ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച വിപ്ലവകരമായ കാർഷിക പദ്ധതി ഭാരത് വിസ്താർ ചൊവ്വാഴ്ച ലോഞ്ച് ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കർഷകർക്ക് അവരുടെ മാതൃഭാഷയിൽ ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്ന മൾട്ടിലിംഗ്വൽ പ്ലാറ്റ്ഫോമാണിത്.
ജയ്പൂരിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ എന്നിവർ ചേർന്നാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.
എന്താണ് ഭാരത് വിസ്താർ ?
കർഷകർക്ക് മൊബൈൽ ഫോൺ വഴിയോ ലളിതമായ ഒരു ഫോൺ കോളിലൂടെയോ കാർഷിക വിവരങ്ങൾ അറിയാൻ സാധിക്കുന്ന ഡിജിറ്റൽ സംവിധാനമാണിത്. ഇതിലെ എഐ അസിസ്റ്റന്റിന് ഭാരതി എന്നാണ് പേര് നൽകിയിരിക്കുന്നത്. 155261 എന്ന നമ്പറിൽ വിളിച്ച് കർഷകർക്ക് 24 മണിക്കൂറും സഹായം തേടാം.
പ്രധാന സേവനങ്ങൾ
- കാർഷിക നിർദ്ദേശങ്ങൾ: വിള ആസൂത്രണം, കൃഷിരീതികൾ, കീടനാശിനികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ലഭ്യമാകും.
- കാലാവസ്ഥാ മുന്നറിയിപ്പ്: ഓരോ പ്രദേശത്തെയും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും വിപണി നിലവാരത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കും.
- സർക്കാർ പദ്ധതികൾ: പിഎം കിസാൻ, പിഎം ഫസൽ ബീമാ യോജന, സോയിൽ ഹെൽത്ത് കാർഡ്, കിസാൻ ക്രെഡിറ്റ് കാർഡ് തുടങ്ങി പത്തോളം കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള അറിവും അപേക്ഷാ വിവരങ്ങളും പരാതി പരിഹാര മാർഗങ്ങളും ഇതിലൂടെ അറിയാം.
ഡിജിറ്റൽ കൃഷിയിലേക്ക് ഒരു ചുവടുവെപ്പ്
കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും കൃഷിയിലെ നഷ്ടസാധ്യതകൾ കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഐസിഎആർ നൽകുന്ന ശാസ്ത്രീയ നിർദ്ദേശങ്ങളും അഗ്രിസ്റ്റാക്ക് പോർട്ടലിലെ വിവരങ്ങളും സംയോജിപ്പിച്ചാണ് ഈ എഐ ടൂൾ പ്രവർത്തിക്കുന്നത്.
2026-27 യൂണിയൻ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഇത്.കാർഷിക മേഖലയിലെ ഡിജിറ്റൽ വിപ്ലവത്തിന് ഈ പദ്ധതി വലിയ ഊർജ്ജം പകരുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.








