ശ്രീനഗർ: അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ അഭിമാന പദ്ധതിയായ സോജില തുരങ്കത്തിൻ്റെ നിർമാണം നിർണായക ഘട്ടത്തിലേക്ക്. കശ്മീരിനും കാർഗിലിനും ഇടയിലുള്ള സോജില തുരങ്കത്തിൻ്റെ അവസാന ബ്രേക്ക്ത്രൂ സ്ഫോടനം ഇന്ന്.
സമുദ്രനിരപ്പിൽ നിന്ന് 11,600 അടിയിലധികം ഉയരത്തിൽ നടക്കുന്ന ഈ സുപ്രധാന നാഴികക്കല്ലിൻ്റെ സ്ഫോടന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അധ്യക്ഷത വഹിക്കും. കാർഗിൽ കേന്ദ്രഭരണ പ്രദേശത്തുള്ള തുരങ്കത്തിൻ്റെ കിഴക്കൻ കവാടത്തിൽ അദ്ദേഹം എത്തും. 2020 ഒക്ടോബർ മുതൽ നിർമാണത്തിലിരിക്കുന്ന ഈ ബൃഹത്തായ പദ്ധതി പൂർത്തിയാകുന്നതോടെ ശ്രീനഗർ-ലേ ഹൈവേ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന പാതയായി മാറും.
13.153 കിലോമീറ്ററിലധികം നീളമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ സിംഗിൾ ബൈ-ഡയറക്ഷണൽ തുരങ്കം ഉയർന്ന പർവത പാതയെ മറികടക്കുകയും ലഡാക്കിനെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി വർഷം മുഴുവനും ബന്ധിപ്പിക്കുകയും ചെയ്യും. പ്രതികൂല കാലാവസ്ഥ കാരണം ശൈത്യകാലത്ത് ലഡാക്ക് ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ് ഈ തുരങ്കം.
പാകിസ്ഥാൻ, ചൈന അതിർത്തികളിലേക്ക് പോകുന്ന സൈനികർക്ക് വേഗത്തിലും സുരക്ഷിതമായും സഞ്ചരിക്കാൻ ഇത് വഴിയൊരുക്കും. 2020ൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈനികരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെയാണ് തന്ത്രപ്രധാനമായ ഈ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കിയത്.
‘ബ്രേക്ക്ത്രൂ സ്ഫോടനം’ (Breakthrough blast).
ഒരു മലയോ പാറയോ തുരന്ന് പാത നിർമിക്കുമ്പോൾ, സാധാരണയായി രണ്ട് ഭാഗത്ത് നിന്നും ഒരേസമയം തുരന്നാണ് പണികൾ പുരോഗമിക്കുന്നത്. ഇങ്ങനെ രണ്ട് ഭാഗത്ത് നിന്നും തുരന്നുവരുന്ന പാതകൾ തമ്മിൽ കൂട്ടിമുട്ടുന്നതിനെ അല്ലെങ്കിൽ തുരങ്കത്തിൻ്റെ അവസാനത്തെ പാറക്കെട്ട് പൊട്ടിച്ച് പുറത്തേക്ക് വഴി തുറക്കുന്നതിനെയാണ് ‘ബ്രേക്ക്ത്രൂ’ എന്ന് വിളിക്കുന്നത്.
ഈ അവസാനത്തെ പാറക്കെട്ട് പൊട്ടിച്ചു മാറ്റുന്നതിനായി നടത്തുന്ന നിയന്ത്രിതമായ സ്ഫോടനത്തെയാണ് ‘ബ്രേക്ക്ത്രൂ സ്ഫോടനം’ എന്ന് പറയുന്നത്. ഈ സ്ഫോടനം നടക്കുന്നതോടെ തുരങ്കത്തിൻ്റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് പൂർണമായും വഴി തുറക്കപ്പെടും. അതായത്, തുരങ്കത്തിൻ്റെ ഖനന ജോലികൾ (Excavation) പൂർത്തിയായി എന്ന് ഇതിലൂടെ ഉറപ്പിക്കാം. തുടർന്ന് റോഡ് നിർമാണം, വെളിച്ചം, വായുസഞ്ചാരം തുടങ്ങിയ മറ്റ് പണികളിലേക്കാണ് കടക്കുക. ഒരു തുരങ്ക നിർമാണ പദ്ധതിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നാഴികക്കല്ലാണ് ഈ ഘട്ടം.
