ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 2.61 കൂടി, 12 ദിവസത്തിനിടെ കൂട്ടിയത് 8 രൂപ

0
13

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ഇന്ന് 2.61 രൂപയും, ഡ‍ീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. എട്ട് രൂപയാണ് ഈ കാലയളവിൽ ഉയർത്തിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 113.61 രൂപയും ഡീസലിന് 102.52 രൂപയുമായി. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 102.12 രൂപയും ഡീസൽ വില ലിറ്ററിന് 95. 20 രൂപയുമാണ്. കഴിഞ്ഞ ദിവസം പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നിലെയാണ് ഇന്ന് വില വീണ്ടും ഉയർത്തിയത്.



പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ നീളുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നതാണ് രാജ്യത്തെ വില വർധനവിന് കാരണമെന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. ഇന്ധനവില 20 രൂപയോളം വർധിപ്പിക്കണമെന്ന സമ്മർദം ഇന്ത്യൻ ഓയിൽ കോർപറേഷൻ അടക്കമുള്ള പൊതുമേഖലാ കമ്പനികൾ കേന്ദ്രസർക്കാരിന് മേൽ ചെലുത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വരുംദിവസങ്ങളിൽ ഇന്ധനവില വീണ്ടും ഘട്ടംഘട്ടമായി ഉയർത്താനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

അതേസമയം, ആഗോള വിപണയില്‍ എണ്ണ വില ഇടിഞ്ഞു. ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 98.22 ഡോളറിലെത്തി. വിലയിൽ 5.1 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക- ഇറാന്‍ ചർച്ചകള്‍ തുടരുന്നതിനിടെയാണ് എണ്ണ വിലയിലെ ഇടിവ്.

തുടർച്ചയായുണ്ടാകുന്ന വിലവർധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. പൊതുഗതാഗത ചെലവുകൾ വർധിക്കുന്നതിലേക്കും ഇത് നയിച്ചേക്കും. ഡീസൽ വില വധനവ് ചരക്കുകൂലി കൂട്ടാനും ഇത് പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും കാരണമായേക്കും.



ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ വില ഉയർന്നതും രൂപയുടെ മൂല്യം ദുർബലമായതും എണ്ണ വിപണന കമ്പനികളുടെ ഇറക്കുമതി ചെലവ് വർദ്ധിപ്പിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ആവർത്തിച്ചുള്ള വില വർധനവ്.

LEAVE A REPLY

Please enter your comment!
Please enter your name here