കോൺഗ്രസിൻ്റെ വിജയോത്സവം ഇന്ന്; ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി കൊച്ചിയിൽ

0
80

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ രാഹുൽ ഗാന്ധി നേരിട്ട് അഭിനന്ദിക്കും. നിയമസഭാ തയാറെടുപ്പുകളുടെ ഉദ്ഘാടനം കൂടിയാണിതെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.

എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊച്ചിയിൽ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി). കോണ്‍ഗ്രസിൻ്റെ വിജയോത്സവം രാഹുൽ ഗാന്ധി ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് പരിപാടിയുടെ ഉദ്ഘാടനം നടക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ രാഹുൽ ഗാന്ധി നേരിട്ട് അഭിനന്ദിക്കുമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു. വാർഡ് തലം മുതൽ കോർപ്പറേഷൻ മേയർ തലം വരെ കോൺഗ്രസിനെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാവരും വരുന്നു. കേരള തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും വലിയ വിജയമായിരുന്നു എന്നും ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മാധ്യമത്തോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി വേണുഗോപാൽ, മറ്റ് പാർട്ടി നേതാക്കൾ എന്നിവർ മഹാപഞ്ചായത്തിൻ്റെ ഭാഗമാകും. കൊച്ചിയിലെത്തിയ ശേഷം രാഹുൽ ഗാന്ധി, മലയാള എഴുത്തുകാരിയും സാഹിത്യ നിരൂപകയുമായ എം ലീലാവതിയുടെ കളമശേരിയിലെ വസതി സന്ദർശിക്കും. തുടർന്ന് കെപിസിസിയുടെ പ്രിയദർശിനി സാഹിത്യ അവാർഡ് ലീലാവതിക്ക് സമ്മാനിക്കും.

ശേഷം മറൈൻ ഡ്രൈവിലെ മഹാപഞ്ചായത്ത് പരിപാടി ഉദ്‌ഘാടനം ചെയ്യുമെന്നും കോൺഗ്രസ് പ്രസ്‌താവനയിൽ അറിയിച്ചു. അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അനൗദ്യോഗിക തുടക്കമാണ് മഹാപഞ്ചായത്ത് എന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ പറഞ്ഞു.

2025 ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ പൊതുജനങ്ങൾ നിരാകരിച്ചതായി കണ്ടു. തെരഞ്ഞെടുപ്പിനെ ഒരു ജനഹിത പരിശോധന അല്ലെങ്കിൽ സർക്കാരിൻ്റെ പ്രകടനത്തിൻ്റെ വിലയിരുത്തൽ ആയി കാണണമെന്ന് മുഖ്യമന്ത്രി തന്നെ ആദ്യം പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ ഫലങ്ങൾ അവർക്കെതിരെ പ്രതികൂലമായ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാണിച്ചു.

സംസ്ഥാനത്തുടനീളം പരമ്പരാഗത ഇടതു കോട്ടകൾ പൊളിച്ചുമാറ്റി. യുഡിഎഫിൻ്റെ പ്രകടനത്തെ ചരിത്രപരമാണ്. ജനങ്ങളുടെ ശക്തി, അധികാരത്തിലിരിക്കുന്നവരേക്കാൾ ശക്തമാണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്ത്യൻ യൂണിയൻ മുസ്‌ലീം ലീഗിൻ്റെ (IUML) പിന്തുണയോടെ ഐക്യ ജനാധിപത്യ മുന്നണിക്കുള്ളിലെ കൂട്ടായ നേതൃത്വമാണ് ഈ വിജയ കുതിപ്പിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here