടികളും കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.