സൈന്യത്തിനും സാധാരണക്കാർക്കും ആശ്വാസം
ശൈത്യകാലത്ത് മഞ്ഞുവീഴ്ച കാരണം ഗതാഗതം തടസപ്പെടുന്നത് സൈന്യത്തിനും സാധാരണക്കാർക്കും വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ തന്ത്രപ്രധാനമായ അതിർത്തി ഇടനാഴിയിൽ പ്രവർത്തനക്ഷമതയും ലോജിസ്റ്റിക്സ് തയ്യാറെടുപ്പും ശക്തിപ്പെടുത്താൻ ഈ തുരങ്കം സഹായിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അടിസ്ഥാന സൗകര്യ പദ്ധതി എന്നതിലുപരി ദേശീയ കണക്റ്റിവിറ്റിയും സുരക്ഷാ ആസ്തിയും എന്ന നിലയിലുള്ള ഇതിൻ്റെ പങ്ക് അടിവരയിടുന്നതാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (MEIL) ആണ് തുരങ്കം നിർമിക്കുന്നത്. ദുർബലമായ ഹിമാലയൻ പർവതനിരകൾക്ക് അനുയോജ്യമായ ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് (NATM) ഉപയോഗിച്ചാണ് നിർമാണം.
സോജില ടണൽ പദ്ധതിയുടെ നിർണായക നിമിഷമാണ് അവസാന ബ്രേക്ക്ത്രൂ എന്ന് എംഇഐഎൽ എക്സിക്യൂട്ടീവ് പറഞ്ഞു. പ്രതികൂലമായ ഹിമാലയൻ പരിതസ്ഥിതിയിൽ ഇന്ത്യയിലെ ഏറ്റവും സങ്കീർണമായ ഗതാഗത അടിസ്ഥാന സൗകര്യങ്ങളിലൊന്ന് വിജയകരമായി നടപ്പിലാക്കിയതിൻ്റെ തെളിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയിലെ സുപ്രധാന പുരോഗതിക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ലഡാക്ക് എംപി ഹനീഫ ജാൻ അഭിനന്ദിച്ചു. ഇതിന് തന്ത്രപരമായ പ്രാധാന്യമുണ്ടെന്നും അതേസമയം ലഡാക്കിന് വലിയ ആശ്വാസവും പ്രയോജനവും നൽകുമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. കുട്ടിക്കാലം മുതൽ തുരങ്കം വേണമെന്ന ആവശ്യം കേൾക്കുന്നുണ്ടെന്നും, തുരങ്കം ബ്രേക്ക്ത്രൂ ഘട്ടത്തിലെത്തുമ്പോൾ ജനങ്ങൾക്കിടയിലുള്ള സന്തോഷവും ആവേശവും പറഞ്ഞറിയിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രപരമായ നാഴികക്കല്ല്
അവസാന ബ്രേക്ക്ത്രൂ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ചരിത്രത്തിലെ ഒരു ചരിത്രപരമായ നാഴികക്കല്ലാണെന്ന് എംഇഐഎൽ എക്സിക്യൂട്ടീവ് വിശേഷിപ്പിച്ചു. ഖനനം പൂർത്തിയായതോടെ, കശ്മീരിനും ലഡാക്കിനുമിടയിൽ തടസങ്ങളില്ലാത്ത എല്ലാ കാലാവസ്ഥാ കണക്റ്റിവിറ്റിയും എന്ന ദീർഘകാല ലക്ഷ്യം കൈവരിക്കുന്നതിലേക്ക് പദ്ധതി കൂടുതൽ അടുക്കുകയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇത് മൊബിലിറ്റി, സാമ്പത്തിക സംയോജനം, തന്ത്രപരമായ പ്രതിരോധം എന്നിവയിൽ ദീർഘകാല നേട്ടങ്ങൾ കൊണ്ടുവരുമെന്നും അവർ വ്യക്തമാക്കി.
വർഷത്തിൽ മൂന്ന് മാസത്തിലധികം മൈനസ് 30 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള കൊടുംതണുപ്പിനെ അതിജീവിച്ചാണ് 1,200 ലധികം ജീവനക്കാർ ദേശീയ പ്രാധാന്യമുള്ള ഈ അഭിമാന പദ്ധതിയുടെ നിർമാണം ഇടവേളകളില്ലാതെ മുന്നോട്ട് കൊണ്ടുപോയതെന്ന് എംഇഐഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പദ്ധതി പ്രദേശത്ത് അഞ്ച് വലിയ മഞ്ഞിടിച്ചിലുകൾ ഉണ്ടായി. ഇത് യന്ത്രങ്ങൾക്കും ഉപകരണങ്ങൾക്കും വർക്ക്ഷോപ്പിനും കേടുപാടുകൾ വരുത്തി. 2023 ജനുവരി 12ന് മഞ്ഞിടിച്ചിലിൽ കുടുങ്ങിയ 172 ലധികം തൊഴിലാളികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ സോജില പാസ് കടക്കാനുള്ള യാത്രാസമയം നിലവിലെ മൂന്ന് മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയും.





